ഡോവലിന്റെ ക്ഷണത്തിനു പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിലേക്ക്; ഓപ്പറേഷൻ സിന്ദൂറും ഗാൽവാനും ടിബറ്റ് അണക്കെട്ടും ഓർമിപ്പിച്ച് ജയറാം രമേശ്
text_fieldsന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ക്ഷണപ്രകാരം ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യാ സന്ദർശനവേളയിൽ ഗൗരവതരമായ കാര്യങ്ങൾ ഓർമിപ്പിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശ്.
കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പൊളിറ്റ്ബ്യൂറോ അംഗവും ചൈനീസ് വിദേശകാര്യ മന്ത്രിയുമായ വാങ് യി ആഗസ്റ്റ് 18, 19 തീയതികളിൽ ഇന്ത്യ സന്ദർശിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. അതിർത്തി പ്രശ്‌നത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി പ്രത്യേക പ്രതിനിധികളുടെ 24-ാംവട്ട ചർച്ചകൾ നടക്കും. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ഉഭയകക്ഷി ചർച്ചകളും നടത്തും. പ്രധാനമന്ത്രി മോദിയെയും വാങ് യി കാണുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
എന്നാൽ, വാങ് യി ഇന്ത്യയിൽ എത്തുന്ന ദിവസം തന്നെ കോൺഗ്രസ് നേതാവ് ജയറാം രമേശ് അതിനെതിരെ രംഗത്തുവന്നു. ഓപ്പറേഷൻ സിന്ദൂരിലും ഗാൽവാൻ ഏറ്റുമുട്ടലുകളിലും പാകിസ്താന് ചൈന നൽകിയ സഹായം ഉയർത്തിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ താൽപര്യങ്ങൾ ബലികഴിച്ചുവെന്ന് രമേശ് ആരോപിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ. സിങ്ങും പ്രധാനമന്ത്രി മോദിയും നടത്തിയ പരാമർശങ്ങളുടെ രണ്ട് വിഡിയോ ക്ലിപ്പുകളും രമേശ് ‘എക്സി’ൽ പങ്കുവെച്ചു.
‘മൂന്നു മാസം മുമ്പത്തെ കാര്യമാണിത്. ഓപ്പറേഷൻ സിന്ദൂരിനിടെ ചൈന പാകിസ്താന് പൂർണ സൈനിക പിന്തുണ നൽകി. ജെ-10സി യുദ്ധവിമാനം, പിഎൽ-15 എയർ-ടു-എയർ മിസൈൽ, മറ്റു വിവിധതരം മിസൈലുകളും ഡ്രോണുകളും നൽകി. ഇന്ത്യക്കെതിരായി ചൈന പാകിസ്താന് തത്സമയ രഹസ്യാന്വേഷണ വിവരങ്ങൾ നൽകിയിരുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് ഓഫ് ആർമി സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ രാഹുൽ ആർ സിങ് പറഞ്ഞു. 2025 ജൂലൈ 4 ന് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ പോരാടിയ എതിരാളികളിലൊന്നാണ് ചൈന എന്നും അദ്ദേഹം പ്രസ്താവിച്ചു. യാർലുങ് സാങ്‌പോ നദിയിൽ 60 ജിഗാവാട്ട് മെഡോഗ് അണക്കെട്ടിന്റെ നിർമ്മാണവും ചൈന ആരംഭിച്ചിട്ടുണ്ട്. ഇത് ഇന്ത്യക്ക് വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.‘
‘2020 ഏപ്രിലിലെ സ്ഥിതിയിലേക്ക് മടങ്ങാൻ ഇന്ത്യൻ സൈന്യത്തിന് വ്യക്തമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും 2024 ഒക്ടോബറിൽ ചൈനയുമായി ഒരു ‘പിരിച്ചുവിടലിന്’ സർക്കാർ സമ്മതിച്ചു. അതനുസരിച്ച് ഇന്ത്യൻ പട്രോളിങ്ങ് സംഘത്തിന് ഡെപ്സാങ്, ഡെംചോക്ക്, ചുമാർ എന്നിവിടങ്ങളിലെ അവരുടെ പട്രോളിങ് പോയിന്റുകളിൽ എത്താൻ ചൈനയുടെ സമ്മതം ആവശ്യമാണ്.
ഇന്ത്യ അവകാശപ്പെടുന്ന അതിർത്തിരേഖക്കുള്ളിൽ സ്ഥിതി ചെയ്യുന്ന ഗാൽവാൻ, ഹോട്ട് സ്‍പ്രിങ്, പാംഗോംഗ് ത്സോ എന്നിവിടങ്ങളിൽ ‘ബഫർ സോണുകൾ’ സ്ഥാപിക്കാൻ ഇന്ത്യ സമ്മതം നൽകി. ചൈനീസ് ആക്രമണത്തിനു മുമ്പ് നിലനിന്നിരുന്ന സ്ഥിതിയിൽ നിന്ന് ഇത് വളരെ അകലെയാണ്. 2020 ജൂൺ 19ന് ‘നാ കോയി ഹമാരി സീമ മേം ഘുസ് ആയ ഹേ, ന ഹീ കോയി ഘുസാ ഹുവാ ഹേ’ (ആരും നമുടെ ഹൃദയത്തോട് ഇത്ര അടുത്തു വന്നിട്ടില്ല, നമ്മൾ ആരെയും വേദനിപ്പിച്ചിട്ടില്ല) എന്ന് പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി മോദി ചൈനക്ക് കുപ്രസിദ്ധമായ ക്ലീൻ ചിറ്റ് നൽകിയതിന് ഇന്ത്യ വില നൽകുകയാണ്’- രമേശ് വിമർശിച്ചു.
മോദിയുടെ 2020ലെ പ്രസ്താവന ഗാൽവാനിൽ കൊല്ലപ്പെട്ട ഇന്ത്യൻ സൈനികരുടെ ഓർമകളെ അപമാനിക്കുന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് 2020 ജൂണിൽ ഗാൽവാനിൽ 20 ഇന്ത്യൻ സൈനികരുടെ രക്തസാക്ഷിത്വത്തെ പൂർണമായി പരിഹസിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നും രമേശ് പറഞ്ഞു.
2024 ഡിസംബറിലാണ് ഇരു രാജ്യങ്ങളും അവസാന റൗണ്ട് നടന്നത്. കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും സംഭാഷണ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചതിന് ആഴ്ചകൾക്കു ശേഷം ഡോവൽ ബീജിങ് സന്ദർശിച്ചിരുന്നു.
ഈ മാസം അവസാനം ടിയാൻജിനിൽ നടക്കുന്ന വാർഷിക എസ്.സി.ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി ചൈനയിലേക്ക് പോകുന്നതിന് മുന്നോടിയായാണ് വാങ്ങിന്റെ സന്ദർശനം. ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവിസുകൾ പുനഃരാരംഭിക്കുന്നതിനെക്കുറിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

