ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി; വ്യാപക പൊലീസ് അന്വേഷണം
text_fieldsപ്രതീകാത്മക ചിത്രം
ഡൽഹി: ഒരിടവേളക്കുശേഷം ഡൽഹിയിലെ സ്കൂളുകളെ വീണ്ടും പരിഭ്രാന്തിയുടെ അന്തരീക്ഷത്തിലേക്കെത്തിക്കുകയാണ് വ്യാജബോംബ് ഭീഷണികൾ. തലസ്ഥാനത്തെ രണ്ട് സ്കൂളുകൾക്കാണ് ഇ-മെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചത്. ഭീഷണി മെയിൽ കണ്ട ഉടൻ സ്കൂൾ അധികൃതരും ഡൽഹി പൊലീസും അടിയന്തര നടപടി സ്വീകരിച്ചു. ഡൽഹിയിൽ വിവിധയിടങ്ങളിലായി സ്ഥിതിചെയ്യുന്ന നജഫ്ഗഡിലെയും മെഹ്‌റോളിയിലെയും സ്കൂളുകൾക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്.
ഭീഷണി ഇ-മെയിൽ ലഭിച്ചയുടൻ സ്കൂൾ അധികൃതർ ഉടൻ പോലീസിനെ അറിയിച്ചു. രണ്ട് സ്കൂളുകളിലും ഡൽഹി പൊലീസ് തിരച്ചിൽ ആരംഭിച്ചു. ബോംബ് സ്ക്വാഡുകളും പ്രാദേശിക പൊലീസ് സംഘവും സ്കൂൾ പരിസരത്ത് വ്യാപക പരിശോധന നടത്തിവരികയാണ്.അന്വേഷണത്തിൽ ഇതുവരെ സംശയാസ്പദമായ വസ്തുക്കളോ പ്രവർത്തനങ്ങളോ കണ്ടെത്തിയിട്ടില്ലെങ്കിലും, അപകടസാധ്യതകൾ ഒഴിവാക്കാൻ പൊലീസും ഭരണകൂടവും അതീവ ജാഗ്രത പാലിക്കുന്നു. സംശയം തോന്നുന്ന സ്ഥലങ്ങളിലെ സിസി ടി.വി പരിശോധനയും നടത്തിവരുന്നുണ്ട്.
വിദ്യാർഥികളുടെ സുരക്ഷയെ കരുതി പഠനം താൽക്കാലികമായി നിർത്തിവെച്ചാണ് പരിശോധനകൾ നടക്കുന്നത്. വിദ്യാർഥികളുടെ രക്ഷിതാക്കളെ അറിയിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തതായും സ്കൂൾ അധികൃതർ അറിയിച്ചു.
ഖുതുബ് മിനാറിനടുത്തുള്ള മെഹ്‌റോളിയിലെ സർവോദയ കോ-എഡ് സീനിയർ സെക്കൻഡറി സ്കൂളിനുംബോംബ് ഭീഷണി ലഭിച്ചു. സ്കൂൾ അധികൃതർ പൊലീസിൽ അറിയിച്ചു. പൊലീസെത്തി സ്കൂൾ ഒഴിപ്പിച്ചു. അന്വേഷണത്തിൽ പൊലീസിനും ബോംബ് സ്ക്വാഡിനും ഒന്നും കണ്ടെത്താനായില്ല.ഡൽഹിയിലെ സ്കൂളുകൾക്കും മറ്റു പൊതുസ്ഥാപനങ്ങൾക്കും നേരെ ബോംബ് ഭീഷണികൾ ഇടക്കിടക്ക് ഉയരാറുണ്ട്. നഗരത്തിലും സ്കൂൾ പരിസരങ്ങളിലും പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

