പഹൽഗാം മോദി രാഷ്ട്രീയവൽക്കരിച്ചു എന്ന ആരോപണം; ഗായിക നേഹ സിങ് റാത്തോഡിനെതിരായ എഫ്.ഐ.ആർ റദ്ദാക്കില്ലെന്ന് അലഹബാദ് ഹൈകോടതി
text_fieldsലക്നോ: ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തെക്കുറിച്ചുള്ള സമൂഹ മാധ്യമ പോസ്റ്റുകളുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റർ ചെയ്ത പ്രഥമ വിവര റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഭോജ്പുരി ഗായിക നേഹ സിങ് റാത്തോഡ് സമർപിച്ച ഹരജി അലഹബാദ് ഹൈകോടതി തള്ളി.
ജസ്റ്റിസുമാരായ രാജേഷ് സിങ് ചൗഹാൻ, സയ്യിദ് ഖമർ ഹസൻ റിസ്‌വി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് റാത്തോഡ് തന്റെ പോസ്റ്റുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന രീതിയിൽ പരാമർശിച്ചതായി ചൂണ്ടിക്കാട്ടി.
നേഹക്കെതിരായ ആരോപണങ്ങളിൽ തെളിവുകളുണ്ടെന്നും കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു. സെപ്റ്റംബര്‍ 26ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാനും നേഹ സിങ്ങിന് നിര്‍ദേശമുണ്ട്.
കേസില്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദേശിച്ചു. കൂടാതെ വിവാദ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത് പഹല്‍ഗാം ആക്രമണത്തിന് ശേഷമായതിനാല്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ പോസ്റ്റുകളുടെ അപ് ലോഡിങ് സമയം പരിഗണിക്കണമെന്നും കോടതി പറഞ്ഞു.
ഏപ്രില്‍ 22ന് ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റുകളിലായിരുന്നു നേഹ സിങ്ങിനെതിരായ പരാതി.
പഹല്‍ഗാം ഭീകരാക്രമണം ഭരണകക്ഷി, ഇന്റലിജന്‍സ്, സുരക്ഷാ സംവിധാനങ്ങള്‍ എന്നിവയുടെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി മോദി സര്‍ക്കാറിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നേഹയുടെ പോസ്റ്റ്. പിന്നാലെ രാജ്യദ്രോഹക്കുറ്റം ചുമത്തി നേഹക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.
2019ല്‍ 40 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തിനു ശേഷം, പഹല്‍ഗാം ആക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രി മോദി ബിഹാറില്‍ വോട്ട് തേടുമെന്ന് പറയുന്ന നേഹയുടെ വിഡിയോ പാകിസ്താന്‍ പത്രപ്രവര്‍ത്തകരുടെ ഒരു ‘എക്സ്’ ഹാന്‍ഡിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തുടര്‍ന്നാണ് നേഹക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

