Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മോദിക്കായി മാത്രം...

'മോദിക്കായി മാത്രം പുതിയ അവാർഡ് സൃഷ്ടിച്ചു'; സെയ്ഷെൽസ് ബഹുമതിയെ ചൊല്ലി കോൺഗ്രസ് വിമർശനം

text_fields
bookmark_border
മോദിക്കായി മാത്രം പുതിയ അവാർഡ് സൃഷ്ടിച്ചു; സെയ്ഷെൽസ് ബഹുമതിയെ ചൊല്ലി കോൺഗ്രസ് വിമർശനം
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സെയ്ഷെൽസ് സർക്കാർ സമ്മാനിച്ച 'ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ' എന്ന പരമോന്നത ദേശീയ ബഹുമതിയെ ചൊല്ലി രാഷ്ട്രീയ വിവാദം. മോദിയെ ആദരിക്കുന്നതിനായി മാത്രമാണ് ഈ പുരസ്കാരം പുതുതായി സൃഷ്ടിച്ചതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

കോൺഗ്രസ് വക്താവ് സുപ്രിയ ശ്രിനേറ്റ് സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് വിമർശനം ഉന്നയിച്ചത്. "ലോകം മോദിയെ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഏത് അവാർഡ് നൽകിയാലും അത് ഏറ്റുവാങ്ങാൻ അദ്ദേഹം ഓടിയെത്തും. 'ഗാർഡിയൻ ഓഫ് ദി ബ്ലൂ ഹൊറൈസൺ' എന്ന ബഹുമതി മോദിക്ക് സമ്മാനിക്കുന്നതിന് വെറും നാല് ദിവസം മുമ്പാണ് ഔദ്യോഗികമായി അംഗീകരിച്ചത്. ഇതിന് മുമ്പ് ഈ ബഹുമതി ആർക്കും നൽകിയിട്ടില്ല," എന്നാണ് അവർ ആരോപിച്ചത്. സീഷെൽസ് റിപ്പബ്ലിക്കിന്റെ ഔദ്യോഗിക നാമം പോലും അവർ തെറ്റായി നൽകിയതെന്നും അവർ ചൂണ്ടിക്കാട്ടി.

"ഈ വർഷം ആദ്യം, പുതുതായി സൃഷ്ടിച്ച മറ്റൊരു ബഹുമതി ഏറ്റുവാങ്ങാനായി പ്രധാനമന്ത്രി മോദി ഇസ്രയേലിലും പോയിരുന്നു. അതിന് ഒരു ദിവസം കഴിഞ്ഞ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ച് അദ്ദേഹത്തിന് യാതൊരു ധാരണയുമില്ലായിരുന്നുവെന്നും, ഫിലിപ്പ് കോട്ലർ അവാർഡും അദ്ദേഹത്തിന് ലഭിച്ചു. എന്നാൽ ഈ ബഹുമതികളിൽ പലതും അദ്ദേഹത്തിന് മുമ്പും ശേഷവും മറ്റാർക്കും നൽകിയിട്ടില്ല. അവാർഡുകളോടുള്ള അദ്ദേഹത്തിന്റെ അമിത താൽപര്യത്തിന് ഒരു വിലയുണ്ട്. സെയ്ഷെൽസിന് 125 ദശലക്ഷം ഡോളറിന്റെ വായ്പാ സൗകര്യവും 50 ദശലക്ഷം ഡോളറിന്റെ ഗ്രാന്റും വാഗ്ദാനം ചെയ്തിട്ടുണ്ട്," എന്നും സുപ്രിയ ശ്രിനേറ്റ് എക്‌സിൽ കുറിച്ചു.

പ്രധാനമന്ത്രിക്ക് അവാർഡുകളും വിദേശയാത്രകളും വളരെ ഇഷ്ടമാണെന്ന് പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയും വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തി. ഇന്ത്യ സെയ്ഷെൽസിന് 500 കോടി രൂപയുടെ ഗ്രാന്റും 1,250 കോടി രൂപയുടെ വായ്പാ സഹായവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ബഹുമതി മോദിക്ക് ലഭിച്ചതെന്ന് അവർ ചൂണ്ടിക്കാട്ടി. സെയ്ഷെൽസ് പുതിയ അവാർഡ് സൃഷ്ടിച്ചപ്പോഴേക്കും നാല് ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി അത് സ്വീകരിക്കാൻ അവിടെ പറന്നെത്തിയെന്ന് കോൺഗ്രസ് നേതാവ് വിജയ് വസന്തും പരിഹസിച്ചു.

അതേസമയം, ബഹുമതി ഏറ്റുവാങ്ങിയ പ്രധാനമന്ത്രി മോദി, കാലാവസ്ഥാ വ്യതിയാനത്തിന്റെ വെല്ലുവിളികൾക്കെതിരെ പോരാടുന്ന രാജ്യങ്ങൾക്ക് അവാർഡ് സമർപ്പിച്ചു. ഇന്ത്യയും സെയ്ഷെൽസും തമ്മിലുള്ള ദീർഘകാല സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും പ്രതീകമാണ് ഈ അംഗീകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModicriticismseychellesawardCongress
News Summary - 'A new award was created just for Modi'; Congress criticizes Seychelles honor
Next Story