ചില്ലറയില്ലെങ്കിൽ വേണ്ട, ക്യൂ.ആർ ഉണ്ട്; ഡിജിറ്റലായി ഭിക്ഷാടനവും
text_fieldsതെരുവുകളിൽ ഭിക്ഷയാചിക്കുന്ന മനുഷ്യർ സ്ഥിരം കാഴ്ചയാണ്. ചില്ലറയില്ലെന്ന് പറഞ്ഞ് പലരും അവരെ ആട്ടിയോടിക്കാറുമുണ്ട്. എന്നാൽ ഡൽഹിയിൽ ഭിക്ഷയാചിക്കുന്ന പതിമൂന്നുകാരി മുസ്കാനോട് നിങ്ങൾ പണം ഇല്ലെന്ന് പറഞ്ഞാലും പരിഹാരമുണ്ട്. കൈയിൽ തൂക്കിയ ചെണ്ടയിൽ ഒട്ടിച്ച ക്യൂ ആർ കോഡ് അവൾ നിങ്ങൾക്കു നേരെ നീട്ടും. എന്നിട്ട് പണം ഡിജിറ്റലായി നൽകാൻ ആവശ്യപ്പെട്ടും.
മുസ്കാന്‍റെ മാതാപിതാക്കൾ തെരുവിൽ സർക്കസ് നടത്തുന്നവരാണ്. അപൂർവമായി മാത്രമേ സർക്കസിൽ നിന്ന് വരുമാനം ലഭിക്കു. അതുകൊണ്ടുതന്നെ ഭിക്ഷാടനമാണ് ഇവരുടെ പരമ്പരാഗത ഉപജീവന മാർഗം. എന്നാൽ മുസ്കന്‍റെ തലമുറ ഇതിൽ പുത്തൻ സാങ്കേതിക വിദ്യകൂടെ ഉൾപ്പെടുത്തിയിരിക്കുകയാണ്. അതായത്, സർക്കാർ ഡിജിറ്റൽ ക്ഷേമ പദ്ധതികളും പണരഹിത ഇടപാടുകളും പ്രോത്സാഹിപ്പിക്കുമ്പോൾ, ഡൽഹിയിലെ യാചകരും അതിനോട് പൊരുത്തപ്പെടാൻ തുടങ്ങിയിരിക്കുന്നു എന്നാണ് വ്യക്തമാകുന്നത്.
കളിപ്പാട്ട കച്ചവടക്കാരനായിരുന്ന നാൽപതുകാരൻ ഭൻവർലാലിന്‍റെ അനുഭവം വ്യത്യസ്തമാണ്. വാഹനാപകടത്തിൽ കാലുകളുടെ സ്വാധീനം നഷ്ടപെട്ടപ്പോഴാണ് ഭിക്ഷയെടുക്കാൻ തുടങ്ങിയത്. കച്ചവടത്തിനായ് വെച്ചിരുന്ന ക്യൂ.ആർ ഇപ്പോഴും ഉപയോഗിക്കുന്നു. ഭിക്ഷാടനം ഇന്ത്യയിൽ പുതിയ കാര്യമല്ലെങ്കിലും ഡിജിറ്റൽ പെയ്മന്‍റുകളുടെ ഉപയോഗം ഇവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുകയാണ്.
ആളുകൾ ഭിക്ഷയെടുക്കുന്നത് ഇഷ്ടപ്രകാരമല്ല അവസ്ഥകൊണ്ടാണെന്ന് നിരീക്ഷിച്ച് 2018ൽ ഡൽഹി ഹൈകോടതി ഭിക്ഷാടനം ക്രിമിനൽ കുറ്റമല്ലാതാക്കിയിരുന്നു. ഭിക്ഷാടകരെ പൂർണമായി നീക്കം ചെയ്യുന്നതിന് പകരം അവർക്ക് വിദ്യാഭ്യാസവും ജോലിയും നൽകി പുനരധിവസിപ്പിക്കലാണ് ആവശ്യമെന്ന് 2021ൽ കോടതി ചൂണ്ടികാട്ടി. 2011ലെ സെൻസസ് പ്രകാരം ഡൽഹിയിൽ 2187 യാചകരാണ് ഉണ്ടായിരുന്നത്. പത്തുവർഷങ്ങൾക്കുശേഷം ഡൽഹി സോഷ്യൽ വെൽഫയർ ഡിപ്പാർട്ട്മെന്‍റും ഇൻസ്റ്റിറ്റ്യൂട്ടോഫ് ഹ്യൂമൻ ഡെവലപ്മെന്‍റും എടുത്ത കണക്കെടുപ്പിൽ (20719) അത് ഒൻപതുമടങ്ങ് കൂടിയതായി കണ്ടെത്തി.
ഡൽഹി ഗവൺമെന്‍റ് ആരംഭിച്ച തൊഴിലധിഷ്ടിത പരിശീലന പരിപാടിയിലൂടെ 4000ത്തിലധികം യാചകരെയും ഭവനരഹിതരെയും രോഹിണി, ദർക്ക എന്നീ അഭയകേന്ദ്രങ്ങളിലേക്ക് മാറ്റി. ദേശീയ തലത്തിൽ, സാമൂഹിക നീതി-ശാക്തീകരണ മന്ത്രാലയം 2022ൽ യാചകരായ ആളുകളെ തിരിച്ചറിയുന്നതിനും, പ്രൊഫൈലിങ് ചെയ്യുന്നതിനും, പുനരധിവാസിപ്പിക്കുന്നതും ലക്ഷ്യമിട്ട് സ്മൈൽ പദ്ധതി ആരംഭിച്ചു. 100 കോടി രൂപയാണ് ഇതിനായ് സർക്കാർ മാറ്റിവെച്ചിട്ടുളളത്.
എല്ലാ ഭവനരഹിതരും യാചകരാണെന്നാണ് ഗവൺമെന്‍റ് കരുതുന്നതെന്നും എന്നാൽ അങ്ങനെയല്ലെന്നുമാണ് ഭവനരഹിതർക്കായി പ്രവർത്തിക്കുന്ന നാഷനൽ ഫോറം ഫോർ ഹോംലെസ് ഹൗസിങ് റൈറ്റ്‌സിന്റെ ദേശീയ കൺവീനർ സുനിൽ അലേഡിയ വ്യക്തമാക്കുന്നത്. എന്നാൽ ഷെൽട്ടറുകൾ കുറവും ആളുകളുടെ എണ്ണം കൂടുതലുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നഗരവൽക്കരണം കൂടുതൽ ആളുകളെ ഭവനരഹിതരാക്കുകയും യാചനയിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. ഡിജിറ്റൽ ഇന്ത്യയിൽ ഇപ്പോൾ യാചകരും ക്യു.ആർ കോഡുകളെ ആശ്രയിക്കുന്നു. എന്നാൽ വേണ്ട ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഇത് വർധിക്കുകയേ ഉള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

