ലയനം നടന്നാൽ അധികാരം നഷ്ടമാകും, കേസും കൂട്ടങ്ങളും വീണ്ടും എത്തും; അജിത് പവാറിന്റെ ഭാര്യയെ ഉപമുഖ്യമന്ത്രിയാക്കാൻ എൻ.സി.പി നേതാക്കൾ തിടുക്കം കൂട്ടിയതിന് കാരണം ഇതാണ്...
text_fieldsമുംബൈ: ബുധനാഴ്ച രാവിലെയാണ് എൻ.സി.പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനാപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകീട്ട് അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാർ മഹാരാഷ്ട്രയിലെ ആദ്യ വനിത ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.
വലിയൊരു ദുരന്തം നടന്നതിന്റെ ആഘാതം മാറുന്നതിന് മുമ്പേ അജിത് പവാറിന്റെ രാഷ്ട്രീയ പിൻഗാമിയെ തീരുമാനിക്കാനുള്ള എൻ.സി.പിയിലെ തിടുക്കം പലർക്കും അത്ഭുതമാണ്. ഇരുവിഭാഗം എൻ.സി.പികളും ലയിപ്പിക്കാനുള്ള തീരുമാനമാണ് പെട്ടെന്നുള്ള നീക്കത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് പറയപ്പെടുന്നത്. ലയനം നടന്നാൽ ഏകീകൃത പാർട്ടിയിൽ ശരദ് പവാറിന്റെ എൻ.സി.പിക്കായിരിക്കും ആധിപത്യമെന്നും അതുവഴി തങ്ങൾ അരികിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും അജിത് പവാർ ക്യാമ്പിലെ പ്രമുഖർ ഭയന്നിരുന്നു.
തുടർന്നാണ് അജിത് പവാറിന്റെ വിധവയെ മുന്നിൽ നിർത്തി കളിക്കാൻ അവർ തീരുമാനിച്ചത്. അജിത് പവാർ മരിച്ചതിന്റെ മൂന്നാംദിവസം മുതിർന്ന നേതാക്കളായ പ്രഫുൽ പട്ടേലും ഛഗൻ ഭുജ്ബലും സുനിൽ തത്കറെയും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കണമെന്ന ആവശ്യമുന്നയിച്ചു. അന്ന് വൈകീട്ട് മുതിർന്ന നേതാക്കളുടെ യോഗം നടന്നു. സുനേന്ത്ര ഓൺലൈൻ വഴി അതിൽ പങ്കെടുത്തു. യോഗത്തിലാണ് അജിത് പവാർ പാർട്ടിയിൽ വഹിച്ചിരുന്ന പദവികൾ സുനേത്രയെ ഏൽപിക്കാൻ തീരുമാനിച്ചത്.
ഉപമുഖ്യയായതോടെ മന്ത്രിസഭയിൽ അജിത് പവാർ കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് ഒഴികെയുള്ള വകുപ്പുകളും സുനേത്രക്ക് ലഭിക്കും. ധനവകുപ്പ് മുഖ്യമന്ത്രി ഫഡ്നാവിസ് ഏറ്റെടുക്കും. ധനവകുപ്പിന് പകരം എൻ.സി.പിക്ക് മറ്റൊരു വകുപ്പും ചിലപ്പോൾ നൽകിയേക്കും. സുനേത്രയെ വലിയ ഉത്തരവാദിത്തങ്ങൾ ഏൽപിക്കാൻ തീരുമാനിച്ചപ്പോൾ ശരദ് പവാറുമായി എൻ.സി.പി മുതിർന്ന നേതാക്കൾ ആലോചിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
ഒരുകാലത്തും ബി.ജെ.പിയുമായി സഖ്യമുണ്ടാക്കില്ല എന്നായിരുന്നു ശരദ് പവാർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഏകീകൃത എൻ.സി.പി വന്നാൽ എൻ.ഡി.എയിൽ നിന്നും മഹായുതി സഖ്യത്തിൽ നിന്നും പുറത്താകുമെന്ന അഭ്യൂഹവും പരക്കുകയുണ്ടായി. അങ്ങനെ വന്നാൽ അജിത് പവാറിന്റെ എൻ.സി.പിയിലെ പല നേതാക്കളുടെയും അധികാരം നഷ്ടപ്പെടുകയും ചെയ്യും. അതെല്ലാം മുൻകൂട്ടി കണ്ടാണ് എൻ.സി.പി നേതാക്കൾ കരുക്കൾ നീക്കിയത്.
മഹായുതിയിൽ ചേരുന്നതിന് മുമ്പ് ഈ നേതാക്കളിൽ പലരും സി.ബി.ഐ, ഇ.ഡി, അഴിമതി വിരുദ്ധ ബ്യൂറോ തുടങ്ങിയ ഏജൻസികൾ അന്വേഷിക്കുന്ന ക്രിമിനൽ കേസുകളിൽ കുടുങ്ങിയിരുന്നു. സഖ്യത്തിൽ ചേർന്നതിന് ശേഷം അവർക്ക് അധികാരം കിട്ടി എന്നുമാത്രമല്ല, ക്രിമിനൽ കേസുകളിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഒരു ഏകീകൃത എൻസിപി മഹായുതിയിൽ നിന്ന് പുറത്തുപോയാൽ, തങ്ങളുടെ നിയമപരമായ പ്രശ്നങ്ങൾ വീണ്ടും ഉയർന്നുവരുമെന്ന് ഈ നേതാക്കൾ ഇപ്പോൾ ഭയപ്പെടുന്നു.
രാഷ്ട്രീയത്തിലെ പുതുമുഖമാണ് സുനേത്ര പവാർ. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് അവർ ആദ്യമായി മത്സരത്തിനിറങ്ങിയത്. ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെയോട് മത്സരിച്ച് പരാജയപ്പെടുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

