യുദ്ധപ്രതിസന്ധി മറികടക്കാൻ മാസ്റ്റർ പ്ലാൻ; 7 ഉന്നതാധികാര സംഘങ്ങളെ നിയോഗിച്ച് കേന്ദ്രം
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസാഹചര്യം ഇന്ത്യയിലുണ്ടാക്കാവുന്ന പ്രത്യാഘാതങ്ങൾ നിരീക്ഷിക്കാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനുമായി ഏഴ് ഉന്നതാധികാര സെക്രട്ടറിതല സമിതികൾക്ക് രൂപം നൽകി കേന്ദ്ര സർക്കാർ. ആഗോള സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയുടെ (CCS) തീരുമാനപ്രകാരമാണ് കാബിനറ്റ് സെക്രട്ടേറിയറ്റ് ഈ ഗ്രൂപ്പുകൾക്ക് രൂപം നൽകിയത്.
2020ൽ കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ രൂപീകരിച്ചതിന് സമാനമായ സമിതികളാണ് ഇവ. ഓരോ മേഖലയിലെയും പ്രതിസന്ധികൾ തിരിച്ചറിഞ്ഞ് അടിയന്തര പരിഹാരങ്ങൾ നടപ്പിലാക്കുകയാണ് ഇവയുടെ ലക്ഷ്യം.
സുരക്ഷ, പ്രതിരോധം, വിദേശകാര്യം: കൺവീനർ - വിദേശകാര്യ സെക്രട്ടറി
സമ്പദ്‌വ്യവസ്ഥയും ധനകാര്യവും: കൺവീനർ - സാമ്പത്തിക കാര്യ സെക്രട്ടറി (കയറ്റുമതി, ഇറക്കുമതി വിഷയങ്ങളും ഈ സമിതി കൈകാര്യം ചെയ്യും)
ഊർജ്ജം: കൺവീനർ - പെട്രോളിയം സെക്രട്ടറി (ഇന്ധന വിലക്കയറ്റം തടയുക, ഇറക്കുമതിക്കായി പകരം സ്രോതസ്സുകൾ കണ്ടെത്തുക എന്നിവയാണ് ചുമതല)
ഫെർട്ടിലൈസർ: കൺവീനർ - വളം മന്ത്രാലയ സെക്രട്ടറി (കാർഷിക മേഖലയിലെ ലഭ്യത ഉറപ്പാക്കൽ)
അവശ്യസാധന വിതരണം: കൺവീനർ - ഉപഭോക്തൃ കാര്യ സെക്രട്ടറി (ഭക്ഷ്യസാധനങ്ങളുടെ വിലയും ലഭ്യതയും നിരീക്ഷിക്കും)
ഗതാഗതവും ലോജിസ്റ്റിക്സും: കൺവീനർ - ഷിപ്പിങ് സെക്രട്ടറി (റെയിൽവേ, വ്യോമയാന സെക്രട്ടറിമാരും ഈ ഗ്രൂപ്പിൽ ഉണ്ടാകും)
വാർത്താവിനിമയം: കൺവീനർ - വാർത്താവിതരണ പ്രക്ഷേപണ സെക്രട്ടറി
യുദ്ധം കാരണം ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാൻ കപ്പൽ പാതകൾ, തുറമുഖങ്ങൾ, വിമാന ഇടനാഴികൾ എന്നിവ നിരീക്ഷിക്കുകയും മുൻകൂർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. ഇന്ധനം, വളം, ഭക്ഷ്യസാധനങ്ങൾ എന്നിവയുടെ ആഭ്യന്തര ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം നിയന്ത്രിക്കാനും സമിതികൾ പ്രവർത്തിക്കും. എണ്ണ വിതരണത്തിലെ തടസ്സങ്ങൾ ഒഴിവാക്കാൻ മറ്റ് രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാധ്യതകൾ ആരായുന്നതിലൂടെ ഊർജ്ജ പ്രതിസന്ധി മറികടക്കാൻ ശ്രമിക്കും. ബുധനാഴ്ചയോടെ ഈ സമിതികൾ പ്രവർത്തനം ആരംഭിച്ചതായും ആദ്യ യോഗങ്ങൾ ചേർന്നതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സർക്കാരിന്റെ എല്ലാ വിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ സമീപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

