പ്രളയംപോലെ വാഗ്ദാനം, എങ്കിലും...
text_fieldsരാജ്യത്ത് പ്രളയം ഏറ്റവും ദുരിതം വിതക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാർ. പ്രളയ ദുരന്തം ജനങ്ങളെ ബാധിക്കാതിരിക്കാൻ പലവിധ കാര്യങ്ങൾ ചെയ്യുമെന്ന് എൻ.ഡി.എയും മുഖ്യമന്ത്രി നിതീഷ് കുമാറും വർഷങ്ങളായി പറയുന്നതാണ്. പക്ഷേ, ഒന്നും യാഥാർഥ്യമാകാറില്ല. ദശലക്ഷങ്ങളെ ബാധിക്കുന്ന പ്രളയദുരന്തങ്ങൾ തെരഞ്ഞെടുപ്പിൽ വലിയ രാഷ്ട്രീയ ചർച്ചയല്ല എന്നതാണ് രസകരം. ബിഹാറിന്റെ 73 ശതമാനം മേഖലകളെയും പ്രളയം ബാധിക്കാറുണ്ട്. ദുരിതാശ്വാസങ്ങൾ പോലും സമ്പന്നർക്കാണ് തുണയാകാറ്. ചെറുകിട കർഷകരും സ്ത്രീകളും വടക്കുള്ള മുസ്‍ലിം വിഭാഗക്കാരും ഒന്നും ലഭിക്കാതെ നിൽക്കാറാണ് പതിവ്. വോട്ടർപട്ടിക തീവ്രപരിഷ്‍കരണത്തിൽ പോലും പ്രളയത്തിന്റെ ആഘാതമുണ്ട്. കാരണം പല ഇരകളുടെയും രേഖകൾ ഒലിച്ചുപോയത് പ്രളയത്തിലാണ്.
ഇത്തവണയും പ്രളയക്കെടുതിക്ക് അവസാനമുണ്ടാക്കുമെന്ന് ബി.ജെ.പി പറയുന്നുണ്ട്. അമിത് ഷാ തന്നെയാണ് വാഗ്ദാനം നൽകിയത്. നവംബർ രണ്ടിന് മുസഫർപൂർ റാലിയിൽ സംസാരിക്കവേ ‘അധികാരത്തിലേറിയാൽ എൻ.ഡി.എ ബിഹാറിനെ പ്രളയദുരിത മുക്തമാക്കു’മെന്ന് ആവർത്തിച്ചു. ഗംഗ, കോശി, ഗണ്ഡക് നദികൾ കരകവിഞ്ഞുണ്ടാകുന്ന ദുരിതം മഹാഗഡ്ബന്ധൻ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
2005 മുതൽ ബിഹാറിൽ ചുരുങ്ങിയത് 20 പ്രധാന പ്രളയങ്ങളുണ്ടായിട്ടുണ്ട്. ഇതിൽ ദശലക്ഷക്കണക്കിന് ഏക്കർ കൃഷി നശിച്ചു. ലക്ഷക്കണക്കിനാളുകളുടെ വീട് തകർന്നു. കോശി നദി അറിയപ്പെടുന്നത് ‘ബിഹാറിന്റെ ദുഃഖം’ എന്നാണ്. ഈ നദി കരകവിഞ്ഞ് 2008ലുണ്ടായ ദുരന്തം വിവരണാതീതമാണ്.
ദുരിതാശ്വാസ ഫണ്ടുകളിൽ വ്യാപക അഴിമതിയും നടക്കുന്നു. ഇതുമൂലം സാധാരണക്കാർക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല. നദികൾക്ക് കെട്ടുന്ന ബണ്ടിന് നിലവാരമില്ലാത്തതിനാൽ പലയിടത്തും പൊളിയുന്നതും പതിവാണ്. ദർഭംഗയിലും മുസഫർപൂരിലും ഇങ്ങനെ കരാറിൽ 40 ശതമാനം വെട്ടിപ്പ് നടന്നതായാണ് ഓഡിറ്റ് റിപ്പോർട്ട്. തെരഞ്ഞെടുപ്പ് വേളയിൽ ഉയരുന്ന പ്രളയവിരുദ്ധ വാഗ്ദാനങ്ങളിൽ ജനങ്ങൾക്ക് വലിയ വിശ്വാസമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

