ബ്രിക്സ് കോൺക്ലേവ്: മിനാബ് കൂട്ടക്കൊല ഓർമിപ്പിച്ച് അറാഗ്ചി എത്തി
text_fieldsന്യൂഡൽഹി: ന്യൂഡൽഹിയിൽ വ്യാഴാഴ്ച തുടങ്ങിയ ബ്രിക്സ് കോൺക്ലേവിൽ പങ്കെടുക്കാനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി എത്തിയത് മിനാബ് കൂട്ടക്കൊല ഓർമപ്പെടുത്തി. യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ ഇറാനിലെ മിനാബിൽ വിദ്യാർഥികളടക്കം 168 പേർ കൊല്ലപ്പെട്ട സംഭവത്തിന്റെ ഓർമയിൽ ‘മിനാബ് 168’ എന്ന് കുറിച്ച വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിൽ ഇറങ്ങിയത്. ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് ഡൽഹിയിൽ നടക്കുന്നത്.
ഇറാനെതിരായ യു.എസ്-ഇസ്രായേൽ യുദ്ധത്തെ തുടർന്നുള്ള പ്രതിസന്ധികളെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറുമായി വിപുലമായ ചർച്ചകൾ നടത്തും. ഹുർമുസ് കടലിടുക്ക് അടച്ചതുമായി ബന്ധപ്പെട്ട സാഹചര്യം അറാഗ്ചിയും ജയ്ശങ്കറും തമ്മിലുള്ള ചർച്ചകളിൽ പ്രധാനമായും ഉണ്ടായേക്കും. ഹുർമുസ് വഴി ശേഷിക്കുന്ന വ്യാപാരക്കപ്പലുകളുടെ സുരക്ഷിതമായ യാത്രക്കുവേണ്ടി ഇന്ത്യ സമ്മർദം ചെലുത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
ബ്രിക്സ് അംഗരാജ്യങ്ങളിലെ മറ്റ് വിദേശകാര്യ മന്ത്രിമാരോടൊപ്പം അറാഗ്ചിയും വ്യാഴാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കോൺക്ലേവിൽ സംസാരിച്ച വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ പശ്ചിമേഷ്യൻ സംഘർഷത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തി. പ്രശ്ന പരിഹാരത്തിന് പ്രായോഗിക സമീപനം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിക്സിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്ന ഇന്ത്യ, സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന വാർഷിക ഉച്ചകോടിക്ക് മുന്നോടിയായാണ് വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

