ബംഗാളിൽ 100 കടക്കാൻ പാടുപെട്ട് ബി.ജെ.പി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെ ഉപയോഗിച്ച് തങ്ങൾക്ക് വേണ്ടതെല്ലാം ചെയ്യിച്ചിട്ടും പശ്ചിമ ബംഗാൾ ഒന്നാം ഘട്ട വോട്ടെടുപ്പിനുള്ള കൊട്ടിക്കലാശത്തിലേക്ക് നീങ്ങുമ്പോൾ വിജയം സുനിശ്ചിതമല്ലെന്ന നിലയിൽ ബി.ജെ.പി. ഇത്തവണ അധികാരം ലഭിക്കില്ലെന്ന് കണ്ടതോടെ 100 സീറ്റുകളെങ്കിലും തികക്കുന്നതിനുള്ള ജീവന്മരണ പോരാട്ടത്തിലാണ് പാർട്ടി.
നൂറിൽ കവിയാനും കുറയാനും സാധ്യതയുണ്ടെന്ന് പറഞ്ഞ ബംഗാളിൽനിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ്, 120ലധികം സീറ്റുകൾ ലഭിച്ചാൽ മാത്രമേ ഏത് വിധേനയും അധികാരം പിടിക്കാനുള്ള കളിയിലേക്ക് നീങ്ങാൻ പറ്റുകയുള്ളൂ എന്നും കൂട്ടിച്ചേർക്കുന്നു. 120 സീറ്റുകളെങ്കിലും കിട്ടാതെ പാർട്ടിക്ക് ഒരു നീക്കവും നടത്താനാവില്ലെന്ന് പാർലമെന്റ് സമ്മേളന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിൽ കണ്ട് ധരിപ്പിച്ചതായി ബംഗാളിൽനിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവുകൂടിയായ എം.പി പറഞ്ഞു. തങ്ങൾ അവകാശപ്പെടുന്നതുപോലെ ബംഗാളിൽ ഭരണം പിടിക്കാൻ എളുപ്പമല്ലെന്ന് പ്രധാനമന്ത്രിയും സമ്മതിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിൽ ത്രികോണ പോരാട്ടം നടക്കുന്നിടത്തോളം കാലം ബി.ജെ.പിക്ക് ഭരണം കിട്ടുക എളുപ്പമല്ലെന്നാണ് കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടതെന്ന് അദ്ദേഹം തുടർന്നു. എന്നാലും ഭരണം നേടുമെന്ന് പറഞ്ഞ് പോരാട്ടം തുടരാനും തൊഴിലാളികളടക്കമുള്ള താഴേതട്ടിലുള്ള ജനങ്ങളെ കൂടുതൽ അടുപ്പിക്കാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്.
ബി.ജെ.പിയെ ബംഗാളിൽ ഭരണത്തിലെത്തിക്കാനായി ജനാധിപത്യവിരുദ്ധമായി നടപ്പാക്കിയ എസ്.ഐ.ആർ പല മണ്ഡലങ്ങളിലും തങ്ങളെത്തന്നെ തിരിഞ്ഞുകുത്തുകയാണെന്നും അന്തിമ വോട്ടർപട്ടിക വന്നതോടെയാണ് പാർട്ടി തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്നിൽ പാറപോലെ ഉറച്ചുനിൽക്കുന്ന നോർത്ത് ബംഗാളിൽനിന്നുതന്നെ ഇത്തരത്തിലുള്ള പരാതികളുയർന്നിട്ടുണ്ട്. 2021ൽ പാർട്ടി ശക്തമായ പ്രകടനം കാഴ്ചവെച്ച ധുപ്ഗുരി, ഷിതാൽകുച്ചി, നാഗരകത, സീതായ്, മാൽബസാർ, മൈനഗുരി എന്നിവിടങ്ങളിൽ എസ്.ഐ.ആർ വഴി ധാരാളം ബി.ജെ.പി വോട്ടർമാർ ഒഴിവാക്കപ്പെട്ടത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്.ഐ.ആർ പ്രതിഫലനം സംബന്ധിച്ച ആശങ്ക പ്രകടിപ്പിച്ച് വടക്കൻ ബംഗാൾ ബി.ജെ.പി നേതൃത്വം റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

