യു.പിയിൽ ബുൾഡോസർ ഒരു ബ്രാൻഡായി മാറി; ഇനി ഇവിടെയും നിർമിക്കണം, സിഎൻഎച്ച് കമ്പനിയോട് യോഗി ആദിത്യനാഥ്
text_fieldsലഖ്‌നൗ: ഉത്തർപ്രദേശിൽ ബുൾഡോസറുകൾ ഒരു ബ്രാൻഡായി മാറിയെന്നും അതിനാൽ സംസ്ഥാനത്ത് ബുൾഡോസർ നിർമാണം ആരംഭിക്കണമെന്നും സിഎൻഎച്ച് ഇൻഡസ്ട്രിയലിനോട് ആവശ്യപ്പെട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ട്രാക്ടറുകൾ നിർമിക്കുന്നതിനൊപ്പം ബുൾഡോസറുകളും ഉത്തർപ്രദേശിൽ നിർമിക്കണമെന്നാണ് കമ്പനിക്ക് മുന്നിൽ യോഗി വെച്ച നിർദേശം.
സിഎൻഎച്ച് ഇൻഡസ്ട്രിയലിന്റെ ട്രാക്ടർ നിർമാണ പ്ലാന്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശിലെ ബുൾഡോസറുകൾ രാജ്യത്തും വിദേശത്തും ഇതിനകം ശ്രദ്ധനേടിയിട്ടുണ്ട്. അതിനാൽ ഇവക്ക് വിപണിയിൽ ആവശ്യക്കാരുണ്ടാകുമെന്നും യോഗി പറഞ്ഞു.
"ഉത്തർപ്രദേശിലെ ബുൾഡോസറുകളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇവിടെ ട്രാക്ടറുകൾ നിർമിക്കുന്നതിനൊപ്പം ബുൾഡോസറുകളും നിർമിക്കണം. രാജ്യത്തും വിദേശത്തും ഇവക്ക് ആവശ്യക്കാരുണ്ടാകും. കാരണം, ബുൾഡോസർ ഇതിനകം ഇവിടെ ഒരു ബ്രാൻഡായി മാറിക്കഴിഞ്ഞു" - യോഗി പറഞ്ഞു.
യമുന എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റിയുടെ (YEIDA) സെക്ടർ 8ഡിയിലാണ് കമ്പനി പുതിയ ട്രാക്ടർ നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നത്. കുറ്റവാളികളെന്നും മാഫിയകളെന്നും ആരോപിക്കപ്പെടുന്നവരുമായി ബന്ധമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ സർക്കാർ ബുൾഡോസറുകൾ ഉപയോഗിക്കുന്നതിലൂടെ 'ബുൾഡോസർ ബാബ' എന്ന വിശേഷണം നേടിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.
2017ന് മുമ്പ് അവഗണനയും പിന്നാക്കാവസ്ഥയും നിയമവാഴ്ചയുടെ അഭാവവും നേരിട്ടിരുന്ന ഉത്തർപ്രദേശ് ഇന്ന് വലിയ മാറ്റത്തിന് സാക്ഷ്യം വഹിച്ചെന്നും മാഫിയകളുടെ ഭരണത്തിൽനിന്ന് നിയമവാഴ്ചയിലേക്കുള്ള മാറ്റം സാധ്യമായെന്നും യോഗി അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാർഗനിർദേശത്തിലാണ് ഈ മാറ്റമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസിലെ നിയമനങ്ങളും ആധുനികവൽക്കരണവും മാത്രമല്ല, കുറ്റകൃത്യങ്ങളോടും കുറ്റവാളികളോടുമുള്ള സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത സമീപനവുമാണ് സംസ്ഥാനത്തെ ക്രമസമാധാനനില മെച്ചപ്പെടുത്തിയതെന്ന് യോഗി പറഞ്ഞു. മെച്ചപ്പെട്ട ക്രമസമാധാന സാഹചര്യം ഉത്തർപ്രദേശിനെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റിയെന്നും ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമുള്ള നിരവധി കമ്പനികൾ നിക്ഷേപത്തിന് മുന്നോട്ടുവരുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

