തകർത്ത ബാബരി മസ്ജിദിന് പകരം നിർമിക്കാൻ നിർദേശിച്ച അയോധ്യ പള്ളിയുടെ പ്ലാൻ തള്ളി
text_fieldsഅയോധ്യയിൽ ബാബരി മസ്ജിദ് പകരം പള്ളി നിർമിക്കാൻ അനുവദിച്ച ഭൂമി
ലഖ്നോ: തീവ്ര ഹിന്ദുത്വ സംഘടനകൾ തകർത്ത ബാബരി മസ്ജിദിന് പകരമായി സുപ്രീം കോടതി വിധി പ്രകാരം അയോധ്യയിൽ നിർമിക്കാൻ നിർദേശിച്ച മുസ്‍ലിം പള്ളിയുടെ നിർമാണ അപേക്ഷ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളി.
ഉത്തർ പ്രദേശ് സർക്കാറിനു കീഴിലെ വിവിധ വകുപ്പുകളിൽ നിന്നും അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് പള്ളി നിർമാണ ട്രസ്റ്റിന്റെ അപേക്ഷ തള്ളിയത്. ഇതേ തുടർന്ന്, പള്ളി നിർമാണ പ്രവർത്തനങ്ങൾ അനന്തമായി നീളുന്നു.
സുപ്രീം കോടതി ഉത്തരവ് പ്രകാരം പള്ളി നിർമാണത്തിനായി ഉത്തർ പ്രദേശ് സർക്കാർ അയോധ്യ നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെ ധാന്നിപൂർ ഗ്രാമത്തിൽ അനുവദിച്ച അഞ്ചേക്കർ ഭൂമിയിൽ നിർമാണ അനുമതി തേടി ഉത്തർ പ്രദേശ് സുന്നി സെൻട്രൽ വഖ് ബോർഡ് സമർപ്പിച്ച പ്ലാൻ അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി തള്ളുകയായിരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നും നിരാക്ഷേപ പത്രം (എൻ.ഒ.സി) ലഭിച്ചില്ലെന്ന് ചൂണ്ടികാട്ടിയായിരുന്നു ധാന്നിപൂർ ഗ്രാമത്തിലെ പള്ളി നിർമാണ അപേക്ഷ നിരസിച്ചത്.
ഉത്തർ പ്രദേശിൽ നിന്നുള്ള മാധ്യമ പ്രവർത്തകൻ ഓം പ്രകാശ് സിങ് ആണ് വിവരാവകാശ നിയമ പ്രകാരം വിശദാംശങ്ങൾ പുറത്തുകൊണ്ടു വന്നത്.
പള്ളി നിർമാണചുമതലയുള്ള ട്രസ്റ്റ് 2021ജൂൺ 23നാണ് പ്ലാൻ സമർപ്പിച്ചത്. എന്നാൽ, പൊതുമരാമത്ത് വിഭാഗം, മലിനീകരണ നിയന്ത്രണ വിഭാഗം, സിവിൽ ഏവിയേഷൻ, ജലസേചനം, റവന്യൂ, മുനിസിപ്പൽ കോർപറേഷൻ, ഫയർ സർവീസ് തുടങ്ങിയ വകുപ്പുകൾ പ്രസ്തുത സ്ഥലത്തെ പള്ളി നിർമാണത്തിന് എൻ.ഒ.സി നൽകിയില്ല. ഇതേ തുടർന്ന് പ്ലാൻ തള്ളിയതായി അയോധ്യ ഡെവലപ്മെന്റ് അതോറിറ്റി ആർ.ടി.ഐ മറുപടിയിൽ അറിയിച്ചു. അപേക്ഷക്കൊപ്പം പള്ളി നിർമാണ ട്രസ്റ്റ് എ.ഡി.എയിൽ നാല് ലക്ഷം രൂപ സെക്യുരിറ്റി ഡെപോസിറ്റ് ആയി നിക്ഷേപിച്ചിട്ടുണ്ട്.
പ്ലാൻ നിരസിച്ചതായി ഔദ്യോഗികമായി ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ട്രസ്റ്റ് സെക്രട്ടറി അതാർ ഹുസൈൻ പ്രതികരിച്ചു.
1992 ഡിസംബർ ആറിനായിരുന്നു തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ ബാബരി മസ്ജിദ് തകർത്തത്. നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളി തകർത്തത് ഇന്ത്യയുടെ മതേതര മുഖത്തിനേറ്റ പ്രഹരം കൂടിയായി മാറി. ഒടുവിൽ പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2019 നവംബർ ഒമ്പതിനായിരുന്നു കേസിൽ സുപ്രീം കോടതി ചരിത്രപ്രസിദ്ധ വിധിന്യായം നടത്തിയത്. ബാബരി മസ്ജിദ് നിലനിന്ന സ്ഥലം രാമജന്മഭൂമിയായി പ്രഖ്യാപിച്ച കോടതി ഇവിടെ രാമക്ഷേത്രം പണിയാൻ അനുവാദം നൽകി. ഒപ്പം, മുസ്‍ലിം വിഭാഗങ്ങൾക്കായി പള്ളി നിർമിക്കാൻ അയോധ്യയിൽ തന്നെ അഞ്ചേക്കർ ഭൂമി വിട്ടു നൽകാനും നിർദേശിച്ചു.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ്.അബ്ദുല്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചായിരുന്നു അയോധ്യ കോസിൽ വിധി പുറപ്പെടുവിച്ചത്.
അഞ്ചു വർഷത്തിനുള്ളിൽ രാമക്ഷേത്ര നിർമാണം പൂർത്തിയാക്കുകയും, 2024 ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠ നിർവഹിക്കുകയും ചെയ്തു.
സുന്നി വഖഫ് ബോര്‍ഡിന് 2020 ഫെബ്രുവരിയിൽ സൊഹാവലിലെ ധാന്നിപൂർ ഗ്രാമത്തിൽ ഭൂമി കൈമാറിയെങ്കിലും പ്ലാൻ അംഗീകാരം പോലും നൽകാത്തതിനെ തുടർന്ന് അഞ്ചു വർഷം പിന്നിട്ടിട്ടും നിർമാണം അനന്തമായി നീളുകയാണ്.
മസ്ജിദ് ഇ അയോധ്യയെന്ന പേരിൽ പള്ളി, ആശുപത്രി, സാമൂഹിക അടുക്കള, ലൈബ്രറി, ഗവേഷണ കേന്ദ്രം എന്നിവ ഉൾപ്പെടുന്നതാണ് അഞ്ചേക്കർ ഭൂമിയിലെ പള്ളി. എന്നാൽ, പള്ളി നിർമാണത്തിനായി ഫണ്ട് കണ്ടെത്തുന്നത് സംബന്ധിച്ച് വെല്ലുവിളികളും ട്രസ്റ്റ് നേരിടുന്നുണ്ട്.
അതേസമയം, സുപ്രീം കോടതി നിർദേശിച്ചത് പ്രകാരം സംസ്ഥാന സർക്കാർ ഭൂമി നൽകിയെന്നും, എന്നാൽ എന്ത്കൊണ്ടാണ് സർക്കാർ വകുപ്പുകൾ എൻ.ഒ.സി വിലക്കുന്നത് എന്നറിയില്ലെന്നും അതാർ ഹുസൈൻ പ്രതികരിച്ചു.
പള്ളിക്കും ആശുപത്രി കെട്ടിടത്തിനും മാനദണ്ഡങ്ങൾ അനുസരിച്ച് അപ്രോച്ച് റോഡിന് 12 മീറ്റർ വീതി ഉണ്ടായിരിക്കണമെന്ന് അഗ്നിശമന വകുപ്പ് പരിശോധനയിൽ ആശങ്ക പ്രകടിപ്പിച്ചതായി അതാർ ഹുസൈൻ പറഞ്ഞു. അതേസമയം, സ്ഥലത്തെ റോഡിന് ആറ് മീറ്റർ വീതിയും പള്ളിയുടെ പ്രധാന അപ്രോച്ചിൽ നാല് മീറ്റർ വീതിയുമാണുള്ളത്. മറ്റു വകുപ്പുകളുടെ നടപടിയുടെ കാരണം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശം ഉന്നയിച്ച് സ്ത്രീ രംഗത്ത്
ധാന്നിപൂരിൽ അനുവദിച്ച സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ഉന്നയിച്ചുകൊണ്ട് അടുത്തിടെ ഡൽഹി സ്വദേശിനി രംഗത്തെത്തിയിരുന്നു. അഞ്ചേക്കർ സ്ഥലം തന്റെ കുടുംബത്തിന്റേതാണെന്നും, ഭൂമിയുടെ അവകാശം സ്ഥാപിച്ചുകിട്ടാൻ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡൽഹി സ്വദേശിനിയായ റാണി പഞ്ചാബി 2024 ജൂലായിൽ ഉന്നയിച്ച് രംഗത്തെത്തിയതും വിവാദമായി.
ബാബരി മസ്ജിദ് കേസിൽ 2019ലെ സുപ്രീംകോടതി വിധി അനുസരിച്ച് ഭരണകൂടം പള്ളി നിർമിക്കാൻ സുന്നി സെൻട്രൽ വഖഫ് ബോർഡിന് അയോധ്യയിലെ ധാനിപൂർ ഗ്രമത്തിലാണ് അഞ്ചേക്കർ സ്ഥലം അനുവദിച്ചത്. ഈ സ്ഥലം തന്റെ കുടുംബത്തിനവകാശപ്പെട്ട 28.35 ഏക്കറിൽ പെട്ടതാണെന്നാണ് റാണി പഞ്ചാബിയുടെ വാദം.
ഇതിന്റെ എല്ലാ രേഖകളും കൈവശമുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ, റാണി പഞ്ചാബിയുടെ വാദം തെറ്റാണെന്നും അലഹബാദ് ഹൈകോടതി ഇവരുടെ അവകാശവാദം നേരത്തേ തള്ളിയതാണെന്നും മസ്ജിദ് നിർമാണത്തിന് രൂപവത്കരിച്ച ഇന്തോ-ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് തലവൻ സുഫർ ഫാറൂഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

