ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തുനിന്ന് വീണ്ടും ക്രൂരതയുടെ വാർത്ത. ഒാടുന്ന കാറിൽവച്ച് 35കാരിയെ രണ്ടുപേർ ചേർന്ന് പീഡിപ്പിച്ചു. ഡൽഹി ശാസ്ത്രി നഗറിലാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കുറ്റക്കാർശക്കതിരേ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 (ഡി) (കൂട്ട ബലാത്സംഗം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു.
വടക്കുകിഴക്കൻ ഡൽഹിയിലെ ശാസ്ത്രി പാർക്ക് പ്രദേശത്ത് തിങ്കളാഴ്ച വൈകുന്നേരം 35 കാരിയെ രണ്ടുപേർ ഓടുന്ന കാറിൽ ബലാത്സംഗം ചെയ്യുകയായിരുന്നെന്നും സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ അറസ്റ്റ് ചെയ്തതായും പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ രോഹിതിെൻറ പേരിലാണ് കാർ രജിസ്റ്റർ ചെയ്തിരുന്നത്. ഈ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് രോഹിതിനെയും കൂട്ടാളിയായ നിതിനെയും പോലീസ് കണ്ടെത്തിയത്.
ഇരയും പ്രതികളും നോയിഡയിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. രോഹിതും നിതിനും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നു. ജോലി സംഘടിപ്പിച്ച് നൽകാമെന്ന് പറഞ്ഞാണ് യുവതിയെ രോഹിത് ഡൽഹിയിലേക്ക് കൊണ്ടുവന്നത്. നിതിനും അന്ന് അവരെ അനുഗമിച്ചിരുന്നു. കാറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.