Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നർമ്മദ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 343 വോട്ടർ ഐഡി കാർഡുകൾ: ‘ജനാധിപത്യ അട്ടിമറി’യെന്ന് കോൺഗ്രസ്; അന്വേഷണം വേണമെന്ന് ആവശ്യം

text_fields
bookmark_border
Voter ID Cards
cancel
camera_alt

നർമ്മദ നദിക്കരയിലെ വോട്ടർ ഐഡി കാർഡുകൾ

ഖർഗോൺ: മധ്യപ്രദേശിലെ ഖർഗോൺ ജില്ലയിലെ മണ്ഡ്‌ലേശ്വർ പട്ടണത്തിൽ നർമ്മദ നദിയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ 343 വോട്ടർ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയത് വലിയ വിവാദത്തിന് തിരികൊളുത്തി. ഞായറാഴ്ച രാവിലെ നദിക്കരയിൽ നടന്ന ശുചീകരണ പ്രവർത്തനത്തിനിടെയാണ് നാട്ടുകാർ കാർഡുകൾ കൂട്ടത്തോടെ കണ്ടെത്തിയത്.

പ്രാഥമിക അന്വേഷണത്തിൽ, കണ്ടെത്തിയ കാർഡുകളിൽ ഭൂരിഭാഗവും അയൽ ജില്ലയായ ഇൻഡോറിലെ റാവു നിയമസഭാ മണ്ഡലത്തിൽ ഉൾപ്പെട്ട വോട്ടർമാരുടേതാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ സംഭവത്തിന് പിന്നിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടത്താനുള്ള ശ്രമമുണ്ടോയെന്ന സംശയം ശക്തമായിട്ടുണ്ട്.

നർമ്മദ നദിയുടെ തീരം വൃത്തിയാക്കുന്നതിനിടെയാണ് തദ്ദേശവാസികളുടെ സംഘത്തിന് നദിക്കരയിൽ ചിതറിക്കിടന്ന നിലയിൽ നൂറുകണക്കിന് വോട്ടർ കാർഡുകൾ ലഭിച്ചത്. ചില കാർഡുകൾ പുഴയിലെ വെള്ളത്തിൽ ഒഴുകി നടക്കുന്നുണ്ടായിരുന്നു. ഉടൻ തന്നെ നാട്ടുകാർ വിവരം റവന്യൂ അധികൃതരെയും പൊലീസിനെയും അറിയിച്ചു. നദിക്കരയിൽ നിരത്തി വെച്ചിരിക്കുന്ന വോട്ടർ കാർഡുകളുടെ ദൃശ്യങ്ങൾ നാട്ടുകാരിൽ ഒരാൾ മൊബൈൽ ഫോണിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ വിഡിയോ നിമിഷങ്ങൾക്കകം വൈറലായി.

സംഭവം ഗുരുതരമാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും ചൂണ്ടിക്കാട്ടി നിരവധി പേരാണ് എത്തിയത്. സംഭവം പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കോൺഗ്രസ് പ്രസിഡന്റ് രവി നായിക്കിന്റെ നേതൃത്വത്തിൽ പ്രവർത്തകർ മണ്ഡ്‌ലേശ്വർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിട്ടുണ്ട്.

സംഭവത്തിൽ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷന്റെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച കോൺഗ്രസ്, ഇത്തരത്തിൽ വോട്ടർ ഐഡി കാർഡുകൾ ഉപേക്ഷിക്കപ്പെട്ടതിന് പിന്നിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

നദിയിൽ കൂടുതൽ കാർഡുകൾ ഉണ്ടോയെന്ന് കണ്ടെത്താൻ മുങ്ങൽ വിദഗ്ധരെ ഉപയോഗിച്ച് തിരച്ചിൽ നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇത് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ്. എഫ്ഐആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോൺഗ്രസ് പൊലീസ് സ്റ്റേഷൻ ഉപരോധിക്കുമെന്നും എന്ന് രവി നായിക് മുന്നറിയിപ്പ് നൽകി. നർമ്മദ നദിക്കരയിലെ ശുചീകരണ പ്രവർത്തനത്തിനിടെയാണ് വോട്ടർ ഐഡി കാർഡുകൾ കണ്ടെത്തിയതെന്ന് മണ്ഡ്‌ലേശ്വർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ശ്വേത ശുക്ല സ്ഥിരീകരിച്ചു.

റവന്യൂ സംഘം എല്ലാ കാർഡുകളും സൂക്ഷിച്ചിട്ടുണ്ട്. സ്റ്റേഷൻ ചാർജിനോട് വിശദമായ അന്വേഷണം നടത്താൻ നിർദേശം നൽകിയതായും കോൺഗ്രസിൽ നിന്ന് പരാതി ലഭിച്ചതായും അവർ കൂട്ടിച്ചേർത്തു. കാർഡുകൾ എങ്ങനെ നദിക്കരയിൽ എത്തി എന്നതിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 340 Voter ID Cards Found On Narmada Riverbank
Next Story