ബി.ജെ.പിയുടെ പുതിയ ദേശീയ പ്രസിഡന്റിനെ ജനുവരി 20ന് പ്രഖ്യാപിക്കും; നിതിൻ നബിന് സാധ്യത
text_fieldsന്യൂഡൽഹി: പുതിയ ദേശീയ പ്രസിഡന്റിനെ ബി.ജെ.പി ജനുവരി 20ന് പ്രഖ്യാപിക്കും. ജനുവരി 19 നു മുമ്പ് നോമിനേഷൻ സമർപ്പിക്കണം. ദേശീയ വർക്കിങ് പ്രസിഡന്റ് ചുമതല വഹിക്കുന്ന നിതിൻ നബിനാണ് ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത്. ബിഹാറിൽ നിന്ന് അഞ്ചുതവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട നിതിനെ കഴിഞ്ഞ വർഷം ഡിസംബറിലാണ് ദേശീയ വർക്കിങ് പ്രസിഡന്റാക്കിയത്. ബി.ജെ.പിയിലെ തലമുറമാറ്റത്തിന്റെ സൂചനയായാണ് ഈ നിയമനം എന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
നിതിൻ നബിൻ അടുത്താഴ്ച തന്നെ ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നോമിനേഷൻ സമർപ്പിക്കുമെന്നാണ് കരുതുന്നത്. മറ്റ് പാർട്ടി നേതാക്കൾ മത്സരരംഗത്തേക്ക് വരാനുള്ള സാധ്യത കുറവായതിനാൽ അദ്ദേഹം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനാണ് സാധ്യത കൂടുതൽ.
ബി.ജെ.പി ദേശീയ പ്രസിഡന്റായിരുന്ന ജെ.പി. നദ്ദയും ആദ്യം വഹിച്ച പദവി ദേശീയ വർക്കിങ് പ്രസിഡന്റ് സ്ഥാനമാണ്. 2019ലാണ് അദ്ദേഹത്തെ ബി.ജെ.പി ദേശീയ വർക്കിങ് പ്രസിഡന്റായി നിയമിച്ചത്. 2020 ജനുവരി 20ന് നദ്ദ അമിത് ഷായുടെ പിൻഗാമിയായി ബി.ജെ.പി ദേശീയ പ്രസിഡന്റായി നിയമിതനായി.
അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവും എം.എൽ.എയുമായിരുന്ന നബിൻ കിഷോർ പ്രസാദ് സിൻഹയുടെ മകനാണ് 45കാരനായ നബിൻ. പ്രത്യയശാസ്ത്രമായ ആഴത്തിൽ വേരൂന്നിയതും സംഘടനയുമായി അടുത്ത ബന്ധവുമുള്ള നേതാവായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്. ആർ.എസ്.എസ് പശ്ചാത്തലവും ഉണ്ട് അദ്ദേഹത്തിന്. ബിഹാറിലെ ബങ്കിപൂർ മണ്ഡലത്തെ രണ്ട് തവണ പ്രതിനിധീകരിച്ച അദ്ദേഹം മന്ത്രിയുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബി.ജെ.പി ദേശീയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ജനുവരി 19ന് തുടങ്ങും. ബി.ജെ.പി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ കെ. ലക്ഷ്മൺ ദേശീയ പ്രസിഡന്റ് സ്ഥാനത്തേകഖക് നിതിൻ നബിന്റെ പേര് പ്രഖ്യാപിക്കും. ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്ന് സെറ്റ് നാമനിർദേശ പത്രികകൾ സമർപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.
ഒരു സെറ്റ് നാമനിർദേശ പത്രികയിൽ തിരഞ്ഞെടുക്കപ്പെട്ട 20ലധികം സംസ്ഥാന ബി.ജെ.പി പ്രസിഡന്റുമാരുടെ ഒപ്പുകൾ ഉണ്ടായിരിക്കും. മറ്റൊരു സെറ്റിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, രാജ്നാഥ് സിങ്, അമിത് ഷാ, സ്ഥാനമൊഴിയുന്ന ബി.ജെ.പി പ്രസിഡന്റ് ജെ.പി. നദ്ദ എന്നിവർ ഒപ്പു വെക്കും. മൂന്നാമത്തെ സെറ്റിൽ ബി.ജെ.പി ദേശീയ കൗൺസിൽ അംഗങ്ങളും ഒപ്പുവെക്കും.
1980ൽ ജാർഖണ്ഡിലെ റാഞ്ചിയിൽ ജനിച്ച നിതിൻ, പിതാവിന്റെ മരണത്തെ തുടർന്ന് 2006ലാണ് സജീവ രാഷ്ട്രീയ പ്രവർത്തനത്തിനിറങ്ങുന്നത്. ഉപതെരഞ്ഞെടുപ്പിൽ പട്ന വെസ്റ്റിൽ നിന്നും എം.എൽ.എ ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്നുള്ള അഞ്ചു തെരഞ്ഞെടുപ്പുകളിലും എം.എൽ.എയായി. 2021ലാണ് ആദ്യമായി മന്ത്രിയാവുന്നത്. പുതിയ നിതീഷ് കുമാർ സർക്കാറിലും റോഡ് നിർമാണ, നഗര വികസന മന്ത്രിയായി സ്ഥാനമേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

