സാങ്കേതിക തകരാർ; എയർ ഇന്ത്യയുടെ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി, ഇന്ന് മാത്രം റദ്ദാക്കിയത് അഞ്ചു സർവിസുകൾ
text_fieldsന്യൂഡൽഹി: സർവിസ് നടത്തുന്നതിന് തൊട്ടുമുമ്പായി നടത്തിയ പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ ഇന്ത്യയുടെ ഡൽഹി-പാരീസ് വിമാനം അവസാന നിമിഷം റദ്ദാക്കി.
വ്യോമമേഖലയിലെ നിയന്ത്രണങ്ങളെ തുടർന്ന് എയർ ഇന്ത്യ ചൊവ്വാഴ്ച വിവിധ സർവിസുകൾ റദ്ദാക്കിയിരുന്നു. എയർ ഇന്ത്യയുടെ എ.ഐ143 ഡൽഹി-പാരീസ് വിമാനമാണ് സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കിയത്. സർവിസ് നടത്തുന്നതിന് തൊട്ടുമുമ്പായി നടത്തിയ പരിശോധനയിൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയെങ്കിലും പിന്നീട് പരിഹരിച്ചു. എന്നാൽ, പാരീസ് വിമാനത്താവളത്തിൽ രാത്രി നിയന്ത്രണങ്ങളുള്ളതിനാലാണ് വിമാനം റദ്ദാക്കിയത്.
യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഏർപ്പെടുത്തുമെന്നും ആവശ്യപ്പെടുന്നവർക്ക് ടിക്കറ്റ് തുക പൂർണമായി തിരിച്ചുനൽകുകയോ, മറ്റൊരു ദിവസത്തേക്ക് യാത്ര സൗജന്യമായി പുനഃക്രമീകരിക്കാനുള്ള സൗകര്യങ്ങളോ ചെയ്തു നൽകുമെന്നും എയർ ഇന്ത്യ അറിയിച്ചു. നേരത്തെ, അഹമ്മദാബാദിൽനിന്ന് ലണ്ടനിലേക്ക് പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യയുടെ എ.ഐ 159 എന്ന വിമാനം റദ്ദാക്കിയിരുന്നു. വ്യോമാതിർത്തി നിയന്ത്രണങ്ങളും മുൻകരുതൽ പരിശോധനകളും മുൻനിർത്തി വിമാനങ്ങളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടിയാണ് വിമാനം റദ്ദാക്കിയത്.
അഹമ്മദാബാദ് വിമാനാപകടത്തിനു ശേഷം ആദ്യമായി നടത്തുന്ന സർവിസാണിത്. വിമാനത്തിനു സാങ്കേതിക തകരാറില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. കൂടാതെ, പാരീസിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യയുടെ എ.ഐ 142 വിമാനവും റദ്ദാക്കി. രാത്രി എട്ടുമണിയോടെ പുറപ്പെടേണ്ടിയിരുന്ന ലണ്ടൻ-അമൃത്‌സർ വിമാനവും റദ്ദാക്കിയിട്ടുണ്ട്.
നേരത്തെ സാൻഫ്രാൻസിസ്കോയിൽനിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് വരുന്ന എയർ ഇന്ത്യ വിമാനത്തിൽ സാങ്കേതിക തകരാർ കണ്ടെത്തിയിരുന്നു. കൊൽക്കത്തയിലെ നേതാജി സുബാഷ് ചന്ദ്രബോസ് രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ വിമാനത്തിന്റെ ഇടതുവശത്തുള്ള എൻജിനിൽ തകരാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് യാത്രക്കാരെ പുറത്തിറക്കി വിമാനം പരിശോധിച്ചു. ചൊവ്വാഴ്ച പുലർച്ചയാണ് സംഭവം.
എയർ ഇന്ത്യയുടെ എ.ഐ 180 വിമാനം സാൻഫ്രാൻസിസ്കോയിൽനിന്ന് ഒരു മണിക്കൂർ വൈകിയാണ് പുറപ്പെട്ടതെങ്കിലും, വിമാനം നിശ്ചയിച്ച സമയത്ത് കൊൽക്കത്തയിൽ എത്തി. പുലർച്ച 12.45ന് കൊൽക്കത്തയിൽ ലാൻഡിങ് കഴിഞ്ഞുള്ള പതിവ് പരിശോധനയിൽ സാങ്കേതിക തകരാർ കണ്ടെത്തിയതോടെ സമഗ്രമായ പരിശോധന നടത്താൻ എയർലൈൻ തീരുമാനിക്കുകയായിരുന്നു. നാലു മണിക്കൂറിനുശേഷം യാത്രക്കാരോട് വിമാനത്തിൽനിന്ന് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു.
വിമാനത്തിന്റെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനമെന്ന് ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു. യാത്രക്കാരെ മുംബൈയിലേക്ക് എത്തിക്കാൻ എയർ ഇന്ത്യ പ്രത്യേക ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. അഹ്മദാബാദിലെ വിമാനാപകടം സംഭവിച്ച് അഞ്ചു ദിവസത്തിനുശേഷമാണ് വീണ്ടും എയർ ഇന്ത്യയുടെ വിമാനം സാങ്കേതിക തകരാർ നേരിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

