ആയുഷ്മാൻ ഭാരത് പദ്ധതി നാളെ ഡൽഹിയിൽ ആരംഭിക്കും ; ആദ്യഘട്ടത്തിൽ 2.60 ലക്ഷം പേർക്ക് ഹെൽത്ത് കാർഡുകൾ
text_fieldsന്യൂഡൽഹി: ഡൽഹിയിൽ ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന (പി.എം-ജെ.എ.വൈ) നാളെ മുതൽ ആരംഭിക്കും. പദ്ധതിയുടെ ആദ്യഘട്ടത്തിൽ, ഡൽഹിയിലെ 2.60 ലക്ഷം താമസക്കാർക്ക് ഹെൽത്ത് കാർഡുകൾ വിതരണം ചെയ്യുമെന്ന് ഡൽഹി ആരോഗ്യമന്ത്രി പങ്കജ് സിംങ് അറിയിച്ചു.
ആദ്യദിനത്തിൽ ഏകദേശം 400-500 പേർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരവാസികൾക്ക് ഇത് ഏറെക്കാലമായി ലഭിക്കേണ്ടിയിരുന്ന പദ്ധതിയാണിതെന്നും മുൻ ആം ആദ്മി സർക്കാർ രാഷ്ട്രീയ താൽപര്യങ്ങൾക്കായി പദ്ധതി തടഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
പദ്ധതി പ്രകാരമുള്ള രജിസ്‌ട്രേഷനും കാർഡ് വിതരണവുമെല്ലാം ഇടനിലക്കാരുടെ ഇടപെടലില്ലാതെ നടക്കുന്നതിനായി ഏകോപിത സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഗുണഭോക്താക്കൾ സ്വയം രജിസ്റ്റർ ചെയ്താൽ അതത് വിവരങ്ങൾ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യപ്പെടുകയും മൊബൈൽ ഫോൺ സന്ദേശത്തിലൂടെ അറിയിക്കുകയും ചെയ്യും.
ഡൽഹിയിലെ ആരോഗ്യ-ക്ഷേമവകുപ്പ് അടുത്തിടെ ദേശീയ ആരോഗ്യ അതോറിറ്റിയുമായി (NHA) ധാരണാപത്രം ഒപ്പിട്ടതോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതോടെ, പദ്ധതി നടപ്പാക്കുന്ന 35ാമത് സംസ്ഥാനം/കേന്ദ്രഭരണ പ്രദേശമായി മാറിയിരിക്കുകയാണ് ഡൽഹി. പശ്ചിമ ബംഗാൾ മാത്രമാണ് പദ്ധതി നടപ്പാക്കാൻ ബാക്കിയുള്ളത്.
പദ്ധതിയുടെ ഭാഗമായി കേന്ദ്ര സർക്കാർ നൽകുന്ന 5 ലക്ഷം രൂപയുടെ കവറേജിനൊപ്പം, സംസ്ഥാന സർക്കാർ അധികമായി 5 ലക്ഷം രൂപയുടെ ടോപ്പ് അപ്പും നൽകുമെന്ന് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത വ്യക്തമാക്കി.
ആയുഷ്മാൻ ഭാരത് പദ്ധതി വഴി ഡൽഹിയിലെ ഏകദേശം 6.54 ലക്ഷം കുടുംബങ്ങൾക്ക് ഈ പദ്ധതിയിൽ നിന്ന് ആനുകൂല്യങ്ങൾ ലഭ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

