കല്യാണ ആഘോഷത്തിനിടെ 14കാരനെ സി.ഐ.എസ്.എഫ് ജവാൻ വെടിവെച്ചുകൊന്നു; ആറായിരം രൂപക്ക് കടയിൽ പണിയെടുക്കുന്ന കുട്ടി
text_fieldsന്യൂഡൽഹി: മാസം ആറായിരം രൂപക്ക് പലചരക്കുകടയിൽ പണിയെടുക്കുന്ന 14കാരനെ സി.ഐ.എസ്.എഫ് ഓഫിസർ വെടിവെച്ചുകൊന്നു. കിഴക്കൻ ഡൽഹിയിലെ ശഹ്ദരാവനിലാണ് സംഭവം.
കടയിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്നു സാഹിൽ. വഴിയിൽ അവന്റെ കൂട്ടുകാരിൽ ചിലർ ഒരു വിവാഹാഘോഷത്തിൽ പങ്കെടുക്കുന്നതു കണ്ട് അവരോടൊപ്പം ചേർന്നു. വിവാഹ ഹാളിൽ പ്രവേശിക്കാറാകുമ്പോൾ മുന്നിൽ നിന്ന് ആരോ നോട്ടുകൾ വാരിയെറിഞ്ഞു. കുട്ടികൾ എല്ലാവരും ഇത് പെറുക്കാനായി തിരക്കുകൂട്ടി. ഇതിനിടെ ഒരാൾ ഷഹീലിനെ പിടികൂടി. മറ്റുള്ള കുട്ടികൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
തന്നെ പിടികൂടിയയാളോട് താൻ വീണുകിടന്ന നോട്ട് എടുത്തതല്ലേയുള്ളൂ എന്ന് പറഞ്ഞതോടെ പ്രകോപിതനായ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ കുട്ടിയെ പലവട്ടംതല്ലി. ഒരു തെറ്റും ചെയ്യാത്ത തന്നെ എന്തിനാണ് തല്ലുന്നതെന്ന് ചോദിച്ചതോടെ ഇയാൾ തോക്ക് വലിച്ചെടുത്ത് കുട്ടിയുടെ തലയിലേക്ക് നിറയൊഴിക്കുകയായിരുന്നു.
ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികമായി ചില പ്രശ്നങ്ങളുള്ളതായി പൊലീസ് സംശയിക്കുന്നു. ഇയാൾ വരന്റെ ബന്ധുവാണ്.
പിതാവ് തളർവാതം വന്ന് കിടപ്പിലായതോടെ കുടുംബം പോറ്റാനാണ് പതിനാലുകാരനായ സാഹിൽ ആറായിരം രൂപക്ക് കടയിൽ പണിയെടുത്തത്. അവന്റെ അമ്മ നിഷ ഒരു ഗ്യാസ്ഗോഡൗണിൽ പണിയെടുക്കുകയാണ്. ഇവർക്ക് മൂന്ന് കുട്ടികൾ കൂടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

