പഞ്ചാബിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വൻ വിജയം; 78 ശതമാനം വിജയം നേടിയതായി പാർട്ടി
text_fieldsചണ്ഡിഗഡ്: പഞ്ചാബിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് സില പരിഷത്, പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പിൽ വൻ വിജയം.ആദ്യം ഫലം പ്രഖ്യാപിച്ച 168 സീറ്റിൽ ആം ആദ്മി 132 സീറ്റുകൾ നേടി. കോൺഗ്രസിന് 26 സീറ്റുകൾ മാത്രമേ ലഭിച്ചുളളൂ. ആകെയുള്ള 2,838 പഞ്ചായത്ത് സമിതികളിൽ 1,909 ഇടത്തെ ഫലം പ്രഖ്യാപിച്ചപ്പോൾ ആം ആദ്മി 1,242 സീറ്റുകൾ നേടി. കോൺഗ്രസിന് 331 ഉം ശിരോമണി അകാലിദളിന് 211ഉം സീറ്റുകൾ ലഭിച്ചു. ബി.ജെ.പിക്ക് 42.
സംസ്ഥാന ഗവൺമെന്റ് നടപ്പാക്കിയ ജനകീയ നടപടികൾ ജനങ്ങൾ സ്വീകരിച്ചതോടെയാണ് പാർട്ടിക്ക് വൻ വിജയം നേടാൻ കഴിഞ്ഞതെന്ന് ആം ആദ്മി അവകാശപ്പെട്ടു. ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന തെരഞ്ഞെടുപ്പായതിനാൽ ഇതുവരെയും പൂർണമായ തെരഞ്ഞെടുപ്പ് ഫലം ലഭിച്ചിട്ടില്ല. രണ്ടാം സ്ഥാനം കോൺഗ്രസ് പാർട്ടിക്കാണ്. ശിരോമണി അകാലിദൾ ആണ് മൂന്നാം സ്ഥാനത്ത്.
പാർട്ടി 78 ശതമാനം വിജയം നേടിയതായി ആം ആദ്മി പാർട്ടി ചീഫ് അമൻ അറോറ പറഞ്ഞു. ആം ആദ്മി പാർട്ടിയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തിന് അദ്ദേഹം ജനങ്ങളോട് നന്ദി പറഞു. പാർട്ടിയുടെ നയങ്ങളും ജനക്ഷേമ നടപടികളും ജനങ്ങൾ സ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.
അതേ സമയം ആം ആദ്മി പാർട്ടിയുടെ പല നേതാക്കൾക്കും അവരുടെ സ്വന്തം നാട്ടിൽ തിരിച്ചടി നേരിട്ടു. സ്പീക്കർ കുൽത്താർ സിങ് സധ്‍വൻ തുടങ്ങി പല എം.എൽ.എമാർക്കും സ്വന്തം നാട്ടിൽ തിരിച്ചടി കിട്ടി.
ഗുണ്ടാപ്രവർത്തനത്തിന് അറസ്റ്റിലാവുകയും പിന്നീട് വിട്ടയക്കുകയും ചെയ്ത ഗർപ്രീത് സിങ് സെഖോണിന്റെ ഭാര്യയും ഇയാളുടെ അഞ്ച് അനുയായികളും വിജയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

