സിജെപി നേതാവ് അശുതോഷ് റാങ്കയും സംഘവും അസമിൽ കസ്റ്റഡിയിൽ; ‘സ്കൂളുകളുടെ യാഥാർഥ്യം പുറത്തുവരുമെന്ന് ഭയപ്പെടുന്നു’വെന്ന് നേതാക്കൾ
text_fieldsഗുവാഹത്തി: അസം സന്ദർശനത്തിനിടെ കോക്രോച്ച് ജനത പാർട്ടി കോ കൺവീനർ അശുതോഷ് റാങ്കയെയും പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെ ദിസ്പൂരിലാണ് സംഭവം.
അസം സെക്രട്ടേറിയറ്റിന് സമീപം പാർട്ടിയുടെ ആദ്യ പ്രാദേശിക വോളന്റിയർ യോഗം നടത്താനിരിക്കെയാണ് പൊലീസ് നടപടി. പരിപാടി നടക്കേണ്ടിയിരുന്ന സ്ഥലത്തേക്ക് പ്രവർത്തകർ എത്തുന്നതിനിടെയാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അശുതോഷ് റാങ്ക, അങ്കിത് ഭരദ്വാജ്, പ്രേം ആകാശ് എന്നിവരുൾപ്പെടെയുള്ള സി.ജെ.പി നേതാക്കളെയും അസം ആസ്ഥാനമായുള്ള വളണ്ടിയർമാരെയും കസ്റ്റഡിയിലെടുത്ത് ഗുവാഹത്തിയിലെ പൊലീസ് കേന്ദ്രത്തിലേക്ക് മാറ്റിയതായി സി.ജെ.പി നേതാക്കൾ പറഞ്ഞു.
അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്ക് സംസ്ഥാനത്തെ സ്കൂളുകളുടെ യഥാർഥ അവസ്ഥ പുറത്തുവരുമെന്ന ആശങ്കയുണ്ടെന്ന് അശുതോഷ് റാങ്ക ആരോപിച്ചു. സ്കൂളുകൾ സന്ദർശിച്ച് അവിടുത്തെ സ്ഥിതിഗതികൾ രേഖപ്പെടുത്താനും വോളന്റിയർമാരുമായി കൂടിക്കാഴ്ച നടത്താനുമായിരുന്നു സംഘത്തിന്റെ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.
അസമിലെ സ്കൂളുകളുടെ യാഥാർഥ്യം പുറത്തുകൊണ്ടുവന്നാൽ, രാജ്യത്തിന് സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിലെ അവസ്ഥ മനസ്സിലാകുമെന്ന് അശുതോഷ് റാങ്ക ആരോപിച്ചു. കാസിരംഗയിലെ ജനങ്ങളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതായും ഭൂമി, വനങ്ങൾ, ജലസ്രോതസ്സുകൾ എന്നിവ കോർപറേറ്റുകൾക്ക് കൈമാറുന്നതായും അദ്ദേഹം ആരോപിച്ചു.
അസമിലെത്തുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്തെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തുമെന്നും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയുമായിബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുമെന്നും അശുതോഷ് റാങ്ക പറഞ്ഞിരുന്നു. സംസ്ഥാനത്തെ സ്കൂളുകൾ സന്ദർശിച്ച് അവിടുത്തെ സാഹചര്യങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരവും ഉത്തരവാദിത്തവും ലക്ഷ്യമിട്ടാണ് സി.ജെ.പിയുടെ പ്രവർത്തനമെന്നും അസമിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സംഘടനക്ക് പിന്തുണ വർധിക്കുന്നുണ്ടെന്നും റാങ്ക അവകാശപ്പെട്ടിരുന്നു.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കുന്ന കാമ്പയിന് സി.ജെ.പി തുടക്കം കുറിച്ചിരുന്നു. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഝാർഖണ്ഡ്, രാജസ്ഥാൻ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ പരിശോധന നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

