Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതോളിൽ തലചായ്ച്ച് കൈകൾ...

തോളിൽ തലചായ്ച്ച് കൈകൾ കോർത്ത് ദമ്പതികൾ, വീൽചെയറിൽ കത്തിക്കരിഞ്ഞ മൃതദേഹം; ഡൽഹി ഹോട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിൽ രക്ഷാപ്രവർത്തകർ

text_fields
bookmark_border
delhi hotel fire
cancel

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കത്തിയെരിയുന്ന ഹോട്ടലിൽ അവസാന ജീവനെങ്കിലും കുടുങ്ങി കിട​പ്പുണ്ടോ ​എന്ന അന്വേഷണമായിരുന്നു അവരുടേത്. കത്തിക്കരിഞ്ഞ, പുകനിറഞ്ഞ ഹോട്ടലിനുള്ളിലെ ഒരു മുറിയിലെ​ ടോയ്‍ലറ്റ് അകത്തുനിന്ന് പൂട്ടിയത് അവരുടെ ശ്രദ്ധയിൽപ്പെട്ടു. ശുചിമുറിയുടെ വാതിൽ രക്ഷാപ്രവർത്തകരിൽ ഒരാളായ മുഹമ്മദ് ഷോയിബ് ചവിട്ടിപൊളിച്ചു. ആ ദാരുണമായ കാഴ്ച ഷോയിബ് ഒരു വട്ടം കണ്ടു. ഉടൻതന്നെ ടോയ്‍ലറ്റിൽനിന്ന് പുറത്തിറങ്ങി. പിന്നീട് മനസിനെ സ്വയം നിയന്ത്രിച്ച് ഷോയിബും കൂട്ടരും ആ മൃതദേഹങ്ങൾക്കരികി​ലെത്തി.

ടോയ്‍ലറ്റ് സീറ്റിൽ ഇരിക്കുകയായിരുന്നു ഒരു സ്ത്രീ, തൊട്ടടുത്ത് കസേരയിൽ സ്ത്രീയോട് ചേർന്ന് അവരുടെ ഭർത്താവും. ഇരുവരും പരസ്പരം തോളുകളിൽ ചായ്ഞ്ഞ നിലയിലായിരുന്നു. അവസാന നിമിഷമാണെന്ന തോന്നലിലാകണം അവർ പരസ്പരം കൈകൾ കോർത്തുപിടിച്ചിരുന്നു. അവരുടെ മരണം തീപിടിച്ചായിരുന്നല്ല. പുക ശ്വസിച്ചായിരുന്നു -കത്തുന്ന ഹോട്ടലിൽനിന്ന് അതിഥികളെ ഒഴിപ്പിക്കാൻ സഹായിച്ച നിരവധി പേരിൽ ഒരാളായ ഷോയിബ് പറഞ്ഞു. ഇരുവർക്കും ഉടൻതന്നെ സി.പി.ആർ നൽകിയിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പുക കാരണം അവരുടെ ശരീരം കറുത്തിരുന്നു.

മുഹമ്മദ് ഷോയിബ്, മുഹമ്മദ് അഫ്സൽ ഖാൻ, വസീം രാജ, അഷ്റഫ് ഖാൻ, ആമിർ ഖാൻ എന്നിവരാണ് പൊലീസിനും അഗ്നിരക്ഷാ സേനാംഗങ്ങൾക്കുമൊപ്പം രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായത്. ഡൽഹിയിലെ മാൽവിയ നഗറിലെ ഫ്ലോറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ 21 പേരാണ് മരിച്ചത്.

ഹോട്ടലിലെ മറ്റൊരു മുറിയിൽ ഒരു കട്ടിലിന്റെ അരികിലായിരുന്നു വേറൊരു ദമ്പതികളുടെ മൃതദേഹം. ഇരുവരും പൊള്ളലേറ്റ് മരിച്ചിരുന്നു. അകത്തെ കാഴ്ച ഭയാനകമായിരുന്നു മാക്സ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകനായ അഷ്റഫ് ഖാൻ പറയുന്നു.

രക്ഷാപ്രവർത്തകർ ബേസ്മെന്റിൽ നിന്നാണ് കെട്ടിടത്തിനുള്ളിൽ പ്രവേശിച്ചത്. ഹോട്ടലിലേക്ക് പ്രവേശനം നേടുന്നതിനായി ഷട്ടറുകൾ മുറിച്ചു. ബേസ്മെന്റിലേക്ക് കടന്നപ്പോൾതന്നെ റിസപ്ഷനു സമീപം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ ആദ്യത്തെ മൃതദേഹം കണ്ടെത്തി. 20 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിയുടേതായിരുന്നു ആ മൃതദേഹം. അവിടെനിന്ന് അൽപ്പം മാറി ഒരു വീൽചെയറിൽ ഇരിക്കുകയായിരുന്നു മറ്റൊരാൾ. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മറ്റൊരിടത്ത് അബോധാവസ്ഥയിലായിരുന്ന മൂന്ന് വിദേശ പൗരന്മാരെ കണ്ടെത്തി. അവർക്ക് ഉടൻതന്നെ സി.പി.ആർ നൽകി -അഷ്‌റഫ് രക്ഷാപ്രവർത്തനം ഓർത്തെടുത്തു.

തീപിടിത്തത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് ബേസ്‌മെന്റിലും ഗ്രൗണ്ട് ഫ്ലോറിലുമായിരുന്നു. ബേസ്മെന്റിൽ ഏകദേശം എട്ടുപേരെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതായി ഷോയിബ് പറഞ്ഞു.എ ‘ഞങ്ങൾക്കോ ​​പൊലീസിനോ സുരക്ഷാ ഉപകരണങ്ങൾ ഉണ്ടായിരുന്നില്ല. ഹോട്ടൽ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ എത്തിയപ്പോഴേക്കും ഞങ്ങൾ മരിക്കുമെന്ന് തോന്നിയിരുന്നു. കെട്ടിടം മുഴുവൻ പുക നിറഞ്ഞിരുന്നു. തറയിലെ ടൈലുകൾ ഇളകിപ്പോയിരുന്നു. ബെഡ്ഷീറ്റിൽ ആളുകളെ ചുമന്ന് തകർന്ന നിലത്തുകൂടി നടക്കുമ്പോൾ ഞങ്ങളുടെ കാലുകൾ മുറിഞ്ഞു’ അഷ്‌റഫ് പറയുന്നു.

ഹോട്ടലിൽ കുടുങ്ങിയ അതിഥികൾക്ക് മുറിയിൽനിന്ന് പുറത്തുകടക്കാൻ ജനൽ വഴി പുറത്തേക്ക് ചാടുക എന്നതുമാത്രമായിരുന്നു ഏക വഴി. അതിനായി റിയാസുദ്ദീൻ മൻസൂരിയും മകൻ അർമാനും ചേർന്ന് തീപിടിച്ച കെട്ടിടത്തിന് പുറത്ത് നിലത്ത് 22ഓളം കിടക്കകൾ വിരിച്ചുനൽകി. സ്വന്തം ജീവനും മറ്റ് നാശനഷ്ടങ്ങളും വകവെക്കാതെയായിരുന്നു തലസ്ഥാന നഗരിയിൽ നിരവധിപേർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.

അഞ്ചുനില കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിന് ആവശ്യമായ അഗ്നിസുരക്ഷാ അനുമതികളില്ലായിരുന്നുവെന്നും അനുവദിച്ചതിലധികം മുറികൾ പ്രവർത്തിപ്പിച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് നിഗമനം. സംഭവത്തിൽ ഹോട്ടൽ ഉടമയെ പൊലീസ് അറസ്റ്റ് ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ വ്യാപക പരിശോധനയും നടപടികളും ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Illegal constructionShort Circuitdelhi hotel fireDelhiMalviya Nagar
News Summary - Body In Wheelchair Couples Last Hug The Human Face Of Delhi Hotel Tragedy
Next Story