പ്രൾഹാദ് ജോഷി ‘ക്രൂരമായ തമാശ’, ധർമേന്ദ്ര പ്രധാന്റെ രാജിക്കത്തിലെ ഭാഷ രക്തസാക്ഷിയുടേത്; വിദ്യാർഥികളെ പിന്തുണച്ച് ബി.ജെ.പി നേതാവിന്റെ മകൾ
text_fieldsപ്രൾഹാദ് ജോഷി, ധർമേന്ദ്ര പ്രധാൻ
ന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ചക്കെതിരായ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചും കേന്ദ്രസർക്കാറിനെ വിമർശിച്ചും ഉത്തർപ്രദേശിലെ ബി.ജെ.പി മുൻ എം.എൽ.എ വിക്രം സിങ്ങിന്റെ മകളും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ യശസ്വിനി രാജെ സിങ്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി) നേതൃത്വത്തിലുള്ള പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്ത യശസ്വിനി, മുൻ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെയും പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയെയും രൂക്ഷമായി വിമർശിച്ചു. പ്രൾഹാദ് ജോഷിയുടെ നിയമനത്തെ ‘ഒരു ക്രൂരമായ തമാശ’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് യശസ്വിനി നിലപാട് വ്യക്തമാക്കിയത്. ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് യഥാർഥ ഉത്തരവാദിത്തം ഏറ്റെടുത്തതിന്റെ അടയാളമല്ലെന്നും, അദ്ദേഹത്തിന്റെ രാജിക്കത്തിൽ ‘രാജ്യവിരുദ്ധ ശക്തികൾ സാഹചര്യം ദുരുപയോഗം ചെയ്യാതിരിക്കാനാണ് രാജിവെക്കുന്നത്’ എന്ന പരാമർശം പ്രതിഷേധക്കാരെ അപമാനിക്കുന്നതാണെന്നും അവർ പറഞ്ഞു. പ്രതിഷേധത്തെ ഒറ്റ രാജിയിലൂടെ അവസാനിച്ച സംഭവമായി കാണുന്നത് ‘വളരെ ഹ്രസ്വദൃഷ്ടിയുള്ള സമീപനമാണ്’ എന്നും അവർ വിമർശിച്ചു.
പുതിയ വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷിയുടെ നിയമനത്തെയും യശസ്വിനി ചോദ്യം ചെയ്തു. മന്ത്രിയെ മാറ്റിയത് മാത്രം വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമാകില്ലെന്നും, വിദ്യാർഥികൾ ഉന്നയിച്ച അടിസ്ഥാന പ്രശ്നങ്ങൾക്ക് മറുപടി നൽകുകയാണ് പ്രധാനമെന്നും അവർ പറഞ്ഞു. സി.ജെ.പി യുവാക്കളെ, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ സജീവമല്ലാത്ത തലമുറയെ, സോഷ്യൽ മീഡിയയും മീമുകളും പുതിയ ആശയവിനിമയ രീതികളും ഉപയോഗിച്ച് ഒന്നിപ്പിക്കുന്നതിൽ വിജയിച്ചെന്നും അവർ അഭിപ്രായപ്പെട്ടു.
‘ധർമേന്ദ്ര പ്രധാന്റെ രാജിക്കത്തിലെ ഭാഷ സ്വയം ഉത്തരവാദിത്തം ഏറ്റെടുക്കുന്ന ഒരാളുടേതല്ല. മറിച്ച് ഒരു രക്തസാക്ഷിയുടേത് പോലെയാണു തോന്നിപ്പിക്കുന്നത്. ഇൻസ്റ്റഗ്രാം വഴിയുള്ള മീമുകളും നൂതനമായ സന്ദേശങ്ങളും അരാഷ്ട്രീയവാദികളായ യുവാക്കളെ പോലും സമരത്തിലേക്ക് ആകർഷിക്കാൻ സഹായിച്ചു. ഇപ്പോൾ വിദ്യാഭ്യാസ മന്ത്രിയായി നിയമിതനായിരിക്കുന്ന വ്യക്തിയെ നോക്കൂ. സത്യസന്ധമായി പറഞ്ഞാൽ ഇതൊരു വല്ലാത്ത ക്രൂരമായ തമാശയായിട്ടാണു തോന്നുന്നത്’ -യശ്വസിനി പറഞ്ഞു.
തന്റെ പിതാവ് ബി.ജെ.പി നേതാവായിരുന്നാലും രാഷ്ട്രീയ വിഷയങ്ങൾ വീട്ടിൽ ചർച്ച ചെയ്യാറില്ലെന്ന് യശസ്വിനി പറഞ്ഞു. സാമ്പത്തികമായി സ്വതന്ത്രയായ താൻ വർഷങ്ങളായി കുടുംബത്തിന്റെ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്ന് അകന്നാണ് ജീവിക്കുന്നതെന്നും, അതുകൊണ്ടുതന്നെ തന്റെ അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാൻ കഴിയുന്നുണ്ടെന്നും അവർ വ്യക്തമാക്കി.
ഒഡീഷയിലെ ബി.ജെ.പി എം.പി അപരാജിത സാരംഗിയുടെ മകൾ അർച്ചിത സച്ചിൻ റഹാർ നേരത്തെ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. ‘എന്റെ കുടുംബം ഡി.പി(ധർമേന്ദ്ര പ്രധാൻ)ക്കൊപ്പമാണ്, പക്ഷേ ഞാൻ വിദ്യാർഥികൾക്കൊപ്പമാണ്’ എന്ന അടിക്കുറിപ്പോടെയാണ് അർച്ചിത ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെച്ചത്. അസം മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിസ മഹന്തയും വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കേന്ദ്ര സർക്കാറിനെതിരായ സമരത്തിന് ബി.ജെ.പി നേതാക്കളുടെ കുടുംബങ്ങളിൽ നിന്നുതന്നെ പിന്തുണ ഉയരുന്നത് ദേശീയ രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

