‘നക്സലിസം അവസാനിപ്പിച്ചു, ഇനി ലഹരിയും തുടച്ചുനീക്കും’: 2029ഓടെ പഞ്ചാബ് ലഹരിമുക്തമാക്കുമെന്ന് അമിത് ഷാ
text_fieldsഅമിത് ഷാ
ലുധിയാന: നക്സലിസത്തെ രാജ്യത്ത് നിന്ന് തുടച്ചുനീക്കിയതുപോലെ പഞ്ചാബിനെ ലഹരി മുക്തമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലുധിയാനയിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി 'ചിട്ട' (ലഹരി) എന്ന രാവണന്റെ പ്രതീകാത്മക കോലം കത്തിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നമ്മുടെ പാരമ്പര്യത്തിൽ രാവണന്റെ കോലം കത്തിക്കുന്നത് തിന്മക്ക് മേൽ നന്മ നേടുന്ന വിജയത്തിന്റെ പ്രതീകമാണ്. അഹങ്കാരം, ഗർവ്, അത്യാഗ്രഹം തുടങ്ങിയ ഉള്ളിലെ തിന്മകളെ ഇല്ലാതാക്കാൻ ഓരോ വ്യക്തിയും പ്രതിജ്ഞ എടുക്കേണ്ട ദിവസമാണ് വിജയദശമി.
ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസമാണ് ശ്രീരാമൻ രാവണനെതിരെ വിജയം നേടിയത്, അന്നുമുതൽ ലോകം മുഴുവൻ ആ വിജയത്തെ ആഘോഷിക്കുന്നു’ അമിത് ഷാ പറഞ്ഞു. ലുധിയാനയിലെ രാവണ ദഹനം കാണാൻ പോകണമെന്ന് കുട്ടിക്കാലം മുതൽ കേൾക്കാറുണ്ടെന്നും, ഇവിടുത്തെ രാംലീല കമ്മിറ്റി 200 വർഷമായി ഈ പരിപാടി സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം അനുസ്മരിച്ചു.
ലഹരിക്കെതിരായ പോരാട്ടത്തിൽ മക്കളെ നഷ്ടപ്പെട്ട മൂന്ന് കുടുംബങ്ങളെ അമിത് ഷാ പഞ്ചാബിൽ സന്ദർശിച്ചു. അവരുടെ കണ്ണുനീരും വേദനയും ചോദ്യങ്ങളും ആരെയും പിടിച്ചുലക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ ഒരു കൊലപാതകത്തിന്റെ അന്വേഷണം പഞ്ചാബ് സർക്കാർ സിബിഐക്ക് കൈമാറിയിട്ടുണ്ട്.
ബാക്കി രണ്ട് കേസുകളുടെ അന്വേഷണവും സിബിഐക്ക് കൈമാറണമെന്ന് അമിത് ഷാ പഞ്ചാബ് സർക്കാരിനോട് അഭ്യർത്ഥിച്ചു. ഈ കേസുകളിൽ നീതി ലഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. ‘അന്വേഷണം സിബിഐക്ക് കൈമാറിയാൽ, ഈ കൊലപാതകങ്ങളിൽ എത്ര വലിയ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും മോദി സർക്കാർ അവരെ കണ്ടെത്തി ജയിലിലടക്കും’ അമിത് ഷാ വ്യക്തമാക്കി.
ഈ വിജയദശമി ദിനത്തിൽ തന്നെ ഒരു പ്രതിജ്ഞ എടുക്കുകയാണ്. 2029 ഡിസംബർ 31നകം പഞ്ചാബിനെ ലഹരി കച്ചവടത്തിൽ നിന്ന് പൂർണമായും മോചിപ്പിച്ച് ലഹരി മുക്ത പഞ്ചാബാക്കി മാറ്റും. ജീവൻ നഷ്ടപ്പെട്ട ആ മൂന്ന് ധീരരായ വ്യക്തികൾക്ക് നൽകാവുന്ന ഏറ്റവും വലിയ ആദരാഞ്ജലി അതായിരിക്കും.
ലഹരി കച്ചവടത്തെക്കുറിച്ച് വിവരം ലഭിച്ചാൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ ടോൾ ഫ്രീ ഹെൽപ്പ് ലൈനിൽ അറിയിക്കാൻ പഞ്ചാബിലെ ജനങ്ങളോട് അമിത് ഷാ അഭ്യർത്ഥിച്ചു. വാഗ്ദാനം ചെയ്ത കാര്യങ്ങൾ നടപ്പാക്കിയതിന്റെ റെക്കോർഡാണ് മോദി സർക്കാരിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ആർട്ടിക്കിൾ 370, 35എ എന്നിവ ഇല്ലാതായി, ഭീകരവാദം ഇല്ലാതാകുന്നതിന്റെ വക്കിലാണ്, നക്സലിസത്തെ നമ്മൾ അവസാനിപ്പിച്ചു. ഇനി ലഹരി കച്ചവടവും നമ്മൾ അവസാനിപ്പിക്കും’ അമിത് ഷാ കൂട്ടിച്ചേർത്തു. സംഗ്രൂരിലെ ടൂർ ബഞ്ചാറ ഗ്രാമത്തിൽ ആത്മഹത്യ ചെയ്ത ദലിത് ദിവസക്കൂലിക്കാരനായ ഗുൽസാർ സിങ്ങിന്റെ കുടുംബത്തെയും അമിത് ഷാ സന്ദർശിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി എടുക്കുമെന്ന് അദ്ദേഹം കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്.

