
സ്ഥാനാർഥിയുടെ അന്ത്യാഭിലാഷം സഫലമാക്കി; മരിച്ചയാളെ വോട്ട് ചെയ്ത് ജയിപ്പിച്ച് ഗ്രാമവാസികൾ
text_fieldsപട്ന: സഹതാപ തരംഗത്തിൽ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് ആദ്യമായല്ല. എന്നാൽ, മരിച്ചുപോയ സ്ഥാനാർഥിയുടെ അവസാന ആഗ്രഹപൂർത്തീകരണത്തിനായി വോട്ട് ചെയ്ത് ജയിപ്പിച്ചാലോ? ബിഹാറിലെ ഗ്രാമത്തിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് സംഭവം.
സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്‍റെ അവസാന ആഗ്രഹം പൂർത്തീകരിക്കുന്നതിനായി ഗ്രാമവാസികൾ എല്ലാവരും വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു.
പട്നയിൽനിന്ന് 200 കിലോമീറ്റർ അകലെയുള്ള ജാമുയി ജില്ലയിലാണ് സംഭവം. തെരഞ്ഞെടുപ്പിൽ ജയിച്ച സ്ഥാനാർഥികൾക്ക് നവംബർ 24ന് ഉദ്യോഗസ്ഥർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ചടങ്ങിൽ, തെരഞ്ഞെടുപ്പിൽ വിജയിച്ച സോഹൻ മുർമു സർട്ടിഫിക്കറ്റ് വാങ്ങാൻ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നവംബർ ആറിന് മുർമു മരിച്ചതായി കണ്ടെത്തി. വോട്ടെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പായിരുന്നു മുർമുവിന്‍റെ മരണം -ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസർ രാഘവേന്ദ്ര ത്രിപാദി പറഞ്ഞു.
ഝാർഖണ്ഡിന്‍റെ അതിർത്തിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് മുർമു വിജയിച്ച ദീപകർഹർ. ആദിവാസി സ്വാധീന മേഖലയാണ് ഇവിടം.
എതിരാളിയെ 28 വോട്ടിനാണ് മുർമു പരാജയപ്പെടുത്തിയത്. തെരഞ്ഞെടുപ്പിൽ വിജയിക്കുകയെന്നത് മുർമുവിന്‍റെ അവസാന ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങൾ പറയുന്നു. അതുകൊണ്ട് മുർമുവിന്‍റെ മരണം അധികൃതരെ അറിയിച്ചില്ല. അദ്ദേഹത്തിന്‍റെ ആഗ്രഹം നിറവേറ്റാൻ ഗ്രാമവാസികളെല്ലാം മുർമുവിന് അനുകൂലമായി വോട്ട് ചെയ്തതായി തോന്നുന്നു -ബി.ഡി.ഒ പറഞ്ഞു.
വിജയിയുടെ സർട്ടിഫിക്കറ്റ് ആർക്കും നൽകാൻ കഴിയില്ലെന്നും ബന്ധപ്പെട്ട വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കുമെന്നും ബി.ഡി.ഒ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
