Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഹ്മദാബാദ് സ്ഫോടനം: വിചാരണ കോടതിയെ തിരുത്താതെ ഹൈകോടതിയും

text_fields
bookmark_border
അഹ്മദാബാദ് സ്ഫോടനം: വിചാരണ കോടതിയെ തിരുത്താതെ ഹൈകോടതിയും
cancel

ന്യൂഡൽഹി: 56 പേർ കൊല്ലപ്പെടുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അഹ്മദാബാദ് സ്ഫോടന കേസിൽ വിചാരണകോടതി വിധിയിൽ കാര്യമായ തിരുത്തില്ലാതെയാണ് ഹൈകോടതിയും വിധിപുറപ്പെടുവിച്ചത്. ഇരകളുടെ ബന്ധുക്കൾക്ക് നൽകേണ്ട നഷ്ടപരിഹാരത്തുകയിൽ മാത്രമാണ് ഹൈകോടതി ഡിവിഷൻ ബെഞ്ച് തിരുത്ത് കൽപിച്ചത്. അതേസമയം, വിചാരണ കോടതിയിലെ നടപടിക്രമങ്ങളിലെ പാകപ്പിഴകളടക്കം ചൂണ്ടിക്കാണിച്ച് പ്രതികൾ സമർപ്പിച്ച ഹരജിയിലെ പ്രധാനവാദമുഖങ്ങൾ കോടതി പരിഗണിച്ചതുമില്ല. അതുകൊണ്ടുകൂടിയാണ്, വിചാരണകോടതിയുടെ ശിക്ഷാവിധിയിൽ യാതൊരു മാറ്റവുമില്ലാതെ ജസ്റ്റിസുമാരായ എ.വൈ. കോഗ്ജെ, സമീർ ദാവെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചത്.

2008 ജൂലൈ 26ന് സന്ധ്യമയങ്ങുമ്പോഴാണ് ഗുജറാത്തിലെ ഏറ്റവുംവലിയ നഗരമായ അഹ്മദാബാദിനെ നടുക്കിയ സ്ഫോടനപരമ്പര ഉണ്ടായത്. വൈകീട്ട് 6.45നും 7.55നും ഇടയിലുള്ള 70 മിനിറ്റിൽ 14 ഇടങ്ങളിലായി 21 ബോംബുകൾ പൊട്ടിത്തെറിക്കുകയായിരുന്നു. തലേദിവസം ബംഗളൂരുവിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്ന് മുക്തമാകാത്ത രാജ്യം അഹ്മദാബാദിലെ വാർത്ത കേട്ട് നടുങ്ങി. മണിക്കൂറുകൾക്കകം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇ-മെയിൽ സന്ദേശമെത്തി. അതുവരെ കേട്ടിട്ടില്ലാത്ത ഒരു സംഘടനയുടെ പേരിലായിരുന്നു സന്ദേശം; ‘ഇന്ത്യൻ മുജാഹിദീൻ’. അവരുടെ ഉദ്ദേശ്യവും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘2002ലെ ഗുജറാത്ത് വംശഹത്യക്കുള്ള പ്രതികാരം’. സൈക്കിളുകളിൽ ഘടിപ്പിച്ച ടിഫിൻ കാരിയറുകളിലാണ് കൂടുതൽ ബോംബുകളും സ്ഥാപിച്ചിരുന്നത്. അഹ്മദാബാദ് മുനിസിപ്പൽ ട്രാൻസ്പോർട്ട് സർവിസ് ബസുകളും ലക്ഷ്യം വെക്കപ്പെട്ടു. രണ്ട് ആശുപത്രികൾക്കു സമീപവും ബോംബുകൾ പൊട്ടി.

ആദ്യഘട്ട സ്ഫോടനങ്ങളിൽ പരിക്കേറ്റവരെ ആശുപത്രികളിൽ കൊണ്ടുവരുന്ന സമയത്തായിരുന്നു ഇവിടങ്ങളിലെ സ്ഫോടനം. 29 ബോംബുകൾ പൊട്ടാതെ ശേഷിച്ചു. മാധ്യമങ്ങൾക്ക് ലഭിച്ച ഇ-മെയിലുകളുടെയും സ്ഫോടകവസ്തുക്കളുടെയും തുമ്പ് പിടിച്ചായിരുന്നു അന്വേഷണം തുടങ്ങിയത്. ഇ-മെയിലിന്റെ ഉറവിടം തേടിയുള്ള തിരച്ചിൽ മഹാരാഷ്ട്രയിലെ നവി മുംബൈയിലേക്ക് എത്തിച്ചു. പൊട്ടാത്ത സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കാറുകളും പ്രതികളിലേക്കുള്ള വഴിയായി. അന്വേഷണം യു.പിയിലേക്കും സൂറത്തിലേക്കും കേരളത്തിലേക്കും രാജസ്ഥാനിലേക്കും തമിഴ്നാട്ടിലേക്കും ബംഗാളിലേക്കും ഡൽഹിയിലേക്കും വ്യാപിച്ചു.

2009ൽ വിചാരണ ആരംഭിച്ചു. മലയാളികൾ ഉൾപ്പെടെ 78 പേരായിരുന്നു പ്രതികൾ. അതിൽ 28 പേരെ കോടതി വെറുതെവിട്ടു. ആകെ പ്രതികളിൽ 18 പേരും ഗുജറാത്ത് സ്വദേശികളാണ്. 10 ഉത്തർപ്രദേശുകാർ. എട്ടു മലയാളികളും. ഇതിൽ മൂന്നുപേർക്കാണ് വധശിക്ഷ വിധിച്ചത്. വധശിക്ഷ വിധിക്കപ്പെട്ട ശിബിലിയുടെയും ശാദുലിയുടെയും കാര്യത്തിൽ പിതാവ് അബ്ദുൽ കരീം ദുരൂഹത ഉയർത്തിയതും അക്കാലത്ത് വാർത്തയായി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ahmedabad blast: High Court also refuses to change the trial court
Next Story