Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘അസമിലെ പാറ്റകൾ തുടങ്ങിയിട്ടേയുള്ളൂ’; ഹിമന്ത ബിശ്വ ശർമക്കെതിരെ സിജെപി നേതാവ് അശുതോഷ് റാങ്ക

text_fields
bookmark_border
CJP Protest
cancel

ഗുവാഹത്തി: അസമിൽ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനത പാർട്ടി സഹകൺവീനർ അശുതോഷ് റാങ്ക. പൊലീസ് കസ്റ്റഡി നിയമവിരുദ്ധമാണെന്ന് ആരോപിച്ച അ​ശുതോഷ് റാങ്ക അസമിലെ സി.ജെ.പിയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുമെന്ന് പറഞ്ഞു.

‘അസമിലെ കോക്രോച്ചുകൾ ഇപ്പോൾ തുടങ്ങിയിട്ടേയുള്ളൂ’ എന്നായിരുന്നു അശുതോഷ് റാങ്കയുടെ പരാമർശം. പൊലീസ് കസ്റ്റഡിയിൽനിന്ന് മോചിതനായതിന് പിന്നാലെയായിരുന്നു പ്രതികരണം.

ഞായറാഴ്ച ഗുവാഹത്തിയിൽ സി.ജെ.പിയുടെ പ്രാദേശിക വോളന്റിയർ യോഗത്തിന് മുന്നോടിയായാണ് അശുതോഷ് റാങ്കയെയും 40ലേറെ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അസം ജാതീയ പരിഷദ് നേതാവ് കുങ്കി ചൗധരിയുടെ വസതിയിൽ യോഗത്തിനായി എത്തിയ സംഘത്തെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ഗുവാഹത്തിയിലെ കഹിലിപാരയിലുള്ള പത്താം അസം പൊലീസ് ബറ്റാലിയൻ ആസ്ഥാനത്തേക്ക് കൊണ്ടുപോയത്.

കസ്റ്റഡിയിൽ എടുക്കാനുള്ള കാരണം ചോദിച്ചപ്പോൾ പൊലീസിന് വ്യക്തമായ മറുപടി നൽകാനായില്ലെന്നും ‘മുകളിൽനിന്ന് ഉത്തരവുണ്ട്’ എന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നും അശുതോഷ് റാങ്ക ആരോപിച്ചു. പിന്നീട് തങ്ങളെയും മറ്റ് പ്രവർത്തകരെയും വിട്ടയച്ചതായി അദ്ദേഹം അറിയിച്ചു. നിയമപരമായ നോട്ടീസ് നൽകുകയോ ഏത് വകുപ്പുകൾ പ്രകാരമാണ് കസ്റ്റഡിയിലെടുത്തതെന്ന് അറിയിക്കുകയോ ചെയ്തില്ലെന്ന ആരോപണവും സി.ജെ.പി നേതാക്കൾ ഉന്നയിച്ചു.

‘പൊലീസ് തന്നെയും സംഘത്തെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് അവരോട് ചോദിച്ചു. പക്ഷേ പൊലീസ് പറഞ്ഞത് അവർക്ക് അറിയില്ലെന്നും മുകളിൽ നിന്ന് ഉത്തരവുകൾ ലഭിച്ചിട്ടുണ്ടെന്നുമാണ്’ -മോചിതനായ ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ അശു​തോഷ് റാങ്ക പറഞ്ഞു. അതേസമയം, കസ്റ്റഡിയിലായവർക്കെതിരെ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല.

അസമിലെ സർക്കാർ സ്കൂളുകളുടെ അവസ്ഥ, കസിരംഗയിലെ തദ്ദേശീയ ജനങ്ങളുടെ അവകാശങ്ങൾ, നിയോജകമണ്ഡല പുനർനിർണയം തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യാനായിരുന്നു പദ്ധതിയെന്ന് അശുതോഷ് റാങ്ക പറഞ്ഞു. കസിരംഗയിലെ ഭൂമി, വനങ്ങൾ, ജലസ്രോതസുകൾ എന്നിവ കോർപറേറ്റുകൾക്ക് കൈമാറുന്നുവെന്ന ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.

‘മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ പാറ്റകളെ ഭയപ്പെടുന്നു. പൊലീസിനെ ഉപയോഗിച്ച് ഞങ്ങളെ ഭീഷണിപ്പെടുത്തുന്നു. ശരിയായ കാര്യങ്ങൾക്കുവേണ്ടി പോരാടിയ സുബീൻ ഗാർഗിന്റെ നാടാണിതെന്ന് അദ്ദേഹം മറക്കുന്നു. ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളുകളും യുവാക്കൾക്ക് ജോലിയും വേണം’ അശുതോഷ് റാങ്ക പറഞ്ഞു. ഡൽഹിയിൽ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചെയ്ത തെറ്റ് ഹിമന്ത ബിശ്വ ശർമ്മ ആവർത്തിച്ചുവെന്നും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുടനീളം സി.ജെ.പിയുടെ പ്രസ്ഥാനം കൂടുതൽ ശക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CJP Leader Challenges Himanta After Detention
Next Story