മത്സരിക്കാതെ മന്ത്രികുപ്പായത്തിൽ; ജീൻസും ഷർട്ടുമണിഞ്ഞ് സത്യപ്രതിജ്ഞ; ബിഹാർ കുടുംബ രാഷ്ട്രീയത്തിൽ പുത്തൻ താരോദയമായി ദീപക് പ്രകാശ്
text_fieldsബിഹാറിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദീപക് പ്രകാശ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
പട്ന: നിതീഷ് കുമാർ പത്താം തവണയും ബിഹാറിന്റെ മുഖ്യമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്ത പട്നയിലെ ഗാന്ധി മൈതാനിയിൽ ശ്രദ്ധേയമായത് ജീൻസും ഷർട്ടും അണിഞ്ഞ്, വേദിയിലെത്തി സത്യവാചകം ചൊല്ലിയ ഒരു യുവ നേതാവ്. നിതീഷ് കുമാർ മുതൽ മന്ത്രിമാരും എം.എൽ.എമാരുമെല്ലാം പരമ്പരാഗത കുർത്തയും ദോത്തിയും പൈജാമയും അണിഞ്ഞ് നിറഞ്ഞു നിന്ന വേദിലായിരുന്നു ഏവരെയും ഞെട്ടിച്ച് ഒരു യുവനേതാവിന്റെ കടന്നു വരവ്.
ബി.ജെ.പി, ജെ.ഡി.യു നേതൃത്വത്തിൽ എൻ.ഡി.എ സഖ്യം തൂത്തുവാരിയ നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലും മത്സരിക്കാനോ, പ്രചാരണത്തിനോ കാണാത്ത ‘യുവ നേതാവിനെ’ കണ്ട് പ്രവർത്തകരും മാധ്യമങ്ങളും ഞെട്ടി. നീല ജീൻസും, ഫുൾകൈയൻ ഷർട്ടും അണിഞ്ഞ് അലസമായൊരു വേഷത്തിലെത്തി മന്ത്രിയായി സത്യപ്രതിജ്ഞചെയ്ത യുവാവ് ആരാണെന്ന് അന്വേഷണമായി എങ്ങും.
പിന്നെയാണ് ബിഹാർ മന്ത്രിസഭയിലെ പുതു സാന്നിധ്യത്തെ തിരിച്ചറിഞ്ഞത്. എൻ.ഡി.എ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർ.എൽ.എം) അധ്യക്ഷൻ ഉപേന്ദ്ര കുഷ്വാഹയുടെ മകൻ ദീപക് പ്രകാശായിരുന്നു മന്ത്രിസഭയിലെ സർപ്രൈസ് സാന്നിധ്യം.
36കാരനായ ദീപക് മത്സരിക്കാതെയും എം.എൽ.എ ആവാതെയുമാണ് മന്ത്രിയാവുന്നത്. ഐ.ടി പ്രഫഷണലായി ജോലി ചെയ്യുന്ന ദീപകിനും അപ്രതീക്ഷിതമായിരുന്നു മന്ത്രി കുപ്പായത്തിലേക്കുള്ള കടന്നു വരവ്.
രാജ്യസഭ എം.പിയാണ് ഉപേന്ദ്ര കുഷ്വാഹ. അമ്മ സ്നേഹലത സസാറാമിൽ നിന്നും എം.എൽ.എയായി നിയമസഭയിലെത്തിയിട്ടുണ്ട്. മത്സരിച്ച ആറ് സീറ്റുകളിൽ നാലിടങ്ങളിലാണ് ആർ.എൽ.എം ജയിച്ചത്. ഒരു മന്ത്രി സ്ഥാനം പാർട്ടിക്കായി നീക്കിവെച്ചപ്പോൾ, സ്നേഹലത സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു ഉറപ്പിച്ചത്. എന്നാൽ, പാർട്ടിയെയും, ഘടകകക്ഷികളെയും ഞെട്ടിച്ചുകൊണ്ടായിരുന്നു യുവാവായ ദീപകിന് മന്ത്രിയാവൻ ക്ഷണം ലഭിക്കുന്നത്.
പിതാവും, പാർട്ടി നേതാക്കളും യോഗം ചേർന്നായിരുന്നു തീരുമാനമെടുത്തത്. മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനുള്ള നിർദേശം എനിക്കും അപ്രതീക്ഷിതമായിരുന്നു. സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പ് മാത്രമായിരുന്നു മന്ത്രിയാവാനുള്ള തീരുമാനം അറിയിച്ചത് -ദീപക് പ്രകാശ് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, മകനെ മന്ത്രിയാക്കാനുള്ള ഉപേന്ദ്ര കുഷ്വാഹയുടെ നീക്കത്തെ നിതീഷ് കുമാറോ, അമിത് ഷായോ പിന്തുണച്ചിരുന്നില്ലെന്നും അവസാന ഘട്ടത്തിൽ മാത്രമാണ് അനുമതി ലഭിച്ചതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ നേതാക്കളെ സന്ദർശിച്ച് ദീപക് അനുഗ്രഹവും വാങ്ങി.
രാഷ്ട്രീയ, ഭരണ പരിചയമില്ലാത്തയാളെ കുടുംബ പാരമ്പര്യത്തിന്റെ പേരിൽ മാത്രം മന്ത്രിയാക്കിയതിനെതിരെ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തി.
ഹിന്ദുസ്ഥാനി അവാം മോർച്ച (എച്ച്.എ.എം) നേതാവും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമനും നിതീഷ് കുമാർ സർക്കാറിൽ മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തു.
മന്ത്രിയായെങ്കിലും സ്ഥാനത്ത് തുടരാൻ ദീപകിന് ഇനിയും കടമ്പകളുണ്ട്. ആറ് മാസത്തിനുള്ളിൽ ഏതെങ്കിലും സീറ്റിലൂടെ ബിഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. അല്ലെങ്കിൽ, ബിഹാർ ലെജിസ്ലേറ്റീവ് കൗൺസിലിലേക്ക് നാമനിർദേശം നേടിയും യോഗ്യനാവാൻ അവസരമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

