അദാനിയുടെ ജലവൈദ്യുത പദ്ധതിയിൽ വൻ ക്രമക്കേട്; 5,675 കോടിയുടെ പദ്ധതി ചെലവ് 56.75 കോടിയായി!
text_fieldsമഹാരാഷ്ട്രയിലെ സതാര ജില്ലയിലെ പാടൻ താലൂക്കിൽ അദാനി ഗ്രീൻ എനർജിയുടെ പമ്പ്ഡ് സ്റ്റോറേജ് പ്രൊജക്റ്റ്
മുംബൈ: വന്യജീവി സംരക്ഷണത്തിനായി നിക്ഷേപിക്കേണ്ട തുക വെട്ടിക്കുറക്കാൻ 1,500 മെഗാവാട്ട് ജലവൈദ്യുത പദ്ധതിയുടെ ചെലവ് 5,675 കോടി രൂപയിൽനിന്ന് 56.75 കോടി രൂപയായി കുറക്കാൻ അദാനി ഗ്രീൻ എനർജി നീക്കം നടത്തിയതായി റിപ്പോർട്ട്.
ഇതോടെ വന്യജീവി സംരക്ഷണത്തിനായി നിക്ഷേപിക്കേണ്ട തുക 227 കോടിയിൽനിന്ന് 2.27 കോടി രൂപയായി കുറക്കുകയാണ് കമ്പനി ലക്ഷ്യമിട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മഹാരാഷ്ട്ര വനംവകുപ്പിനോട് നിർദേശിച്ചു.
മഹാരാഷ്ട്രയിലെ സത്താറയിൽ നടപ്പാക്കാനിരിക്കുന്ന താരളി അണക്കെട്ടിലെ ജലസംഭരണിയെ അടിസ്ഥാനമാക്കിയുള്ള പദ്ധതി സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ ഭാഗമായ കോയ്ന വന്യജീവി സങ്കേതത്തിന്റെ പരിസ്ഥിതി ലോല മേഖലയിലാണ് വരുന്നത്. പദ്ധതിച്ചെലവിന്റെ നാല് ശതമാനം വന്യജീവി സംരക്ഷണത്തിനായി നിക്ഷേപിക്കണമെന്ന സംസ്ഥാന വന്യജീവി ബോർഡിന്റെ നിബന്ധന പ്രകാരമാണ് ആദ്യം 227 കോടി രൂപ ആവശ്യപ്പെട്ടത്.
എന്നാൽ, പദ്ധതിച്ചെലവ് 56.75 കോടി രൂപയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് അദാനി ഗ്രീൻ എനർജി സെപ്റ്റംബർ എട്ടിന് വനംവകുപ്പിന് സത്യവാങ്മൂലം നൽകി. ഒക്ടോബർ 12ന് പുതുക്കിയ ചെലവ് വനംവകുപ്പ് അംഗീകരിച്ചു. ഇതനുസരിച്ച് 56.75 ലക്ഷം രൂപ കമ്പനി സഹ്യാദ്രി കടുവാ സങ്കേതത്തിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. ബാക്കി തുക ദേശീയ വന്യജീവി ബോർഡിന്റെ അനുമതിക്കുശേഷം നൽകാനാണ് നിർദേശിച്ചിരുന്നത്.
പദ്ധതിച്ചെലവ് തെറ്റായി രേഖപ്പെടുത്തിയെന്ന് ആരോപിച്ച് സത്താറയിലെ വന്യജീവി സംരക്ഷകൻ രോഹൻ ഭാട്ടെ നൽകിയ പരാതിയിലാണ് കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചത്. യഥാർഥ ചെലവിൽനിന്ന് 100 മടങ്ങ് കുറച്ചത് വഴി വന്യജീവി സംരക്ഷണ ഫണ്ടിൽ ഏകദേശം 225 കോടി രൂപയുടെ കുറവുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പദ്ധതി സ്വകാര്യ ഭൂമിയിലാണ് നടപ്പാക്കുന്നതെന്നും വനത്തിനോ വന്യജീവികൾക്കോ പരിസ്ഥിതിക്കോ ദോഷമുണ്ടാക്കില്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം.

