നീരവ് മോദിക്ക് തിരിച്ചടി: ബാങ്ക് ഓഫ് ഇന്ത്യക്ക് അനുകൂലമായി ലണ്ടൻ ഹൈകോടതി വിധി; 100 കോടിയിലധികം രൂപ തിരിച്ചടക്കാൻ ഉത്തരവ്
text_fieldsന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായി ലണ്ടനിൽ കഴിയുന്ന വജ്രവ്യാപാരി നീരവ് മോദിക്ക് നിയമപോരാട്ടങ്ങളിൽ വീണ്ടും കനത്ത തിരിച്ചടി. ദുബൈ ആസ്ഥാനമായുള്ള ഫയർസ്റ്റാർ ഡയമണ്ട് എഫ്.ഇ.ഇ (Firestar Diamond FZE) കമ്പനിയുമായി ബന്ധപ്പെട്ട വായ്പാ തർക്കത്തിൽ, ബാങ്ക് ഓഫ് ഇന്ത്യക്ക് അനുകൂലമായി ലണ്ടൻ ഹൈകോടതി വിധി പുറപ്പെടുവിച്ചു. 10.7 ദശലക്ഷം ഡോളറിലധികം (ഏകദേശം 100 കോടിയിലധികം രൂപ) തുക തിരിച്ചക്കാൻ നീരവ് നീരവ് മോദി ബാധ്യസ്ഥനാണെന്ന് കോടതി വ്യക്തമാക്കി.
ദുബൈ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഫയർസ്റ്റാർ ഡയമണ്ട് എഫ്.ഇ.ഇ എന്ന കമ്പനിക്ക് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ വായ്പയുമായി ബന്ധപ്പെട്ടതാണ് തർക്കം. നീരവ് മോദിയുമായി നേരിട്ട് ബന്ധമുള്ള കമ്പനിയാണിത്. ഈ വായ്പക്ക് നീരവ് മോദി വ്യക്തിപരമായി ഗ്യാരന്റി നൽകിയിരുന്നുവെന്നും, അതിനാൽ വായ്പ തിരിച്ചടക്കാൻ അദ്ദേഹം ബാധ്യസ്ഥനാണെന്നുമാണ് ബാങ്ക് വാദിച്ചത്.
ലണ്ടൻ കോടതിയിൽ ഈ വാദത്തെ നീരവ് മോദി ശക്തമായി എതിർത്തിരുന്നു. കേസിൽ വാദിക്കുന്നതിനായി ഈ വർഷം ആദ്യം നീരവ് മോദി നേരിട്ട് കോടതിയിൽ ഹാജരായതും ശ്രദ്ധേയമായിരുന്നു. എന്നാൽ, ബാങ്കിന്റെ വാദം നിയമപരമായി നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കിയ കോടതി, തുക തിരിച്ചടക്കാൻ ഉത്തരവിടുകയായിരുന്നു. ഇതോടെ, ബ്രിട്ടനിലെ നിയമനടപടികളിലൂടെ ഈ തുക വീണ്ടെടുക്കാൻ ബാങ്കിന് അവസരമൊരുങ്ങും.
നീരവ് മോദിയെ സംബന്ധിച്ചിടത്തോളം ബ്രിട്ടനിൽ നേരിടുന്ന നിയമപരാജയങ്ങളുടെ പട്ടികയിലേക്ക് പുതിയൊരു വിധി കൂടി ചേർക്കപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലേക്കുള്ള നാടുകടത്തൽ തടയാൻ അദ്ദേഹം നൽകിയ അപേക്ഷ മാർച്ച് മാസത്തിൽ ലണ്ടൻ ഹൈകോടതി തള്ളിയിരുന്നു. തട്ടിപ്പ് കേസിൽ വിചാരണ നേരിടുന്നതിനായി ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവുകൾ നേരത്തെ തന്നെ കോടതികൾ ശരിവെച്ചിട്ടുണ്ട്. 2019 മാർച്ച് മുതൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന നീരവ് മോദിയുടെ നിരവധി ജാമ്യാപേക്ഷകളും യുകെ കോടതികൾ നേരത്തെ തള്ളിക്കളഞ്ഞിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) തട്ടിപ്പിലെ മുഖ്യപ്രതികളിലൊരാളാണ് നീരവ് മോദി. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് സി.ബി.ഐയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ബാങ്ക് ഗ്യാരണ്ടികൾ ദുരുപയോഗം ചെയ്ത് ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ ഏജൻസികളുടെ ആരോപണം.
ഈ വിധി ബാങ്ക് ഓഫ് ഇന്ത്യക്ക് മാത്രമല്ല, ഇന്ത്യൻ ബാങ്കിങ് മേഖലക്ക് തന്നെ വലിയ ആത്മവിശ്വാസം നൽകുന്നതാണ്. രാജ്യം വിട്ടുപോയ സാമ്പത്തിക കുറ്റവാളികളിൽ നിന്ന് വിദേശ കോടതികളിലൂടെയും പണം തിരിച്ചുപിടിക്കാൻ ഇന്ത്യൻ ബാങ്കുകൾക്ക് കഴിയുമെന്ന സന്ദേശമാണ് ഇത് നൽകുന്നത്. ഇന്ത്യയിൽ നിന്ന് നാടുകടത്തൽ നടപടികളെ നേരിടുന്നതിനിടയിൽ നീരവ് മോദിക്ക് ഉണ്ടായ ഈ സാമ്പത്തിക ബാധ്യത വലിയ തിരിച്ചടിയാണ്. നിലവിൽ ഇന്ത്യൻ സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതികളായവർ പൊതുമേഖലാ ബാങ്കുകൾക്ക് നൽകാനുള്ളത് 58,000 കോടിയിലധികം രൂപയാണെന്നാണ് ഔദ്യോഗിക കണക്കുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

