Top
Begin typing your search above and press return to search.
exit_to_app
exit_to_app
യു.പിയില്‍ തെരഞ്ഞെടുപ്പ് കാഹളം
cancel

ന്യൂഡല്‍ഹി: ദസറ ആഘോഷത്തിന് ലഖ്നോവിലത്തെിയ  പ്രധാനമന്ത്രി നരേന്ദ്ര മോദി മുഴക്കിയത് യു.പി നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കാഹളം. പ്രതിരോധമന്ത്രി മനോഹര്‍ പരീകറെ രംഗത്തിറക്കി പാക് കാര്‍ഡിറക്കാന്‍ ബി.ജെ.പി തീരുമാനിച്ചപ്പോള്‍  മുസ്ലിംകളെ ഒപ്പംനിര്‍ത്താന്‍ മായാവതി മുസ്ലിം നേതാക്കളെ പ്രധാന ചുമതലയുമായി രംഗത്തിറക്കി. അതിനിടെ, രാഹുല്‍ ഗാന്ധിയുടെ യാത്രക്ക് തൊട്ടുപിന്നാലെ പ്രിയങ്ക ഗാന്ധിയെ സംസ്ഥാനമൊട്ടുക്കും പര്യടനത്തിനിറക്കാനുള്ള പുറപ്പാടിലാണ് കോണ്‍ഗ്രസ്. അതിര്‍ത്തിയില്‍ നടത്തിയ മിന്നലാക്രമണം ദസറ പ്രഭാഷണത്തില്‍ വിഷയമാക്കിയ മോദി, പേരെടുത്തുപറയാതെ പാകിസ്ഥാനെ വെറുതെവിടില്ളെന്ന് വ്യക്തമാക്കുകയും ചെയ്തു. പാകിസ്താനെതിരായ വികാരം പരമാവധി വോട്ടാക്കാന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീകറെ ഉത്തര്‍പ്രദേശില്‍ പ്രധാന പ്രചാരകനാക്കുമെന്ന് ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്‍െറ പേരില്‍ ഉത്തര്‍പ്രദേശിലുടനീളം പരീകര്‍ക്ക് സ്വീകരണം നല്‍കും. കഴിഞ്ഞ മാസം ആറിന് ആഗ്രയിലും ലഖ്നോയിലും ഉത്തര്‍പ്രദേശ് ബി.ജെ.പി പരീകര്‍ക്ക് സ്വീകരണം നല്‍കിയിരുന്നു.

മിന്നലാക്രമണം തെരഞ്ഞെടുപ്പ് വിഷയമായിരിക്കുമെന്ന് ബി.ജെ.പി വ്യക്തമാക്കിക്കഴിഞ്ഞു. നരേന്ദ്ര മോദി, പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ക്ക് പിറകെ പരീകറായിരിക്കും പാര്‍ട്ടിയുടെ പ്രധാന പ്രചാരകന്‍. ദലിത് വോട്ടുബാങ്കിനൊപ്പം ബ്രാഹ്മണരെ കൂടെ നിര്‍ത്തി അധികാരത്തിലേറിയ മായാവതി ഇത്തവണ ബ്രാഹ്മണരെ കൈയൊഴിഞ്ഞ് മുസ്ലിംകളെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ്. പാര്‍ട്ടിയുടെ മുസ്ലിം മുഖമായ നസീമുദ്ദീന്‍ സിദ്ദീഖിക്ക് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി ഉത്തരവാദിത്തം നല്‍കിയ മായാവതി മുസ്ലിം ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ നസീമുദ്ദീന്‍െറ മകന്‍ അഫ്സല്‍ സിദ്ദീഖിയെ ആറ് ഡിവിഷനുകളില്‍ ‘മുസ്ലിം ഭായ്ചാരാ (സാഹോദര്യ) ഇന്‍ ചാര്‍ജ്’ ആയി നിയമിക്കുകയും ചെയ്തു. മീറത്ത്, സഹാറന്‍പുര്‍, ബറേലി, മുറാദാബാദ്, അലീഗഢ്, ആഗ്ര എന്നീ പ്രധാന ഡിവിഷനുകളാണ് അഫ്സല്‍ സിദ്ദീഖിക്ക് നല്‍കിയത്.

അഫ്സലിനു കീഴിലുള്ള 12 കണ്‍വീനര്‍മാരും 40 വയസ്സിന് താഴെയുള്ള മുസ്ലിം നേതാക്കളാണ്. മുസ്ലിം ഭൂരിപക്ഷ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ക്കിടയില്‍ ഇവര്‍ പ്രവര്‍ത്തിക്കും. ‘മുസ്ലിം ഭായ്ചാര’ക്ക് പുറമെ ദലിത് ഭായ്ചാരയുമുണ്ടാക്കിയ മായാവതി അതിനും ചെറുപ്പക്കാരായ കണ്‍വീനര്‍മാരെ വെച്ചിട്ടുണ്ട്.
മുസഫര്‍നഗര്‍ കലാപം, ദാദ്രി സംഭവം എന്നിവയടക്കം അഞ്ചു വര്‍ഷത്തിനിടയിലുണ്ടായ നൂറിലേറെ വര്‍ഗീയസംഘര്‍ഷങ്ങളെ തുടര്‍ന്ന് സമാജ്വാദി പാര്‍ട്ടിയോട് അതൃപ്തിയിലായ മുസ്ലിം വോട്ടര്‍മാര്‍ തന്നെ പിന്തുണക്കുമെന്നാണ് മായാവതിയുടെ കണക്കുകൂട്ടല്‍. ഞായറാഴ്ച സംഘടിപ്പിച്ച റാലിയില്‍ സമാജ്വാദി പാര്‍ട്ടിക്കും കോണ്‍ഗ്രസിനും വോട്ട് ചെയ്ത് പാഴാക്കാതെ ബി.എസ്.പിയോട് ചേര്‍ന്നുനില്‍ക്കാന്‍ മായാവതി മുസ്ലിംകളോട് ആവശ്യപ്പെട്ടു.

ബ്രാഹ്മണ, കര്‍ഷക വോട്ടുകള്‍ക്കായി രാഹുല്‍ ഗാന്ധിക്കു പിറകേ കോണ്‍ഗ്രസ് പ്രിയങ്ക ഗാന്ധിയെ പര്യടനത്തിനിറക്കും. കോണ്‍ഗ്രസിനോട് വീരാരാധനയുണ്ടായിരുന്ന യു.പിയിലെ പഴയ തലമുറയെ കൂടെ നിര്‍ത്താന്‍ പ്രിയങ്കയുടെ പര്യടനം സഹായിക്കും എന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന നേതൃത്വം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്തുകൂടിയാണ് ഈ തീരുമാനം.

 

Show Full Article
TAGS:up election manohar pareekar soniya gandhi mayavathi 
Next Story