ബിഹാറിൽ ബി.ജെ.പിക്ക് തിരിച്ചടി; സിറ്റിങ് എം.എൽ.എ മിസ്രി ലാൽ യാദവ് രാജിവെച്ചു; ബി.ജെ.പി ദളിത് വിരുദ്ധമെന്ന് ആരോപണം
text_fieldsമിസ്രി ലാൽ യാദവ്
പട്ന: നവംബറിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വിഭജന, സ്ഥാനാർഥി നിർണയ ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ ബിഹാറിൽ ബി.ജെ.പിക്ക് തിരിച്ചടിയായി സിറ്റിങ് എം.എൽ.എയുടെ രാജി.
ബി.ജെ.പി തീർത്തും ദളിത്, ന്യൂനപക്ഷ വിരുദ്ധ സംഘമാണെന്ന രൂക്ഷമായ ആരോപണമുന്നയിച്ചുകൊണ്ടാണ് ദർഭംഗ ജില്ലയിലെ അലിനഗർ നിയമസഭാ മണ്ഡലത്തിലെ അംഗമായ മിസ്രി ലാൽ യാദവ് പാർട്ടിയിൽ നിന്നും രാജിവെച്ചത്. രാജിക്കത്ത് ഉടൻ തന്നെ സംസ്ഥാന പ്രസിഡന്റ് ദിലിപ് ജയ്സ്വാളിന് കൈമാറുമെന്നും പട്നയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സ്ഥാനാർഥി പ്രഖ്യാപനം ഉൾപ്പെടെ നടപടികളുമായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങവെയാണ് ബി.ജെ.പി നേതൃത്വത്തെ പ്രതിസന്ധിയിലാക്കി നിലവിലെ എം.എൽ.എയുടെ രാജി.
മുൻ ബോളിവുഡ് സ്റ്റേജ് ഡിസൈനറും മന്ത്രിയുമായിരുന്ന മുകേഷ് സഹാനിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി അംഗമായി കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച മിസ്രി ലാൽ യാദവ്, മറ്റു രണ്ട് അംഗങ്ങൾക്കൊപ്പം 2022ലാണ് ബി.ജെ.പിയിൽ ചേർന്നത്. നവംബറിൽ നടക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റിൽ ബി.ജെ.പി പുതിയ സ്ഥാനാർഥിയെ രംഗത്തിറക്കാനിരിക്കെയാണ് പാർട്ടിക്കെതിരെ രുക്ഷ വിമർശന മുന്നയിച്ച് എം.എൽ.എ രാജിവെക്കുന്നത്.
ദരിദ്രരെയും പിന്നാക്ക, ദളിത് വിഭാഗങ്ങളെയും ഉൾകൊള്ളാത്ത പാർട്ടിയാണ് ബി.ജെ.പി. എന്നാൽ, അവരുടെ അന്തസ്സ് നിലനിർത്താനും ഉന്നമനത്തിനുമായി പ്രവർത്തിച്ചയാളാണ് താനെന്നും രാജി പ്രഖ്യാപിച്ചുകൊണ്ട് മിസ്രി ലാൽ യാദവ് പറഞ്ഞു. തന്റെ വ്യക്തിഗത പ്രഭാവവും, മികവും കൊണ്ടു മാത്രമാണ് അലിനഗർ മണ്ഡലത്തിൽ വിജയിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, മണ്ഡലത്തിൽ മികച്ച സ്വാധീനമുള്ള മിസ്രിലാൽ യാദവ്, ആർ.ജെ.ഡി ടിക്കറ്റിൽ വീണ്ടും മത്സര രംഗത്തിറങ്ങാനും സാധ്യതയുണ്ടെന്ന് വാർത്തകളുണ്ട്.
നേരത്തെ ബി.ജെ.പിക്കുവേണ്ടി പ്രചാരണ രംഗത്തിറങ്ങിയ മുകേഷ് സാഹ്നി, 2018ാണ് വി.ഐ.പി പാർട്ടി രൂപീകരിച്ച് എൻ.ഡി.എ ഘടകകക്ഷിയായത്. 2020 മുതൽ രണ്ടു വർഷം മന്ത്രിയായെങ്കിലും നിതീഷ്‍കുമാറുമായി തെറ്റി രാജിവെക്കുകയായിരുന്നു. തുടർന്നാണ്, മിസ്രി യാദവ് ഉൾപ്പെടെ മൂന്ന് എം.എൽ.എമാർ ബി.ജെ.പിയിൽ ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

