ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് വേട്ട; 14 പേരെ വധിച്ച് സുരക്ഷാ സേന
text_fieldsറായ്പൂർ: ഛത്തിസ്ഗഡിൽ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി 14 മാവോയിസ്റ്റുകളെ വധിച്ചു. തെക്കൻ ഛത്തിസ്ഗഡിലെ സുഖ്മ, ബിജാപൂർ ജില്ലകളിലായാണ് സുരക്ഷാ സേന വൻ മാവോ വേട്ടക്ക് നേതൃത്വം നൽകിയത്. റായ്പൂരിൽ നിന്നും 450കിലോമീറ്റർ അകലെ ബസഗുഖ-താരി വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സുരക്ഷാ സേനയുടെ നേതൃത്വത്തിലായിരുന്നു ഓപറേഷൻ ആരംഭിച്ചത്. സുഖ്മയിൽ നടന്ന ഏറ്റുമുട്ടയിൽ 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടതായി ബസ്തർ ഐ.ജി സുന്ദർരാജ് പട്ടലിംഗം അറിയിച്ചു. രണ്ടു പേരെ ബിജാപൂരിൽ നടന്ന ഏറ്റുമുട്ടലിലും കൊലപ്പെടുത്തി. എ.കെ 47 തോക്കുകൾ ഉൾപ്പെടെ ആയുധങ്ങളും കണ്ടെടടുത്തു.
സുരക്ഷാ സേനാഗംഗങ്ങൾക്ക് ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വനമേഖലയിൽ വിവിധ സേനകളുടെ നേതൃത്വത്തിൽ പരിശോധന തുടരുകയാണ്.
ഈ വർഷത്തെ രാജ്യത്തെ ആദ്യ മാവോയിസ്റ്റ് വേട്ടയാണ് ഛത്തീസ്ഗഡിൽ നടന്നത്. ബസ്തർ ഡിവിഷനിലെ ഏറ്റവും ശക്തമായ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളാണ് സുഖ്മയും ബിജാപൂരും.
2025ൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന മാവോ ഓപറേഷനിൽ 256 പേരെയാണ് ബസ്തർ മേഖലയിൽ മാത്രം വധിച്ചത്. 1650ഓളം പേർ ആയുധം വെച്ച് കീഴടങ്ങി. 2026 മാർച്ച് 31ഓടെ രാജ്യത്തു നിന്നും മാവോയിസ്റ്റുകളെ തുടച്ചു നീക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

