ബൈക്ക് കസ്റ്റഡിയിലെടുത്തതിന് പ്രതികാരം; പൊലീസിന് നേരെ മുളകുപൊടി എറിഞ്ഞു, സംഘം ചേർന്ന് ആക്രമണം
text_fieldsന്യൂഡൽഹി: രേഖകളില്ലാത്ത വാഹനം പിടിച്ചെടുത്തിനെ തുടർന്നുണ്ടായ തർക്കത്തിൽ ഡൽഹിയിലെ പൊലീസ് ഉദ്യോഗസ്ഥർക്കു നേരെ ക്രൂരമായ ആക്രമണം. മുളകുപൊടിയെറിഞ്ഞും കല്ലും വടികളും ഉപയോഗിച്ചും സംഘം ചേർന്ന് നടത്തിയ അക്രമത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30ഓടെ മുകുന്ദ്പൂരിലെ ജനതാ വിഹാറിലായിരുന്നു സംഭവം. ഡൽഹിയിലെ ഭൽസ്വ ഡയറി പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾമാരായ ദിനേശ്, രാജേഷ്, ടിനു എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ഉൾപ്പെട്ട 17 വയസ്സുകാരനെയടക്കം നിരവധിപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
നിശ്ചിത രേഖകളില്ലാതെ ഓടിച്ച മോട്ടോർ സൈക്കിൾ പട്രോളിങ്ങിനിടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് മാറ്റിയ ശേഷം പൊലീസ് ഉദ്യോഗസ്ഥർ തിരികെയെത്തിയപ്പോഴായിരുന്നു ആക്രമണം. ഉടമയും കുടുംബാംഗങ്ങളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ തടഞ്ഞുനിർത്തുകയും കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കല്ലും വടികളും ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഹെഡ് കോൺസ്റ്റബിൾ ടിനുവിനും മർദനമേറ്റു. തലയ്ക്ക് പരിക്കേറ്റ ദിനേശ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചികിത്സയിലാണ്.
സംഭവത്തിൽ ഉൾപ്പെട്ട പ്രധാന പ്രതി സുനിൽ എന്ന പങ്കജ് ഒളിവിലാണ്. ഇയാൾ പ്രദേശത്തെ സ്ഥിരം കുറ്റവാളിയാണെന്നും എൻ.ഡി.പി.എസ്, ആംസ് ആക്ട്, ബലാത്സംഗം എന്നിവയുൾപ്പെടെ അഞ്ചോളം കേസുകളിൽ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി. അക്രമത്തിൽ പങ്കാളികളായ മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ഭൽസ്വ ഡയറി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

