എസ്.ഐ.ആറിൽ പാർലമെന്റിൽ ചർച്ചയാകാം; ഒടുവിൽ പ്രതിപക്ഷത്തിന്റെ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: അതിതീവ്ര വോട്ടർ പട്ടിക പരിഷ്‍കരണത്തെ(എസ്.ഐ.ആർ)കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ. എപ്പോൾ ഈ വിഷയം ചർച്ച ചെയ്യണമെന്നതിനെ കുറിച്ച് ഹൗസ് ബിസിനസ് അഡ്വൈസറി കൗൺസിൽ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. ഈ മാസം ഒമ്പതിന് പാർലമെന്റിൽ ചർച്ചയാകാമെന്നാണ് അഡ്വൈസറി കൗൺസലിന്റെ നിലപാട്.
കേരളം, പശ്ചിമ ബംഗാൾ, തമിഴ്നാട് സംസ്ഥാനങ്ങളാണ് നിലവിൽ എസ്.ഐ.ആറിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തങ്ങളുടെ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്ന നടപടിയാണ് എസ്.ഐ.ആർ എന്നാണ് ഈ സംസ്ഥാനങ്ങളുടെ ആരോപണം.
ബിഹാറിലാണ് ആദ്യമായി എസ്.ഐ.ആർ നടന്നത്. എസ്.ഐ.ആറിനു ശേഷം ബിഹാറിൽ എൻ.ഡി.എ വൻ വിജയമാണ് നേടിയത്. എസ്.ഐ.ആർ വഴി വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടത്തിയാണ് എൻ.ഡി.എയുടെ വിജയമെന്നാണ് പ്രതിപക്ഷ കക്ഷികൾ ഉന്നയിച്ച ആരോപണം.
എസ്.ഐ.ആറിനെതിരായ തർക്കം ഒടുവിൽ സുപ്രീംകോടതിയിലും എത്തി. എന്നാൽ തെരഞ്ഞെടുപ്പ് കമീഷന് അനുകൂലമായി എസ്.ഐ.ആർ തുടരാമെന്നായിരുന്നു സുപ്രീംകോടതി വിധി.
തിങ്കളാഴ്ചയാണ് പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങിയത്. എസ്.ഐ.ആർ ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധത്തോടെയും സ്തംഭനത്തോടെയും പാർലമെൻറിെന്റ ശീതകാല സമ്മേളനത്തിന് തുടക്കമായത്. മൂന്ന് തവണ നിർത്തിവെച്ച ലോക്സഭ പൂർണമായും സ്തംഭിപ്പിച്ച പ്രതിപക്ഷം രാജ്യസഭയിൽ പുതിയ ചെയർമാെന്റ ആദ്യ ദിനത്തിൽ പ്രതിഷേധം ഇറങ്ങിപ്പോക്കിലൊതുക്കി.
രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്ര പാർലമെൻററികാര്യ മന്ത്രി കിരൺ റിജിജുവും തമ്മിൽ കൊമ്പുകോർത്തു. കാര്യോപദേശക സമിതിയിൽ തീരുമാനമായില്ലെന്നുപറഞ്ഞ് സർക്കാർ എസ്.ഐ.ആർ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ലോക്സഭ 11.30ന് നിർത്തിവെച്ചു. തുടർന്ന് 12 മണിക്കും രണ്ട് മണിക്കും സമ്മേളിക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു. ഒടുവിലാണ് എസ്.ഐ.ആറിൽ ചർച്ചയാകാമെന്ന ആവശ്യത്തിനു മുന്നിൽ കേന്ദ്രസർക്കാർ വഴങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

