സെൻസസ് രണ്ടു ഘട്ടങ്ങളിൽ; ഭവന കണക്കെടുപ്പ് അടുത്ത വർഷം; ജനസംഖ്യ സെൻസസ് 2027 ഫെബ്രുവരിയിൽ
text_fieldsrepresentation image
ന്യൂഡൽഹി: 2027ലെ ജനസംഖ്യ സെൻസസ് നടപടികൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2026 ഏപ്രിൽ മുതൽ രണ്ടു ഘട്ടങ്ങളിലായി സെൻസസ് പൂർത്തിയാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലോക്സഭയെ അറിയിച്ചു. ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് ഉത്തരമായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് സെൻസസ് നടപടികൾ വിശദീകരിച്ചത്.
2026 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലാണ് ഒന്നാം ഘട്ടം. രണ്ടാം ഘട്ടം 2027 ഫെബ്രുവരിയിലും നടപ്പാക്കും. 30 ദിവസം നീണ്ടു നിൽക്കുന്ന സെൻസസ് മാർച്ച് ഒന്ന് വരെ നീണ്ടു നിൽക്കും.
അടുത്ത വർഷം നടക്കുന്ന ഒന്നാം ഘട്ടത്തിൽ വീടുകളുടെ കണക്കെടുപ്പായിരിക്കും നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ ജനസംഖ്യാ കണക്കെടുപ്പ് (പോപ്പുലേഷൻ എന്യൂമറേഷൻ) നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ജനസംഖ്യാ സെൻസസിനൊപ്പം ജാതി സർവേയും പൂർത്തിയാക്കുമെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. സെൻസസ് നടപടികൾക്കുള്ള ചോദ്യാവലികളെല്ലാം ഇതിനകം തയ്യാറാക്കി കഴിഞ്ഞു. വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സംഘടനകൾ, സെൻസസ് ഡാറ്റ ഉപയോക്താക്കൾ എന്നിവരിൽ നിന്നുള്ള നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് സെൻസസ് ചോദ്യാവലി അന്തിമമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മുൻകാല സെൻസസുകളുടെ തുടർച്ചയായി, വിവിധ ഘടകങ്ങൾ ഉൾകൊണ്ടാവും പുതിയ സെൻസസ് നടപടികളും ആരംഭിക്കുന്നതെന്ന് വിവിധ ചോദ്യങ്ങൾക്കുള്ള ഉത്തരമായി മന്ത്രി വിശദീകരിച്ചു.
മഞ്ഞു വീഴ്ചയുള്ള സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമായ ലഡാക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരഖണ്ഡ് എന്നിവടങ്ങളിൽ ജനസംഖ്യ കണക്കെടുപ്പ് 2026 സെപ്റ്റംബറിൽ പൂർത്തിയാക്കും.
ഡിജിറ്റൽ മാർഗങ്ങളിലൂടെയാവും സെൻസസ് നടപ്പാക്കുന്നത്. ഇതിനായി മൊബൈൽ ആപ്ലിക്കേഷനുകൾ വഴി ഡാറ്റ ശേഖരിക്കും. രാജ്യത്തെ 16ാം സെൻസസാണ് 2027ൽ നടപ്പാക്കാനൊരുങ്ങുന്നത്. സ്വതന്ത്ര ഇന്ത്യയിലെ എട്ടാമത്തെയും.
ചരിത്രത്തിലെ ഏറ്റവും വിശാലമായ സെൻസസ് നടപടികൾക്കാണ് കേന്ദ്രം ഒരുങ്ങുന്നത്. 2027 സെൻസസ് എന്നാണ് പേരെങ്കിലും അടുത്ത വർഷം മുതൽ കണക്കെടുപ്പ് ആരംഭിക്കും. വീടുകളും കെട്ടിടങ്ങളും ഉൾപ്പെടുത്തി നടക്കുന്ന ഒന്നാം ഘട്ടത്തിൽ ഡിജിറ്റൽ ലേ ഔട്ട് മാപ്പിങ്ങ് ഉപയോഗിച്ച് ജിയോ ടാഗ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

