അയോധ്യ രാമക്ഷേത്ര കൊള്ള രാജിയാക്കി ട്രസ്റ്റ്; ഇടപെടാതെ കോടതി
text_fieldsന്യൂഡൽഹി: രാമക്ഷേത്ര കൊള്ളയിൽ പ്രതിക്കൂട്ടിലായ വിശ്വ ഹിന്ദു പരിഷത്ത് ഉപാധ്യക്ഷനായിരുന്ന രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ആർ.എസ്.എസ് നേതാവായ ട്രസ്റ്റ് അംഗം അനിൽ മിശ്രയുടെയും രാജി അയോധ്യയിൽ ചേർന്ന ട്രസ്റ്റ് യോഗം സ്വീകരിച്ചു. ചമ്പത് റായിയോടൊപ്പം രാമക്ഷേത്ര പ്രസ്ഥാനത്തിലുണ്ടായിരുന്ന ആർ.എസ്.എസ് നേതാവ് കൃഷ്ണ മോഹൻ യാദവിനെ ട്രസ്റ്റിന്റെ താൽക്കാലിക ജനറൽ സെക്രട്ടറിയാക്കി. രാമക്ഷേത്ര കൊള്ളയുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിൽ (എസ്.ഐ.ടി) വിശ്വാസം രേഖപ്പെടുത്തിയ ട്രസ്റ്റ് ഈ മാസം 22ന് വീണ്ടും യോഗം ചേരും. അതിനിടെ, രാമക്ഷേത്ര കൊള്ളയിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജി അലഹബാദ് ഹൈകോടതിയുടെ ലഖ്നോ ബെഞ്ച് തള്ളി.
കൊള്ളയുടെ വിവരം സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഈ മാസം ഏഴിന് പുറത്തുവിട്ട ശേഷം ആദ്യമായാണ് പ്രധാനന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ‘ശ്രീരാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ്’ യോഗം ചേരുന്നത്. അഖിലേഷ് യാദവിന്റെ വെളപ്പെടുത്തൽ ആദ്യം തള്ളിയ അശോക് സിംഗാളിനൊപ്പം രാമക്ഷേത്ര പ്രസ്ഥാനത്തെ നയിച്ച വി.എച്ച്.പി നേതാവ് ചമ്പത് റായ് തന്നെ കൊള്ളയുടെ കേന്ദ്ര സ്ഥാനത്ത് വന്നതോടെ രാജിവെക്കാൻ നിർബന്ധിതനായ ശേഷമായിരുന്നു യോഗം.
ചമ്പത് റായിയുടെ രാജി മഹത്വവത്കരിച്ച് ട്രഷറർ
തിങ്കളാഴ്ച ഉച്ചക്ക് മൂന്നര മണിക്ക് തുടങ്ങിയ യോഗം മൂന്ന് മണിക്കൂറിലേറെ നീണ്ടു. തുടർന്ന് രാമക്ഷേത്ര കൊള്ളയിൽ ശങ്കരാചാര്യ ഉൾപ്പെടെ ഹിന്ദു സന്യാസിമാർ പ്രതിക്കൂട്ടിൽ നിർത്തുന്ന ട്രസ്റ്റ് ട്രഷറർ ഗോവിന്ദ് ഗിരിയാണ് വാർത്തസമ്മേളനത്തിൽ യോഗ തീരുമാനങ്ങൾ പ്രഖ്യാപിച്ചത്.‘ശ്രീരാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റി’ന്റെ ബൈലോ പ്രകാരം ഒരാൾ രാജിവെച്ചാൽ സ്വീകരിക്കാനേ കഴിയൂ തള്ളാനാവില്ലെന്നും അതുകൊണ്ടാണ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതുവരെ തുടരുന്നത് ശരിയല്ലെന്ന് കണ്ടാണ് ചമ്പത് റായി രാജിവെച്ചത്. കുറ്റം ചെയ്ത ആരെയും വെറുതെ വിടില്ലെന്നും ഗിരി പറഞ്ഞു.
രോഷം അഖിലേഷിനോട്
കൊള്ള പുറത്തുകൊണ്ടുവന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനോടുള്ള രോഷം മറച്ചുവെക്കാതിരുന്ന ഗോവിന്ദ് ഗിരി കർസേവക്ക് വന്നവരെ വെടിവെക്കാൻ ഉത്തരവിട്ടവരാണ് ഇപ്പോൾ രാമഭക്തരായി വന്നതെന്നും അത് തിരിച്ചറിയണമെന്നും പറഞ്ഞു. ഇത്തരക്കാർ നടത്തുന്ന പ്രചാരണങ്ങൾകൊണ്ട് രാമരാജ്യസ്ഥാപനം തടയാനാവില്ല. രാമക്ഷേത്ര കൊള്ള പ്രചരിപ്പിച്ച് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനുള്ള നീക്കം കരുതിയിരിക്കണം.
പഴുതടക്കുമെന്ന് ട്രസ്റ്റ്
രാമക്ഷേത്രത്തിൽ കൊള്ള നടത്താൻ കാരണമായ പഴുതുകൾ അടച്ച് കൊള്ള തടയുകയാണ് പ്രഥമ ഉത്തരവാദിത്തമെന്ന് ജനറൽ സെക്രട്ടറിയുടെ ചുമതലയേറ്റ കൃഷ്ണ മോഹൻ യാദവ് പറഞ്ഞു. കൊള്ള പുറത്തുവന്നതോടെ രാമക്ഷേത്ര ട്രസ്റ്റിന്റെ വിശ്വാസം നഷ്ടപ്പെട്ടെന്നും അത് വീണ്ടെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കും. സംഭാവന മാത്രമല്ല, രാമക്ഷേത്രത്തിൽ നിന്ന് പണമല്ലാതെ മറ്റു പലതും കളവുപോയിട്ടുണ്ട്. എന്നാൽ, സ്വർണം പൂശിയ രാമചരിത മാനസം പുസ്തകം അടക്കമുള്ളവ നഷ്ടപ്പെട്ടിട്ടില്ലെന്നും പറഞ്ഞു. രാജി വെച്ചവർ തുടർന്നാൽ അന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകൾ നശിപ്പിക്കുമെന്നും ആക്ഷേപങ്ങളുയർന്നതുകൊണ്ടാണ് ഇരുവരും പടിയിറങ്ങിയതെന്നും വിശ്വ ഹിന്ദു പരിഷത്ത് അന്തർ ദേശീയ പ്രസിഡന്റ് അലോക് കുമാർ പ്രതികരിച്ചു.
ബി.ജെ.പിയിലെ അധികാരത്തർക്കം തുറന്നുകാട്ടി -അഖിലേഷ്
ലഖ്നോ: അയോധ്യ രാമക്ഷേത്രക്കൊള്ള ബി.ജെ.പിയും ഉത്തർപ്രദേശ് സർക്കാറും തമ്മിലുള്ള അധികാരത്തർക്കം തുറന്നുകാട്ടിയെന്ന് സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. അയോധ്യയിലെ ജനങ്ങളുടെ വിശ്വാസവും മതവികാരവുമാണ് ഇതിലൂടെ ലംഘിക്കപ്പെട്ടതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ മതവിശ്വാസം സംരക്ഷിക്കുന്നതിനേക്കാൾ ആഭ്യന്തര കലഹങ്ങളിലാണ് ബി.ജെ.പി നേതൃത്വം കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നമ്മുടെ ഭക്തിയും വിശ്വാസവും കബളിപ്പിക്കപ്പെടുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാമെങ്കിലും എല്ലാവരും നിശ്ശബ്ദരാണ്. ഒരുമിച്ച് പ്രവർത്തിക്കേണ്ട കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ കലഹത്തിലാണ്. ഭക്തിക്കും വിശ്വാസത്തിനും മേലെ അധികാരത്തോടുള്ള ആർത്തിയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

