വിമാനത്താവളവും സ്കൂളുകളും തകർക്കും വീണ്ടും ഡൽഹിയിൽ ബോംബ് ഭീഷണി
text_fieldsപ്രതീകാത്മക ചിത്രം
ഞായറാഴ്ച ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിനും സ്കൂളുകൾക്കും മറ്റ് സ്ഥാപനങ്ങൾക്കും ബോംബ് ഭീഷണി ഉയർത്തി ഇ-മെയിലുകൾ ലഭിച്ചു. ടെററൈസേഴ്സ് 111 എന്ന ഭീകര സംഘടനയെക്കുറിച്ച് പരാമർശിക്കുന്ന ഇ-മെയിലിൽ 24 മണിക്കൂറിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. പൊലീസ് അന്വേഷണം ശക്തമാണ്. സമീപ കാലങ്ങളിൽ ഡൽഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നേരെയുള്ള ബോംബ് ഭീഷണികൾ വർധിച്ചിട്ടുണ്ട്.
അവധി ദിവസമായ ഞായറാഴ്ച ഡൽഹിയെ വീണ്ടും ഞെട്ടിപ്പിക്കുന്ന വ്യാജ ഭീഷണിയായിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര (ഐജിഐ) വിമാനത്താവളത്തിലും നിരവധി സ്കൂളുകളിലും മറ്റ് സ്ഥാപനങ്ങളിലും ബോംബ് ഭീഷണി അടങ്ങിയ ഇ-മെയിലുകൾ ലഭിച്ചെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു.
ഡൽഹി വിമാനത്താവളത്തിലും സ്കൂളുകളിലും പരിശോധനകൾ നടന്നുവരികയാണ്. 24 മണിക്കൂറിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ ഡൽഹിയിൽ രക്തപ്പുഴയൊഴുകുമെന്നാണ് മെയിലിൽ പരാമർശിക്കുന്നതെന്നും, എന്താണ് ഭീഷണിമെയിൽ അയച്ചവരുടെ ലക്ഷ്യമെന്ന് അന്വേഷിച്ചു വരികയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.സമീപ മാസങ്ങളിൽ, നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണികളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആവർത്തിച്ച് പുറത്തുവന്നിട്ടുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഡിപിഎസ് ദ്വാരക, കൃഷ്ണ മോഡൽ പബ്ലിക് സ്കൂൾ, സർവോദയ വിദ്യാലയം എന്നിവയുൾപ്പെടെ ഡൽഹിയിലെ നിരവധി സ്കൂളുകൾക്ക് ഫോൺ കോൾ വഴി ബോംബ് ഭീഷണി ലഭിച്ചു. മുൻകരുതൽ എന്ന നിലയിൽ, വിദ്യാർഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്തു.സെപ്റ്റംബർ ഒമ്പതിന് യൂനിവേഴ്സിറ്റി കോളജ് ഓഫ് മെഡിക്കൽ സയൻസസിന് സമാനമായ ഒരു ഇമെയിൽ ലഭിച്ചു, അത് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

