‘ജയിലിൽ വെച്ച് വിഷം നൽകി കൊല്ലാൻ ശ്രമിച്ചു; കഴിച്ചത് സ്വന്തമായി പാചകം ചെയ്ത ഭക്ഷണങ്ങൾ’- ആരോപണവുമായി എസ്.പി നേതാവ് അസം ഖാൻ
text_fieldsജയിൽമോചിതനായ എസ്.പി നേതാവ് അസംഖാനെ മുൻ രാജ്യസഭ എം.പി ഷാഹിദ് സിദ്ദീഖി ആശുപത്രിയിൽ സന്ദർശിക്കുന്നു
ലഖ്നോ: ജയിൽ വെച്ച് തന്നെയും മകനെയും വിഷം നൽകി അപായപ്പെടുത്താൻ നീക്കം നടന്നുവെന്ന വെളിപ്പെടുത്തലുമായി 23 മാസത്തെ ജയിൽ വാസത്തിനു ശേഷം മോചിതനായ മുതിർന്ന സമാജ്‍വാദി പാർട്ടി നേതാവും മുൻ മന്ത്രിയുമായ അസം ഖാൻ.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജയിൽ മോചിതനായ ശേഷം, ന്യൂഡൽഹിയിലെ ശ്രീ ഗംഗ റാം ആശുപത്രിയിൽ ചികിത്സ തേടിയ അസം ഖാൻ മുൻ രാജ്യസഭ അംഗവും മാധ്യമ പ്രവർത്തകനുമായ ഷാഹിദ് സിദ്ദീഖിയുമായി സംസാരിക്കവെയാണ് ജയലിൽ വെച്ച് തന്നെയും മകൻ അബ്ദുല്ല അസം ഖാനെയും വിഷം നൽകി കൊലപ്പെടുത്താൻ ശ്രമമുണ്ടായെന്ന് വെളിപ്പെടുത്തിയത്. ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി, പതിയെ കൊലപ്പെടുത്താനുള്ള നീക്കം തിരിച്ചറിഞ്ഞതോടെ ജയിൽ ഭക്ഷണം ഉപേക്ഷിച്ച് സ്വന്തമായി പാചകം ചെയ്യുന്നത് പതിവാക്കിയതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം ജയിലിൽ മരിച്ച മുൻ ബി.എസ്.പി നേതാവും അഞ്ചു തവണ എം.എൽ.എയുമായ മുക്താർ അൻസാരിയുടെ മാതൃകയിൽ വിഷം നൽകി, പതിയെ കൊലപ്പെടുത്തുകയായിരുന്നു അധികൃതരുടെ നീക്കമെന്നും ഇത് കൃത്യസമയത്ത് തിരിച്ചറിയാനായെന്നും അസം ഖാൻ, ഷാഹിദ് സിദ്ദീഖിയോട് വെളിപ്പെടുത്തി. താനും, ഭാര്യയും മക്കളും ഉൾപ്പെടെ മുഴുവൻ കുടുംബത്തെയും ബി.ജെ.പി ലക്ഷ്യം വെച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
ആശുപത്രിയിൽ സന്ദർശിക്കുന്ന ചിത്രങ്ങൾ സഹിതം സാമൂഹിക മാധ്യമത്തിലൂടെയായിരുന്നു ഷാഹിദ് സിദ്ദീഖി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
ഉത്തർ പ്രദേശിലെ സിതാപൂർ ജയിലിലായിരുന്ന അസം ഖാൻ 23 മാസത്തെ തടങ്കൽ വാസത്തിനു ശേഷം സെപ്റ്റംബർ 23നാണ് മോചിതനായത്. തുടർന്നായിരുന്നു അദ്ദേഹത്തെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ നിന്നും പുറത്തിറങ്ങിയ അസംഖാനെ സ്വീകരിക്കാൻ മക്കളും കുടുംബാംഗങ്ങളും പാർട്ടി പ്രവർത്തകരും ഉൾപ്പെടെ വൻ ജനക്കൂട്ടമാണ് സീതാപൂർ ജയിലിന് പുറത്തെത്തിയത്. 100ൽ ഏറെ വാഹനങ്ങളുടെ അകമ്പടിയോടെ വൻ വരവേൽപോടെയായിരുന്നു ജയിലിൽ നിന്നും വീട്ടിലേക്ക് മടങ്ങിയത്.
രണ്ട് കേസുകളിലായി 8,000 രൂപ പിഴ അട പിഴയടച്ച ശേഷമാണ് പുറത്തിറങ്ങിയത്. ക്വാളിറ്റി ബാർ ഭൂമി കൈയേറ്റ കേസിൽ സെപ്റ്റംബർ 18നാണ് അലഹബാദ് ഹൈകോടതി അസം ഖാന് ജാമ്യം അനുവദിച്ചത്. റാംപൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.
ബി.എസ്.പിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായെങ്കിലും അസം ഖാൻ പ്രതികരിക്കാൻ തയാറായില്ല. ജയിലിൽ ആരുമായും കൂടിക്കാഴ്ച നടത്താനുള്ള സാഹര്യമില്ലെന്നും, കഴിഞ്ഞ രണ്ടുവർഷമായി പുറംലോകവുമായി ബന്ധമില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മറ്റു കേസുകളിലായി മൂന്ന് വർഷം മുമ്പും അസം ഖാൻ ജയിലിലായിരുന്നു. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും വ്യാജ കേസുകളിൽ പെടുത്തി ജയിലിലടക്കുകയായിരുന്നുവെന്നും അസം ഖാൻ പറഞ്ഞു.
104ഓളം കേസുകളാണ് മുൻ ഉത്തർ പ്രദേശ് മന്ത്രി കൂടിയായ ഇദ്ദേഹത്തിനെതിരെ പൊലീസ് രജിസ്റ്റർ ചെയ്തത്. ഏതാനും സെക്ഷനുകൾ റദ്ദാക്കിയാണ് കോടതി കഴിഞ്ഞയാഴ്ച മോചനത്തിന് വഴിയൊരുക്കിയത്.
സമാജ്‍വാദി പാർട്ടി സ്ഥാപക അംഗമായി അസംഖാൻ മുൻ ലോക്സഭ അംഗവുമായിരുന്നു. 1980ൽ ആദ്യമായി എം.എൽ.എ ആയ ഇദ്ദേഹം, പത്തു തവണയാണ് റാംപൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയത്. പത്താം തവണ എം.എൽ.എ ആയ ശേഷം, കേസിൽ ശിക്ഷിക്കപ്പെട്ടതോടെ 2023ൽ നിയമ സഭ അംഗത്വം റദ്ദാക്കപ്പെട്ടു. എസ്.പിയുടെ മുസ്‍ലിം മുഖങ്ങളിൽ ഒന്ന് കൂടിയായിരുന്നു ഇദ്ദേഹം.
ബി.ജെ.പി എം.എൽ.എ ആയി ആകാശ് സക്സേന നൽകിയ വ്യാജ ജനന സർട്ടിഫിക്ക് കേസിലായിരുന്നു 2023 ഒക്ടോബറിൽ അസംഖാൻ, ഭാര്യ, മകൻ എന്നിവരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. ഏഴു വർഷത്തേക്ക് കോടതി ശിക്ഷിച്ചുവെങ്കിലും ഭാര്യ തൻസീം, മകൻ അബ്ദുല്ല എന്നിവരെ പിന്നീട് വിട്ടയച്ചു. മറ്റു കേസുകൾ കണക്കിലെടുത്ത് അസംഖാൻ ജയിലിൽ തന്നെ തുടർന്നു.
ജയിൽ മോചിതനായ ശേഷം പാർട്ടി പ്രവർത്തനങ്ങളിൽ അസംഖാൻ വീണ്ടും സജീവമാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് അനുയായികൾ. അതിനിടെ, ബി.എസ്.പിയിൽ ചേരുമെന്നും അഭ്യൂഹമുണ്ട്.
എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ് ഒക്ടോബർ എട്ടിന് അസംഖാനെ റായ്പൂരിലെ വീട്ടിലെത്തി സന്ദർശിക്കുമെന്നാണ് വാർത്തകൾ. ബി.എസ്.പി അധ്യക്ഷ മായാവതി ലഖ്നോയിൽ നടത്തുന്ന റാലിക്ക് തൊട്ടു തലേന്നാണ് അഖിലേഷുമായുള്ള കൂടികാഴ്ച നിശ്ചയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

