ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; ജമ്മുവിൽ നിന്ന് പുറപ്പെട്ടത് 6000 ത്തിലധികം തീർത്ഥാടകർ
text_fieldsഅമർനാഥ് യാത്ര
ജമ്മു കാശ്മീർ: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് നിർത്തിവച്ചിരുന്ന വാർഷിക അമർനാഥ് യാത്ര ആറ് ദിവസത്തിന് ശേഷം പുനരാരംഭിച്ചു. ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് 6000 ത്തിലധികം തീർത്ഥാടകരുടെ പുതിയ ബാച്ച് കശ്മീർ താഴ്‌വരയിലെ ബാൽതാൽ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. തുടർച്ചയായ മഴയും പ്രതികൂല കാലാവസ്ഥയും കാരണം മുൻകരുതൽ നടപടിയായി ജൂലൈ 19 നാണ് യാത്ര നിർത്തിവെച്ചത്. ജമ്മു കശ്മീരിലുടനീളം പ്രത്യേകിച്ച് ഇരട്ട റൂട്ടുകളായ അനന്ത്‌നാഗ് ജില്ലയിലെ പരമ്പരാഗത പഹൽഗാം റൂട്ടിലും ഗന്ധർബാൽ ജില്ലയിലെ ബാൽതാൽ റൂട്ടിലും 3880 മീറ്റർ ഉയരമുള്ള ഗുഹാക്ഷേത്രത്തിലേക്കുള്ള യാത്രയുമാണ് നിർത്തിവെച്ചത്.
1470 സ്ത്രീകളും 25 കുട്ടികളും 54 സന്യാസിമാരും ഉൾപ്പെടുന്ന 6269 തീർഥാടകരുടെ പതിനെട്ടാമത് സംഘം 223 വാഹനങ്ങളുടെ അകമ്പടിയോടെ കർശന സുരക്ഷയിൽ പുലർച്ചെ ബാൽതാൽ ബേസ് ക്യാമ്പിലേക്ക് പുറപ്പെട്ടതായി അധികൃതർ അറിയിച്ചു. എന്നാൽ പഹൽഗാം റൂട്ടിലേക്ക് നിലവിൽ വാഹനങ്ങൾ അയച്ചിട്ടില്ലെന്നും അവർ കൂട്ടിചേർത്തു.
കാലാവസ്ഥ മെച്ചപ്പെടുകയും ഉധംപുർ-റാംബൻ പാതയിലെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലയിടിച്ചിലും ഉണ്ടായതിനെ തുടർന്ന് മൂന്ന് ദിവസമായി അടച്ചിട്ടിരുന്ന ജമ്മു–ശ്രീനഗർ ദേശീയപാത വീണ്ടും ഗതാഗതത്തിന് തുറക്കുകയും ചെയ്തതോടെയാണ് അമർനാഥ് തീർഥാടനം പുനരാരംഭിച്ചതെന്ന് അധികൃതർ അറിയിച്ചു. വാർഷിക അമർനാഥ് തീർഥാടനത്തിന് ഒരു ദിവസം മുമ്പായ ജൂലൈ രണ്ടിന് ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്ന് ആദ്യ സംഘത്തെ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ യാത്രയയച്ചിരുന്നു.
ആഗസ്റ്റ് 28 ന് രക്ഷാബന്ധൻ ദിനത്തോടനുബന്ധിച്ചാണ് ഈ വർഷത്തെ അമർനാഥ് തീർഥാടനം സമാപിക്കുക. ഇതുവരെ ഏകദേശം നാല് ലക്ഷം തീർഥാടകർ അമർനാഥ് ഗുഹാക്ഷേത്രത്തിൽ ദർശനം നടത്തി. ഇവരിൽ ഏകദേശം 1.20 ലക്ഷം പേർ ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ജമ്മുവിലെ ഭഗവതി നഗർ ബേസ് ക്യാമ്പ് വഴി യാത്ര തിരഞ്ഞെടുക്കുന്ന തീർഥാടകരെ കർശന സുരക്ഷാ ക്രമീകരണങ്ങളോടെ കശ്മീരിലേക്ക് എത്തിക്കുന്നതാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

