ഡൽഹിക്ക് മതിയായ ഓക്സിജൻ ലഭ്യമാക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് മതിയായ ഓക്സിജൻ ലഭ്യമാക്കാൻ സുപ്രീംകോടതി നിർദേശിച്ചു. ഓക്സിജൻ വിതരണം ഉറപ്പാക്കാനുള്ള നിർദേശങ്ങൾ പാലിക്കാത്തതിന് ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര സർക്കാർ നൽകിയ അപ്പീലിൽ വാദം കേൾക്കുകയായിരുന്നു കോടതി.
കേന്ദ്ര ഉദ്യോഗസ്ഥർക്കെതിരെ ഡൽഹി ഹൈകോടതി സ്വീകരിച്ച കോടതിയലക്ഷ്യ നടപടി സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്നാൽ, കോവിഡ് കൈകാര്യം ചെയ്യുന്നത് അവലോകനം ചെയ്യുന്നതിൽനിന്ന് ഹൈകോടതിയെ തടയില്ലെന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
തലസ്ഥാനത്തെ ഓക്സിജൻ വിതരണ വിഷയത്തിൽ ഡൽഹി-കേന്ദ്ര ഉദ്യോഗസ്ഥർ അടിയന്തരമായി യോഗം ചേരണമെന്ന് അടിയന്തര വാദം കേൾക്കലിൽ സുപ്രീംകോടതി നിർദേശിച്ചു. 'നാം ജനങ്ങളോട് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്. രാജ്യമാകെ രോഗത്തിൻെറ ഭീഷണിയിലാണ്. അതുകൊണ്ട്, തലസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനുള്ള വഴികൾ തേടണം. സഹായത്തിനായി അഭിഭാഷകർ ഉൾപ്പെടെയുള്ളവരുടെ മുറവിളി ഡൽഹിയിലിരുന്ന് ഞങ്ങളും കേൾക്കുന്നുണ്ടെന്ന്' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഏപ്രിൽ 30നു പുറപ്പെടുവിച്ച ഉത്തരവ് പുനഃപരിശോധിക്കാനാകില്ല. ഡൽഹിക്ക് പ്രതിദിനം 700 എം.ടി ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്രം മുന്നോട്ടുവരണം. ഓക്സിജൻ വിതരണം എങ്ങനെ പുനരാരംഭിക്കുമെന്ന പദ്ധതി വ്യാഴാഴ്ച രാവിലെയോടെ കേന്ദ്രം സമർപ്പിക്കണം. 700എം.ടി ഓക്സിജൻ അർധരാത്രിയോടെ ഡൽഹിക്ക് കിട്ടുന്നെന്ന് ഉറപ്പാക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് കോടതി പറഞ്ഞു.
മേയ് മൂന്നു മുതൽ കേന്ദ്രം ഡൽഹിക്ക് അനുവദിച്ച ഒാക്സിജൻെറ കണക്ക് കോടതി ചോദിച്ചു. 'ആർക്കും ജീവൻ നഷ്ടമാകുന്നില്ല എന്ന് നമുക്ക് ഉറപ്പാക്കാം. ഉദ്യോഗസ്ഥരെ ജയിലിലടച്ചതുകൊണ്ട് ഡൽഹിയിൽ ഓക്സിജൻ എത്തില്ലെന്നും ബെഞ്ച് പറഞ്ഞു. തികഞ്ഞ ബോധ്യത്തോടെയുള്ള പ്രവൃത്തിയാണ് കോടതിയലക്ഷ്യത്തിൻെറ പരിധിയിൽ വരുകയെന്ന് കോടതി നിരീക്ഷിച്ചു.
മുംബൈയിൽ കോവിഡ് കേസുകൾ കുതിച്ചുയർന്ന ഘട്ടത്തിൽ എങ്ങനെയാണ് അവർ ഓക്സിജൻ വിതരണം കാര്യക്ഷമമായി നടത്തിയത് എന്നകാര്യം ഡൽഹി ചീഫ് സെക്രട്ടറിയും കേന്ദ്ര-സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരും 'ബ്രിഹൻ മുംബൈ കോർപറേഷൻ' അധികൃതരുമായി ചർച്ച ചെയ്യണമെന്ന് കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
