പാർലമെൻറ് ശീതകാല സമ്മേളനത്തിന് തുടക്കം എസ്.ഐ.ആറിൽ പ്രതിഷേധവും സ്തംഭനവും
text_fieldsന്യൂഡൽഹി: വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണം (എസ്.ഐ.ആർ) ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് പ്രതിഷേധത്തോടെയും സ്തംഭനത്തോടെയും പാർലമെൻറിെന്റ ശീതകാല സമ്മേളനത്തിന് തുടക്കം. മൂന്ന് തവണ നിർത്തിവെച്ച ലോക്സഭ പൂർണമായും സ്തംഭിപ്പിച്ച പ്രതിപക്ഷം രാജ്യസഭയിൽ പുതിയ ചെയർമാെന്റ ആദ്യ ദിനത്തിൽ പ്രതിഷേധം ഇറങ്ങിപ്പോക്കിലൊതുക്കി.
ഇറങ്ങിപ്പോക്കിനുമുമ്പ് രാജ്യസഭാ പ്രതിപക്ഷ നേതാവ് കൂടിയായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്ര പാർലമെൻററികാര്യ മന്ത്രി കിരൺ റിജിജുവും തമ്മിൽ കൊമ്പുകോർത്തു. കാര്യോപദേശക സമിതിയിൽ തീരുമാനമായില്ലെന്നുപറഞ്ഞ് സർക്കാർ എസ്.ഐ.ആർ ചർച്ച അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെ ലോക്സഭ 11.30ന് നിർത്തിവെച്ചു. തുടർന്ന് 12 മണിക്കും രണ്ട് മണിക്കും സമ്മേളിക്കാൻ നടത്തിയ ശ്രമവും പരാജയപ്പെട്ടു.
‘‘തരംതാണ കളി’’
പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുള്ള തരംതാണ രാഷ്ട്രീയക്കളിക്ക് പാർലമെൻറിനെ ഉപയോഗിക്കരുതെന്ന് മല്ലികാർജുൻ ഖാർഗെ രാജ്യസഭയിൽ സർക്കാറിനെ ഓർമിപ്പിച്ചു. എസ്.ഐ.ആറിന്റെ കാര്യത്തിൽ പ്രതിപക്ഷം കൈക്കൊണ്ട തീരുമാനം ഏതെങ്കിലും ഒരു പാർട്ടിയുടേതെല്ല, ഒറ്റക്കെട്ടായി എടുത്തതാണെന്നും ഖാർഗെ തുടർന്നു.
ഖാർഗെയെ ശരിവെക്കുന്ന തരത്തിൽ തൃണമൂൽ കോൺഗ്രസ് രാജ്യസഭാ കക്ഷി നേതാവ് ഡെറിക് ഒബ്റേനും സി.പി.എം രാജ്യസഭാ കക്ഷി നേതാവ് ജോൺ ബ്രിട്ടാസും ഒരേ സ്വരത്തിൽ ചർച്ച ആവശ്യപ്പെട്ടു. തുടർന്ന് രാജ്യസഭ ചെയർമാൻ സി.പി. രാധാകൃഷ്ണൻ ഇക്കാര്യത്തിൽ സർക്കാർ നിലപാട് ആരാഞ്ഞു.
മറുപടി നൽകിയ കേന്ദ്ര മന്ത്രി കിരൺ റിജിജു ചർച്ചക്ക് ഒരുക്കമല്ലെന്ന് സർക്കാർ പറഞ്ഞിട്ടില്ലെന്നും എന്നാൽ, സമയം പിന്നീട് പറയാമെന്നും അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. ബിഹാർ എസ്.ഐ.ആർ ചർച്ച ചെയ്യാമെന്നുപറഞ്ഞ് വഞ്ചിച്ച സർക്കാറിനെ വിശ്വസിക്കാൻ തയാറല്ലെന്ന് പ്രഖ്യാപിച്ച് ഖാർഗെയുടെ നേതൃത്വത്തിൽ തെലങ്കാനയിലെ ബി.ആർ.എസ്, ആന്ധ്ര പ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ്, ഒഡിഷയിലെ ബിജു ജനതാദൾ, ജമ്മു-കശ്മീർ നാഷനൽ കോൺഫറൻസ് തുടങ്ങിയവർ ഒഴികെയുള്ള പ്രതിപക്ഷം ഇറങ്ങിപ്പോയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

