'കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും യോജിപ്പില്ല'; കൂടിക്കാഴ്ചയ്ക്ക് മുൻപ് നിലപാട് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം
text_fieldsകാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, അൻവർ ഇബ്രാഹിം
ന്യൂഡൽഹി: പ്രമുഖ സുന്നി പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ കേരളത്തിലെത്തി സന്ദർശിക്കുന്നതിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. കാന്തപുരത്തിന്റെ എല്ലാ നിലപാടുകളോടും തനിക്ക് യോജിപ്പില്ലെന്നും സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ മലേഷ്യൻ കാഴ്ചപ്പാട് തുല്യതയിലൂന്നിയതാണെന്നും അദ്ദേഹം എൻ.ഡി.ടി.വിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ തുറന്നുപറഞ്ഞു. ഡൽഹിയിൽ ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം.
സ്ത്രീകളുമായി ബന്ധപ്പെട്ട് അടുത്തിടെ കാന്തപുരത്തിന്റെ ഭാഗത്തുനിന്നുണ്ടായ പരാമർശം വിവാദമായ പശ്ചാത്തലത്തിലാണ് മലേഷ്യൻ പ്രധാനമന്ത്രിയുടെ പ്രതികരണം. കാന്തപുരം ഒരു പരമ്പരാഗത പണ്ഡിതനാണെന്നും എന്നാൽ അദ്ദേഹം സ്ത്രീകൾക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്ന കാര്യം കൂടി സമഗ്രമായി കാണണമെന്നും അൻവർ ഇബ്രാഹിം ചൂണ്ടിക്കാട്ടി. അതേസമയം, കാന്തപുരം നേരിട്ട് ചോദിച്ചാൽപ്പോലും സ്ത്രീ ശാക്തീകരണത്തിൽ മലേഷ്യൻ സർക്കാർ നൽകുന്ന പ്രാധാന്യം താൻ അദ്ദേഹത്തോട് വ്യക്തമാക്കുമെന്ന് അൻവർ ഇബ്രാഹിം പറഞ്ഞു.
'മലേഷ്യയിൽ സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം തുല്യാവകാശമാണുള്ളത്. ഞങ്ങളുടെ സർവകലാശാലകളിൽ വിദ്യാർഥിനികളാണ് കൂടുതൽ. എന്റെ ഭാര്യ ഒരു മെഡിക്കൽ ഡോക്ടറാണ്. എന്റെ പെൺമക്കൾക്ക് ഉൾപ്പെടെ പഠിക്കാനും മുന്നേറാനുമുള്ള എല്ലാ സ്വാതന്ത്ര്യവും അവസരങ്ങളും ഉണ്ട്' അൻവർ ഇബ്രാഹിം വ്യക്തമാക്കി. പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും എല്ലാ അഭിപ്രായങ്ങളോടും ജനങ്ങൾക്ക് യോജിക്കാൻ കഴിയാത്തതുപോലെ, മതപണ്ഡിതരുടെ എല്ലാ അഭിപ്രായങ്ങളോടും തനിക്ക് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോഴിക്കോട് മർകസ് നോളജ് സിറ്റിയിൽ നടക്കുന്ന സ്വീകരണ ചടങ്ങിലും പ്രാർത്ഥനാ സംഗമത്തിലും പങ്കെടുക്കാനാണ് മലേഷ്യൻ പ്രധാനമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. 2022 സെപ്റ്റംബറിൽ പ്രധാനമന്ത്രിയാകുന്നതിന് തൊട്ടുമുൻപും അൻവർ ഇബ്രാഹിം കാന്തപുരത്തെ സന്ദർശിച്ചിരുന്നു. 2023-ൽ മലേഷ്യൻ സർക്കാരിന്റെ പരമോന്നത ഇസ്ലാമിക ബഹുമതിയായ 'ഹിജ്‌റ അവാർഡ്' കാന്തപുരത്തിന് സമ്മാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

