പി. ചിദംബരം ‘യഥാർഥ നക്സൽ’, ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിനെക്കുറിച്ച് അന്വേഷിക്കണം -അസം മുഖ്യമന്ത്രി
text_fieldsഅസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം
ഗുവാഹത്തി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ പി. ചിദംബരം ‘ദിമാഗി നക്സൽ’ അല്ല, ‘യഥാർഥ നക്സൽ’ ആണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പരാമർശത്തെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് ശക്തമാകുന്നതിനിടെ, ചിദംബരം സ്വയം ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ഹിമന്ത ബിശ്വ ശർമയുടെ പരാമർശം.
ചിദംബരം കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് രാജ്യത്ത് മാവോയിസ്റ്റ് ആക്രമണങ്ങൾ ഉണ്ടായിട്ടും നക്സലിസം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചില്ല എന്നത് അന്വേഷിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. ചിദംബരം തന്നെ ‘ദിമാഗി നക്സൽ’ എന്ന് വിശേഷിപ്പിച്ച സാഹചര്യത്തിൽ, അദ്ദേഹം ആഭ്യന്തര മന്ത്രിയായിരുന്ന കാലയളവിൽ നക്സലിസത്തിനെതിരെ നടപടികൾ സ്വീകരിക്കുന്നതിൽ മനപൂർവമായ വീഴ്ച ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന കാലത്ത് ഛത്തീസ്ഗഢിൽ കോൺഗ്രസ് നേതാവ് വി.സി. ശുക്ല ഉൾപ്പെടെയുള്ളവർ നക്സൽ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവവും ഹിമന്ത ബിശ്വ ശർമ പരാമർശിച്ചു. ‘ചിദംബരം കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ വി.സി. ശുക്ലയും മറ്റ് നിരവധി കോൺഗ്രസ് നേതാക്കളും ഛത്തീസ്ഗഡിൽ നക്സലുകൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത് നിങ്ങൾ ഓർക്കുന്നുണ്ടാകും. എന്നിട്ടും, നക്സലിസം ഇല്ലാതാക്കാൻ കോൺഗ്രസ് ഒരു നടപടിയും സ്വീകരിച്ചില്ല’ ഹിമന്ത ബിശ്വ ശർമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
രാജ്യത്ത് അരാജകത്വം നിലനിൽക്കണമെന്ന് കോൺഗ്രസ് ആഗ്രഹിക്കുന്നു. അരാജകത്വത്തിന്റെ വ്യാപ്തി മുതലെടുത്ത് 2029ൽ വീണ്ടും അധികാരത്തിൽ എത്താനാണ് അവർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ രാജ്യത്ത് നക്സലിസത്തിനെതിരെ വലിയ മുന്നേറ്റമുണ്ടായെന്നും അദ്ദേഹം അവകാശപ്പെട്ടു.
ആഗസ്റ്റ് 15ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ദിമാഗി നക്സൽ’ എന്ന പ്രയോഗം നടത്തിയത്. വനമേഖലകളിൽ നക്സലിസത്തെ നേരിടുന്നതിൽ രാജ്യം വലിയ മുന്നേറ്റം കൈവരിച്ചെങ്കിലും നക്സൽ ആശയങ്ങൾ പ്രചരിപ്പിക്കുന്ന ഒരു വിഭാഗം ഇപ്പോഴും ഉണ്ടെന്നായിരുന്നു മോദിയുടെ പരാമർശം. ഇതിന് പിന്നാലെ ചിദംബരം സാമൂഹിക മാധ്യമത്തിലൂടെ ‘ദിമാഗി നക്സൽ’ എന്ന് വിളിക്കപ്പെടുന്നതിൽ തനിക്ക് അഭിമാനമാണെന്ന് പ്രതികരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

