'മാധ്യമങ്ങൾ കാണിച്ചത് ഉത്തരവാദിത്തമില്ലായ്മ'; വിദ്യാർഥി പ്രക്ഷോഭ കേസ് പരിഗണിക്കാൻ വിസമ്മതിച്ചെന്ന വാർത്ത തള്ളി ചീഫ് ജസ്റ്റിസ് സുര്യകാന്ത്
text_fieldsചീഫ് ജസ്റ്റിസ് സുര്യകാന്ത്
ന്യൂഡൽഹി: വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരായ പൊലീസ് നടപടിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി പരിഗണിക്കാൻ വിസമ്മതിച്ചെന്ന മാധ്യമവാർത്തകൾ പൂർണ്ണമായും തെറ്റാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുര്യകാന്ത്. വിഷയത്തിൽ സുപ്രീം കോടതിയിൽ റിട്ട് ഹർജികളൊന്നും തന്നെ സമർപ്പിക്കപ്പെട്ടിരുന്നില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ്, മാധ്യമങ്ങൾ കാണിച്ചത് ഉത്തരവാദിത്തമില്ലായ്മയാണെന്ന് തുറന്നടിച്ചു. ഇന്ന് കോടതി നടപടികൾ ആരംഭിച്ചപ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിർണ്ണായക പ്രതികരണം.
നിയമപരമായ രീതിയിൽ ഹരജി ഫയൽ ചെയ്യുന്നതിന് പകരം ഒരു അഭിഭാഷകൻ നൽകിയ കത്ത് മാത്രമാണ് തന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. യാതൊരുവിധ ഔദ്യോഗിക ഫയലിംഗും ഇല്ലാതെ എത്തുന്ന വെറുമൊരു നിവേദനം റിട്ട് ഹർജിയായി പരിഗണിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. യാഥാർത്ഥ്യം മനസ്സിലാക്കാതെ ഇത്തരം വാർത്തകൾ നൽകുന്നത് തികച്ചും "ഉത്തരവാദിത്തമില്ലാത്തതും അശ്രദ്ധവുമായ" സമീപനമാണെന്നും അദ്ദേഹം വിമർശിച്ചു.
"ഒരു വിഷയം സുപ്രീം കോടതിയിൽ ഫയൽ ചെയ്തുവെന്ന തരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തികച്ചും വ്യാജമായ പ്രസ്താവനകളാണ് പ്രചരിക്കുന്നത്. വിഷയം പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു എന്ന രീതിയിലാണ് മാധ്യമങ്ങൾ യാതൊരു ഉത്തരവാദിത്തവുമില്ലാതെ റിപ്പോർട്ട് ചെയ്തത്. ഇന്ന് രാവിലെ 10 മണി വരെ ഈ വിഷയത്തിൽ ഒരു പേജ് പോലും കോടതിയിൽ ഫയൽ ചെയ്തിരുന്നില്ല. അഡ്വ. മിശ്ര എന്നൊരാൾ അയച്ച ഒരു കത്ത് മാത്രമായിരുന്നു അത്. അത്തരമൊരു നിവേദനം ഞാൻ എങ്ങനെയാണ് ഒരു റിട്ട് ഹർജിയായി പരിഗണിക്കുക? ജനങ്ങൾ യാതൊരു ഉത്തരവാദിത്തവുമില്ലാതെയാണ് ഇത് റിപ്പോർട്ട് ചെയ്യുന്നത്," ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. മറ്റൊരു കേസിന്റെ കാര്യങ്ങൾ പരാമർശിക്കാനായി മുതിർന്ന അഭിഭാഷകൻ ഷോയിബ് ആലം എത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്.
ജൂലൈ 22-നായിരുന്നു അഭിഭാഷകനായ നരേന്ദ്ര മിശ്ര വിദ്യാർഥി പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയെക്കുറിച്ച് ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ കാര്യം കോടതിയിൽ വാമൊഴിയായി ഉന്നയിച്ചത്. എന്നാൽ അന്ന് വിഷയം പരിഗണിക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ്, "ഞങ്ങളുടെ സമയവും താങ്കളുടെ സമയവും വെറുതെ കളയരുത്" എന്ന് ഓർമ്മിപ്പിക്കുകയായിരുന്നു. പൊലീസ് നടപടിയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോകൾ തന്റെ പക്കലുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കിയപ്പോഴും, "വീഡിയോകൾ കാണാൻ ഞങ്ങൾക്ക് താല്പര്യമില്ല, അതിനുള്ള സമയം ഞങ്ങളുടെ പക്കലില്ല" എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെ സമർപ്പിക്കുന്ന കത്തുകൾ ഹരജിയായി പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ നൽകുന്നതിൽ മാധ്യമങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശിച്ചു.
ഡൽഹിയിൽ വിദ്യാർഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് സൂചിപ്പിച്ച അഭിഭാഷകനോട്, ‘ഞങ്ങളുടെയും നിങ്ങളുടെയും സമയം കളയരുത്’ എന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ ലാത്തിച്ചാർജിന്റെയും അതിക്രമങ്ങളുടെയും ദൃശ്യങ്ങൾ കൈവശമുണ്ടെന്നും അത് പരിശോധിക്കണമെന്നും ഹരജിക്കാരൻ അഭ്യർത്ഥിച്ചെങ്കിലും കോടതി അത് നിരസിക്കുകയായിരുന്നു. സുപ്രീം -കോടതിക്ക് പുറമെ, ഡൽഹി ഹൈക്കോടതിയും വിഷയത്തിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ചിരുന്നു. ഡൽഹി ഹൈകോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി അടിയന്തരമായി പരിഗണിക്കാൻ തയാറാകാതിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

