രാഹുൽ ഗാന്ധി സി.ജെ.പി സമരം ദുർബലപ്പെടുത്തിയെന്ന് ആപ്; കോൺഗ്രസ് ധർണ ‘ബി.ജെ.പി-കോൺഗ്രസ് ജുഗൽബന്ദി’യെന്ന് വിമർശനം
text_fieldsന്യൂഡൽഹി: കോക്രോച് ജനതാ പാർട്ടിയുടെ (സി.ജെ.പി) നേതൃത്വത്തിലുള്ള വിദ്യാർഥി പ്രതിഷേധത്തെ ദുർബലപ്പെടുത്തുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ചെയ്തതെന്ന് ആം ആദ്മി പാർട്ടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസ് നടത്തിയ ധർണയെ ‘ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള ജുഗൽബന്ദി’യെന്നും മുതിർന്ന എ.എ.പി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷി മർലേന വിശേഷിപ്പിച്ചു.
ഒരു മാസത്തോളം നീണ്ടുനിന്ന പ്രതിഷേധത്തിനിടെ സി.ജെ.പി പ്രവർത്തകരുമായി സംസാരിക്കാൻ കേന്ദ്രം വിസമ്മതിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് ധർണ നടത്താൻ രാഹുൽ ഗാന്ധിക്ക് എങ്ങനെ അനുമതി നൽകി -അതിഷി ചോദിച്ചു. ‘ഇത് അതിശയമാണ്. സി.ജെ.പിയും സോനം വാങ്ചുക്കും: ജന്തർ മന്തറിൽ ഒരു മാസത്തെ പ്രതിഷേധം. അതിനിടെ മോദി സർക്കാർ അവരോട് സംസാരിക്കാൻ വിസമ്മതിക്കുന്നു. രാഹുൽ ഗാന്ധി: പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് പ്രതിഷേധത്തിന് അനുമതി നൽകി ഒരു മണിക്കൂറിനുള്ളിൽ മോദി സർക്കാർ അവരോട് സംഭാഷണം ആരംഭിക്കുന്നു. ക്യാ ജുഗൽബന്ദി ഹേ...’ -അതിഷി എക്സിൽ കുറിച്ചു.
രാഹുൽ ഗാന്ധിക്കെതിരെ ആം ആദ്മി പാർട്ടി രാജ്യസഭാ എം.പി സഞ്ജയ് സിങ്ങും ഗുരുതര ആരോപണവുമായി രംഗത്തെത്തി. ‘സി.ജെ.പിയുടെ പ്രതിഷേധത്തെ ദുർബലപ്പെടുത്താൻ വേണ്ടിയാണ് മോദി രാഹുൽ ഗാന്ധിയെ സ്വന്തം വസതിക്ക് മുന്നിൽ പ്രതിഷേധം നടത്താൻ അനുവദിച്ചത്’ -സഞ്ജയ് സിങ് എക്സിൽ കുറിച്ചു.
സി.ജെ.പി സമരത്തിന് കോൺഗ്രസ് ആദ്യം പിന്തുണ നൽകിയില്ലെന്നും പിന്നീട് പ്രക്ഷോഭത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ ശ്രമിച്ചെന്നും ഡൽഹി എ.എ.പി അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു. വിദ്യാർഥികളുടെ യഥാർഥ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കോൺഗ്രസിന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു.
സി.ജെ.പി പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം കോൺഗ്രസ് ധർണ സംഘടിപ്പിച്ചത്. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങി ഉന്നത നേതാക്കൾ പ്രധാനമന്ത്രിയുടെ ലോക് കല്യാൺ മാർഗിലെ വസതിക്ക് പുറത്ത് ധർണ നടത്തിയിരുന്നു. വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയുടെ പേരിൽ മോദിയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും രാജിവെക്കണമെന്നായിരുന്നു ആവശ്യം.
ധർണ ആരംഭിച്ചതിന് പിന്നാലെ സഹമന്ത്രി ജിതേന്ദ്ര സിങ് പ്രതിഷേധ സ്ഥലത്തെത്തുകയും രാഹുലിനെ നേരിൽകണ്ട് പ്രതിഷേധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കോൺഗ്രസ് നേതാക്കൾ അത് വിസമ്മതിച്ചതോടെ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും നിരവധി കോൺഗ്രസ് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

