മുംബൈ മുനിസിപ്പൽ കോർപറേഷനിൽ ബി.ജെ.പി-ശിവസേന സഖ്യം മുന്നിൽ; താക്കറെ സഖ്യത്തിന് തിരിച്ചടി
text_fieldsഏക്നാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നാവിസും (ഫയൽ ചിത്രം)
മുംബൈ: മഹാരാഷ്ട്രയിലെ ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ (ബി.എം.സി) ഉൾപ്പെടെ 29 മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തzരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരുമ്പോൾ ഭരണകക്ഷിയായ മഹായുതി സഖ്യം (ബി.ജെ.പി - ഷിൻഡെ വിഭാഗം ശിവസേന) മുന്നേറ്റം തുടരുന്നു. ഏറ്റവും ആവേശകരമായ പോരാട്ടം നടക്കുന്ന മുംബൈയിൽ ബി.ജെ.പി സഖ്യം വ്യക്തമായ മുൻതൂക്കം നേടുന്നു. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 227 വാർഡുകളിൽ 42 ഇടങ്ങളിൽ ബി.ജെ.പി മുന്നിലാണ്. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 13 വാർഡുകളിലും മുന്നേറുന്നു.
രണ്ട് പതിറ്റാണ്ടിന് ശേഷം കൈകോർത്ത ഉദ്ധവ് താക്കറെയും (ശിവസേന) രാജ് താക്കറെയും (എം.എൻ.എസ്) ചേർന്നുള്ള സഖ്യത്തിന് പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഉദ്ധവ് വിഭാഗം 29 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ രാജ് താക്കറെയുടെ എം.എൻ.എസ് വെറും രണ്ട് സീറ്റുകളിൽ മാത്രമാണ് മുന്നിലുള്ളത്. പുണെ മുനിസിപ്പൽ കോർപറേഷനിലും ബി.ജെ.പി വലിയ മുന്നേറ്റം കാഴ്ചവച്ചു. പുണെയിൽ 52.42 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഇവിടെയും മഹായുതി സഖ്യത്തിനാണ് ആധിപത്യം.
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ കോട്ടയായ താനെയിൽ അദ്ദേഹത്തിന്റെ പാർട്ടി ബി.ജെ.പിയേക്കാൾ മുന്നിലാണ്. ഷിൻഡെ പക്ഷം 14 വാർഡുകളിലും ബി.ജെ.പി 12 വാർഡുകളിലും ലീഡ് ചെയ്യുന്നു. അക്കോളയിൽ ബി.ജെ.പിയും കോൺഗ്രസും തമ്മിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത്. ബി.ജെ.പി 15 സീറ്റുകളിലും കോൺഗ്രസ് 14 സീറ്റുകളിലും മുന്നിലാണ്.
മുംബൈയുടെയും മഹാരാഷ്ട്രയുടെയും രാഷ്ട്രീയ ഭാവിയെ സംബന്ധിച്ചിടത്തോളം ഈ തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. ഉദ്ധവ് താക്കറെയെ സംബന്ധിച്ച് നിലനിൽപ്പിനായുള്ള പോരാട്ടമാണിത്. ബി.എം.സി ഭരണം തിരിച്ചുപിടിക്കാനായി രാജ് താക്കറെയുമായി അദ്ദേഹം ഒന്നിച്ചെങ്കിലും എക്സിറ്റ് പോൾ പ്രവചനങ്ങൾ ശരിവെക്കുന്ന രീതിയിലാണ് ആദ്യ ഫലസൂചനകൾ പുറത്തുവരുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും ഏക്നാഥ് ഷിൻഡെയുടെയും നേതൃത്വത്തിലുള്ള സഖ്യം സംസ്ഥാനത്തുടനീളം വലിയ വിജയം ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

