രോഗലക്ഷണങ്ങളില്ല; ഏഴുതവണയും കോവിഡ് പോസിറ്റീവ്
text_fieldsവഡോദര: വഡോദരയിലെ ജയ് പട്നി എന്ന 19കാരൻ ഒരുമാസത്തിലേറെയായി ഐസൊലേഷനിലാണ്. ഏഴുതവണയാണ് കോവിഡ് പരിശോധനക്ക് വിധേനയായത്. ഏഴു തവണയും പോസിറ്റീവ് തന്നെ. എന്നാൽ രോഗലക്ഷണങ്ങൾ ഒന്നും പ്രകടമല്ല.
വഡോദരയിലെ ഹൈ സ്പീഡ് റെയിൽവെ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലാണ് പട്നി. പട്നിയെ കൂടാതെ നിരവധി കോവിഡ് രോഗികളുണ്ട് ഇവിടെ. ഇവരിൽ പലരും രോഗലക്ഷണങ്ങൾ പ്രകടമാകാത്തവരോ, ചെറിയ ലക്ഷണങ്ങൾ മാത്രമോ ഉള്ളവരാണ്.
‘‘ചുമയില്ല, ക്ഷീണമില്ല, തലവേദനപോലുമില്ല. ഓരോ ദിവസം കഴിയും തോറും ആരോഗ്യം കൂടുതൽ മെച്ചപ്പെട്ടതു പോലെയാണ് തോന്നുന്നത്. ഈ വാർഡിൽ ഒന്നും ചെയ്യാനില്ലാത്തതുകൊണ്ട് വെറുതെ ഇടനാഴികളിലൂടെ നടക്കുന്നു. സിനിമ കണ്ടും ഫോണിൽ സംസാരിച്ചും ഗെയിംകളിച്ചും സമയം തള്ളിനീക്കുകയാണ്’’-പട്നി പറയുന്നു. മേയ് 12 ആയാൽ പട്നി നിരീക്ഷണത്തിലായിട്ട് ഒരുമാസം കഴിയും.
ഏപ്രിൽ 12നാണ് പട്നിക്കും മാതാപിതാക്കൾക്കും കോവിഡ് സ്ഥിരീകരിച്ചത്. അയൽപക്കത്തെ കുട്ടി രോഗബാധിതനായി മരിച്ചതിനെ തുടർന്നാണ് അവർ കോവിഡ് പരിശോധനക്കെത്തിയത്. കുട്ടിയുടെ മരണകാരണം കോവിഡാണെന്നാണ് അവർ വിശ്വസിച്ചത്. എന്നാൽ പരിശോധിച്ചപ്പോൾ ഡെങ്കിപ്പനി ആണെന്ന് കണ്ടെത്തുകയായിരുന്നു.
വഡോദരയിലെ എം.എസ് കോളജിലെ ഒന്നാംവർഷ ബിരുദ വിദ്യാർഥിയാണ് പട്നി. വഡോദരയിലെ കോവിഡ് വ്യാപനകേന്ദ്രമായ നഗർവാഡയിലാണ് കുടുംബം കഴിയുന്നത്.
പരിശോധനക്കു ശേഷം മൂവരെയും ഗോത്രി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 ദിവസം പട്നി അവിടെ കഴിഞ്ഞു. 13 ദിവസത്തിനു ശേഷം മാതാപിതാക്കൾക്ക് വീണ്ടും കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റിവായതിനാൽ അവരെ വീട്ടിലേക്ക് വിട്ടു. ഒരാഴ്ച മുമ്പ് പട്നിയെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
‘‘എെൻറ കോവിഡ് പരിശോധന ഫലം കണ്ട് അമ്മ ഒരുപാട് ഭയപ്പെട്ടു. എന്നാൽ എനിക്ക് വലിയ ആകുലതയൊന്നുമില്ല. ഇതിനുമാത്രം പേടിക്കാനെന്തിരിക്കുന്നു’’ -പട്നി ചോദിക്കുന്നു. കോവിഡ് പോസിറ്റീവായിട്ടും എന്തുകൊണ്ട് പട്നി ലക്ഷണങ്ങൾ കാണിക്കുന്നില്ല എന്നതിന് ഡോക്ടർമാർ ഉത്തരംനൽകിയിട്ടില്ല. ചെറിയ ലക്ഷണങ്ങൾ മാത്രം ഉള്ള രോഗികൾക്ക് വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിയാൻ അനുമതിയുണ്ട്. എന്നാൽ ഫലം നെഗറ്റിവാകുന്നതു വരെ വീട്ടിലേക്ക് മടങ്ങാൻ പട്നി തയാറല്ല. താൻ മൂലം മാതാപിതാക്കൾക്കും മറ്റുള്ളവർക്കും രോഗം വരരുതെന്ന നിഷ്കർഷയാണ് അതിനു പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
