മകനെ മന്ത്രിയാക്കി; ബിഹാറിൽ എൻ.ഡി.എ ഘടകകക്ഷിയിൽ പൊട്ടിത്തെറി; കുടുംബ രാഷ്ട്രീയത്തിൽ പ്രതിഷേധിച്ച് കൂട്ടരാജി
text_fieldsമന്ത്രി ദീപക് പ്രകാശ്, ആർ.എൽ.എം അധ്യക്ഷൻ ഉപേന്ദ്ര കുശ്‍വാഹ
പട്ന: ബിഹാറിൽ നിതീഷ് കുമാർ നേതൃത്വത്തിൽ എൻ.ഡി.എ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് ഒരാഴ്ച പിന്നിടും മുമ്പേ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ചയിൽ (ആർ.എൽ.എം) പൊട്ടിത്തെറി. കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്‍വാഹ അധ്യക്ഷനായ ആർ.എൽ.എമ്മിൽ നിന്നും സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ ഏഴു പേർ രാജിവെച്ചു.
പാർട്ടി ദേശീയ പ്രസിഡന്റായ ഉപേന്ദ്ര കുശ്‍വാഹയുടെ മകൻ 36കാരനായ ദീപക് പ്രകാശിന് മന്ത്രി പദവി നൽകിയതിനെ തുടർന്നാണ് പാർട്ടിയിൽ കുടുംബ രാഷ്ട്രീയത്തിനാണ് മുൻഗണനയെന്ന് ആരോപിച്ച് മുതിർന്ന നേതാക്കൾ രാജിവെച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് പോലുമില്ലാതിരുന്ന ദീപക് പ്രകാശിനെ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ആർ.എൽ.എം മന്ത്രിയാക്കിയത്. നിലവിൽ എം.എൽ.എ പോലുമല്ലാത്ത യുവനേതാവിനെ മന്ത്രിയാക്കിയതിനെതിരെ പാർട്ടിക്കുള്ളിലും ഘടകകക്ഷികൾക്കിടയിലും അഭിപ്രയഭിന്നതയുണ്ടായിരുന്നു. ഉപേന്ദ്ര കുശ്‍വാഹ രാജ്യസഭാ അംഗവും, കേന്ദ്ര മന്ത്രിസഭയിൽ അംഗവുമാണ്. ഭാര്യ സ്നേഹലത കുശ്‍വാഹയാവട്ടെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ സസറാമിൽ നിന്നും എം.എൽ.എയായും തെരഞ്ഞെടുക്കപ്പെട്ടു. ഇവരുടെ പിൻഗാമിയായി രാഷ്ട്രീയ പരിചയമൊന്നുമില്ലാത്ത ഐ.ടി പ്രഫഷണലായ മകനെ മന്ത്രിയാക്കിയതോടെ പാർട്ടിയിൽ ആഭ്യന്തര കലാപത്തിന് തുടക്കം കുറിക്കുകയായിരുന്നു.
സംസ്ഥാന പ്രസിഡന്റ് മഹേന്ദ്ര കുശ്‍വാഹ, വൈസ്പ്രസിഡന്റ് ജിതേന്ദ്ര നാഥ്, ജനറൽ സെക്രട്ടറിയും വക്താവുമായ രാഹുൽ കുമാർ, നളന്ദ ജില്ലാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി രാജേഷ് രഞ്ജൻ സിങ്, വിവിധ ജില്ലാ ചുമത വഹിക്കുന്ന സംസ്ഥാന നേതാക്കളായ ബിപിൻ കുമാർ ചൗരസ്യ, പ്രമോദ് യാദവ്, പപ്പു മണ്ഡൽ എന്നിവരും രാജിവെച്ചു.
സോഷ്യലിസ്റ്റ് തത്വങ്ങൾ പിന്തുടരുന്നതിന് പകരം, കുടുംബ രാഷ്ട്രീയമാണ് പാർട്ടി അധ്യക്ഷൻ നടപ്പാക്കുന്നതെന്ന് ആരോപിച്ചായിരുന്നു രാജി. ധാർമികതയെയും, രാഷ്ട്രീയ മൂല്യങ്ങളെയും കുറിച്ച് വാചാലനാവുന്ന ഉപേന്ദ്ര, സമയം വന്നപ്പോൾ അധികാരത്തിലും സ്ഥാനമാനങ്ങളിലും കുടുംബത്തെ സ്ഥാപിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത് -മഹേന്ദ്ര കുശ്‍വാഹ തുറന്നടിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് സീറ്റുകളിൽ മത്സരിച്ച ആർ.എൽ.എം നാല് സീറ്റുകളിലാണ് ജയിച്ചത്. ഒരു മന്ത്രി സ്ഥാനമാണ് പാർട്ടിക്കായി നീക്കിവെച്ചത്. ജെ.ഡി.യു-ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം 202 സീറ്റുമായി അധികാരം നിലനിർത്തിയതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും പങ്കെടുത്ത ചടങ്ങിൽ തന്നെ ദീപക് പ്രകാശ് പഞ്ചയത്ത് രാജ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. കുർത്ത ഉൾപ്പെടെ പരമ്പരാഗത വസ്ത്രമണിഞ്ഞ് നേതാക്കൾ സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിൽ ജീൻസും ഷർട്ടുമണിഞ്ഞെത്തി സ്ഥാനമേറ്റ ദീപക് പ്രകാശ് വാർത്തകളിൽ ഇടം നേടിയിരുനു.
ബി.ജെ.പിയുടെയും ജെ.ഡി.യുടെയും എതിർപ്പ് വകവെക്കാതെയാണ് ഉപേന്ദ്ര കുശ്‍വാഹ മകനെ മന്ത്രിയാക്കിയത്.
പാർട്ടിക്കുള്ളിൽ എതിർപ്പുയർന്നതിനു പിന്നാലെ തീരുമാനത്തെ ന്യായീകരിച്ച് അധ്യക്ഷൻ രംഗത്തെത്തി. ‘സ്കൂളിൽ തോറ്റവനല്ല ദീപക്. അദ്ദേഹം, മികച്ച വിദ്യഭ്യാസമുള്ള യോഗ്യനായ വ്യക്തിയാണ്. കമ്പ്യൂട്ടർ എഞ്ചിനീയറിങ് ബിരുദം നേടുകയും, സ്വന്തം നിലയിൽ ജോലി ചെയ്യുകയും ചെയ്തു. തന്റെ വിശ്വാസം അദ്ദേഹം നിലനിർത്തുമെന്ന് ഉറപ്പുണ്ട്’ -ഉപേന്ദ്ര പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

