ആപിന് ആത്മവിശ്വാസമേകി ഉപതെരഞ്ഞെടുപ്പ് ഫലം
text_fieldsഉപതെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന ആപ് നേതാക്കളായ സൗരഭ് ഭരദ്വാജ്, സഞ്ജയ് സിങ് തുടങ്ങിയവർ
ന്യൂഡല്‍ഹി: ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ അപ്രസക്തമാകുമെന്ന് കരുതിയ ആം ആദ്മി പാർട്ടിക്ക് (ആപ്) ആത്മവിശ്വാസമേകി ഗുജറാത്ത്, പഞ്ചാബ് ഉപതെരഞ്ഞെടുപ്പ് ഫലം. മത്സരിച്ച രണ്ട് സീറ്റിലും ആപ് സ്ഥാനാർഥികൾക്ക് വിജയിക്കാനായി.
നിലമ്പൂരിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ വിസാവദർ, കഡി, പഞ്ചാബിൽ ലുധിയാന വെസ്റ്റ്, പശ്ചിമബംഗാളിലെ കാലിഗഞ്ച് മണ്ഡലങ്ങളിലെ ഫലമാണ് തിങ്കളാഴ്ച പുറത്തുവന്നത്. വിസവദറിലും ലുധിയാന വെസ്റ്റിലുമാണ് ആപ് സഥാനാർഥികളുടെ വിജയം.
2027ൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചാബിലും ഗുജറാത്തിലും വിജയിക്കാനായത് ആപിന് കൂടുതൽ ഊർജം നൽകും. നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് മുമ്പുള്ള സെമി ഫൈനൽ ഫലമാണിതെന്നും നിയമസഭ തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂലമായി സുനാമി ഉണ്ടാകുമെന്നും ആപ് ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
വിസാവദർ ആപ് എം.എൽ.എ ഭൂപേന്ദ്രഭായ് ഗണ്ടുഭായ് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ്. 2015ലെ പാട്ടിദാർ പ്രക്ഷോഭത്തിലുടെ ശ്രദ്ധനേടിയ ഗോപാൽ ഇറ്റാലിയയെ മത്സരിപ്പിച്ച് 17,554 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ആപ് സിറ്റിങ് സീറ്റ് നിലനിർത്തിയത്.
പഞ്ചാബിലെ ലുധിയാന വെസ്റ്റ് സീറ്റില്‍ കോണ്‍ഗ്രസിന്റെ ഭാരത് ഭൂഷണ് അഷുവിനെതിരെ ആപിന്റെ സഞ്ജീവ് അറോറക്ക് 10,637 വോട്ടുകള്‍ക്കാണ് വിജയം. ആപ് സിറ്റിങ് സീറ്റായ ലുധിയ വെസ്റ്റിൽ സ്ഥാനാർഥിയുടെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
അതേസമയം, ഗുജറാത്തിലെ കഡിയ സിറ്റിങ് സീറ്റ് ബി.ജെ.പിയും പശ്ചിമബംഗാളിലെ കാലിഗഞ്ച് തൃണമൂല്‍ കോണ്‍ഗ്രസും നിലനിർത്തി. കാലിഗഞ്ചിൽ തൃണമൂൽ കോൺഗ്രസിന്റെ ആലിഫ അഹ്മദിന് അരലക്ഷം വോട്ടുകള്‍ക്കാണ് വിജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

