എസ്.പി നേതാവ് അസം ഖാൻ ജയിൽ മോചിതനായി; സ്വീകരിക്കാനെത്തിയത് വൻ ജനാവലി
text_fieldsലഖ്നോ: മുതിർന്ന സമാജ്‌വാദി പാർട്ടി നേതാവും മുൻ ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രിയുമായ അസം ഖാൻ ജയിൽ മോചിതനായി. സീതാപൂർ ജയിലിൽനിന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് അസം ഖാൻ പുറത്തിറങ്ങിയത്. അദ്ദേഹത്തിന്റെ മകൻ, ബന്ധുക്കൾ, സുഹൃത്തുക്കൾ, പാർട്ടി പ്രവർത്തകർ എന്നിവരുൾപ്പെടെ വൻ ജനാവലിയാണ് രാവിലെ മുതൽ തന്നെ സീതാപൂർ ജയിലിന് പുറത്ത് തടിച്ചുകൂടിയത്. 23 മാസത്തെ ജയിൽവാസത്തിന് ശേഷമാണ് അദ്ദേഹം പുറത്തിറങ്ങിയത്.
രണ്ട് കേസുകളിലായി 8,000 രൂപ പിഴ അട പിഴയടച്ച ശേഷമാണ് അസം ഖാൻ പുറത്തിറങ്ങിയത്. പാർട്ടി പ്രവർത്തകർ മുദ്രാവാക്യങ്ങളുമായാണ് അദ്ദേഹത്തെ സ്വീകരിച്ചത്. എന്നാൽ അസം ഖാൻ ആരോടും ഒന്നും മിണ്ടാതെ വാഹനത്തിൽ കയറി പോവുകയാണുണ്ടായത്. ജന്മനാടായ രാംപൂരിലേക്ക് പോയതായാണ് വിവരം. ക്വാളിറ്റി ബാർ ഭൂമി കൈയേറ്റ കേസിൽ സെപ്റ്റംബർ 18നാണ് അലഹബാദ് ഹൈകോടതി അസം ഖാന് ജാമ്യം അനുവദിച്ചത്. റാംപൂരിലെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. തുടർന്ന് ജാമ്യം തേടി കോടതിയെ സമീപിക്കുകയായിരുന്നു.
ബി.എസ്.പിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങളിൽ അസം ഖാൻ പ്രതികരിക്കാൻ തയാറായില്ല. ജയിലിൽ ആരുമായും കൂടിക്കാഴ്ച നടത്താനുള്ള സാഹര്യമില്ല. കഴിഞ്ഞ രണ്ടുവർഷമായി പുറംലോകവുമായി ബന്ധമില്ല. അതിനു മൂന്ന് വർഷം മുമ്പ് കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായിരുന്നു. ചുരുക്കത്തിൽ അഞ്ച് വർഷമായി ആരുമായും ബന്ധമില്ല. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും വ്യാജ കേസുകളിൽ പെടുത്തി ജയിലിലടക്കുകയായിരുന്നുവെന്നും അസം ഖാൻ പറഞ്ഞു.
ഈ മാസമാദ്യം റാംപൂരിലെ ദുൻഗർപൂർ കോളനിയിൽനിന്ന് താമസക്കാരെ നിർബന്ധിച്ച് ഒഴിപ്പിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ അലഹബാദ് ഹൈകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നു. റോഡ് ഉപരോധം, പൊതു സ്വത്ത് നശിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട 17 വർഷം പഴക്കമുള്ള കേസിലും കോടതി ഖാനെ കുറ്റവിമുക്തനാക്കിയിരുന്നു. വർഷങ്ങളായി അദ്ദേഹത്തിനെതിരെ വിവിധ ക്രിമിനൽ കുറ്റങ്ങൾ ഉൾക്കൊള്ളുന്ന 16 എഫ്.ഐ.ആറുകളാണ് ഫയൽ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

